TOP STORIES TODAY
  Jan 22, 2013
ബി.ജെ.പി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ആദ്യമായി വോട്ടധികാരമില്ലാതെ കേരളം
കൊച്ചി: ബി.ജെ.പി. ദേശീയ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് 23 ന് പാര്‍ട്ടി ആസ്ഥാനത്ത് നടക്കുമ്പോള്‍ കേരളത്തില്‍ നിന്ന് വോട്ട് ചെയ്യാന്‍ ആരും ഉണ്ടാവില്ല. ആദ്യമായാണ് ദേശീയ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ടിങ് അധികാരം ഇല്ലാതെ കേരളം കളത്തിനു പുറത്ത് കാഴ്ചക്കാരാവുന്നത്. കേരളത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ദേശീയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഉണ്ടാവില്ല. 18 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയാണ് സാധാരണ ദേശീയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാറ്. താരതമ്യേന പ്രശ്‌നങ്ങളില്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇക്കുറി വിഭാഗീയത ശക്തമായതിനാല്‍ കേരളത്തിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ദിവസം കഴിഞ്ഞ് മാസങ്ങളായിട്ടും പൂര്‍ത്തിയാക്കാന്‍ പറ്റിയിട്ടില്ല.

ദേശീയ വൈസ് പ്രസിഡന്‍റ് രാംലാല്‍, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി വി. മുരളീധര റാവു, ദേശീയ സഹ സംഘടനാ സെക്രട്ടറി വി. സതീഷ് എന്നിവര്‍ കേരളത്തില്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടും സംസ്ഥാന പ്രസിഡന്‍റിന്റെ കാര്യത്തില്‍ സമവായത്തിലെത്തിക്കാനായില്ല. ഏറ്റവും ഒടുവില്‍ ജനവരി 15 ന് പ്രസിഡന്‍റിനെ പ്രഖ്യാപിക്കുന്നതിനായി വി. സതീഷ് വീണ്ടും കേരളത്തില്‍ എത്തിയെങ്കിലും ആര്‍. എസ്.എസ്സില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പ്രഖ്യാപനം നടത്താനാവാതെ തിരിച്ചുപോകേണ്ടി വന്നു. നിലവിലുള്ള പ്രസിഡന്‍റ് വി. മുരളീധരനെ വീണ്ടും പ്രസിഡന്‍റാക്കാനുള്ള ദൗത്യവുമായിട്ടായിരുന്നു വി. സതീഷ് അവസാനവട്ടവുമെത്തിയത്. എന്നാല്‍ എളമക്കരയിലെ ആര്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയ അദ്ദേഹത്തിന് അവിടെ നിന്നുള്ള എതിര്‍പ്പുമൂലം തന്റെ തീരുമാനം പ്രഖ്യാപിക്കാനാവാതെ മടങ്ങേണ്ടി വന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളില്‍ ചിലരും വി. മുരളീധരനെ പ്രസിഡന്‍റാക്കുന്നതിലുള്ള ശക്തമായ എതിര്‍പ്പ് വി. സതീഷിനെ അറിയിച്ചിരുന്നു.

വി. മുരളീധരനെതിരെ പി.കെ. കൃഷ്ണദാസിന്‍േറയും എ.എന്‍. രാധാകൃഷ്ണന്‍േറയും പേരുകളാണ് എതിര്‍ചേരി മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെയും ശക്തമായ എതിര്‍പ്പ് മറുചേരിയില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. വി. മുരളീധരന്‍ വിഭാഗം നിലവിലെ ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്റെ പേരും പറഞ്ഞുവെച്ചിട്ടുണ്ട്. സമവായ പേരുകളിലൊന്നായി മഹിളാ മോര്‍ച്ച പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്റെ പേരും സംഘത്തിലെ ചിലര്‍ നേതാക്കളുടെ മുന്നില്‍ വെച്ചിട്ടുണ്ട്. ബി.ജെ.പി.യുടെ ആദ്യത്തെ വനിത അധ്യക്ഷ എന്നതാണ് ശോഭയുടെ പേരിനുള്ള പ്രത്യേകത. എന്നാല്‍ ഇരു ചേരികളിലേയും ചില മുതിര്‍ന്ന നേതാക്കള്‍ ഇതില്‍ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്നുള്ള ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും വി. മുരളീധരന്റെ പേരില്‍ത്തന്നെ ദേശീയ നേതൃത്വം വിടാതെ നില്‍ക്കുകയാണ്.

ദേശീയ പ്രസിഡന്‍റായി നിതിന്‍ ഗഡ്കരി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നതിനാല്‍ കേരളത്തില്‍ നിന്ന് വോട്ട് ചെയ്യാന്‍ ആളില്ലെങ്കിലും കുഴപ്പമില്ലെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. 20 ദേശീയ കൗണ്‍സില്‍ അംഗങ്ങളും സംസ്ഥാന പ്രസിഡന്‍റുമാണ് കേരളത്തില്‍ നിന്ന് ദേശീയ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ദേശീയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്താല്‍ വൈകാതെ കേരള കാര്യത്തിലും ഒരു പ്രഖ്യാപനം വരുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
Other News in this section
മറഞ്ഞ നടപ്പന്തലില്‍ മറയാതെ എമ്പ്രാന്തിരിയുടെ ഓര്‍മ
കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന നടപ്പന്തലിന് പിന്നില്‍ ദൂരങ്ങള്‍ താണ്ടിയെത്തിയ ഭക്തന്റെ നിഷ്‌കാമ പ്രവൃത്തിയുടെ കഥയുണ്ട്. ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിനടുത്ത് ഭദ്രകുലം അഗ്രഹാരത്തിലെ പരമേശ്വരന്‍ എമ്പ്രാന്തിരി സ്വപ്രയത്‌നത്താല്‍ നിര്‍മ്മിച്ച നടപ്പന്തലാണ് ഓര്‍മ്മയായത്. അഞ്ചുപതിറ്റാണ്ടിലേറെയായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ..
സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം
മുഖ്യമന്ത്രിയുടെ വാക്കിന്റെ വെളിച്ചത്തില്‍ മണി ഐ.ഐ.ടി.യിലേക്ക് പുറപ്പെട്ടു
എം.എല്‍.എ ഹോസ്റ്റലില്‍ ആര്‍ക്കും പാര്‍ക്കാം ഗസ്റ്റ്ഹൗസുകളില്‍ അനാശാസ്യം വരെ
ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസ് സൈ്വപ്പിങ് മെഷീനുകളില്‍ പടരുന്നു

Latest news