ദാവോസ്: ബാങ്കിങ് സ്വകാര്യതാ നിയമത്തില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്കു സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങുന്നു. സ്വിസ് ബാങ്കുകളുടെ രഹസ്യാത്മകത അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മര്‍ദം ഏറിവരുന്ന സാഹചര്യത്തിലാണിത്.
ഒരു കൂട്ടം പൗരന്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ ഒരുമിച്ച് ആവശ്യപ്പെടാന്‍ വിദേശരാഷ്ട്രങ്ങള്‍ക്കു സൗകര്യമൊരുക്കുന്നവിധമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത്. ഇതുസംബന്ധിച്ച പുതിയ നിയമം ഫിബ്രവരി ഒന്നിന് നിലവില്‍വരും. രാജ്യത്തെ പരമോന്നത ഭരണസമിതിയായ ഫെഡറല്‍ കൗണ്‍സില്‍ നിയമത്തിന് അംഗീകാരം നല്‍കി.
തങ്ങളുമായി ഉഭയകക്ഷി ബാങ്കിങ് വിവരക്കൈമാറ്റക്കരാറുണ്ടാക്കിയ രാജ്യങ്ങള്‍ക്ക് സ്വിസ് അധികൃതര്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിവരുന്നുണ്ട്. ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ഇങ്ങനെയൊരു കരാര്‍ നിലവിലുണ്ട്. എന്നാല്‍, 'ഒരു കൂട്ടമാളുകളുടെ' അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ ഇത്തരം ഉഭയകക്ഷി കരാറുകളില്‍ വ്യവസ്ഥയില്ല.
പുതിയ നിയമം വന്നുകഴിഞ്ഞാലും നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കുവേണ്ടി മാത്രമെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറൂ എന്നു സ്വിസ് അധികൃതര്‍ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലെ ധനാഢ്യര്‍ കണക്കില്‍കവിഞ്ഞും നികുതി വെട്ടിച്ചും സമ്പാദിച്ച പണം സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പതിവുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ കണിശമായ ബാങ്കിങ് സ്വകാര്യതാ വ്യവസ്ഥയുള്ളതാണ് കാരണം.
സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ രഹസ്യസമ്പാദ്യം 250 കോടി ഡോളര്‍ (11,000 കോടിയിലേറെ രൂപ) വരുമെന്നാണ് ഔദ്യോഗിക കണക്ക്. 2010 അവസാനത്തെ കണക്കാണിത്.