ഈജിപ്തില്‍ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം

Published on  23 Dec 2012
കെയ്‌റോ: ഈജിപ്തില്‍ ഹിതപരിശോധനയില്‍ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. തിങ്കളാഴ്ചയേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ. അതിനുശേഷം മൂന്നുമാസത്തിനകം പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും.

അവസാനഘട്ടം വോട്ടെടുപ്പില്‍ 63 ശതമാനം പേര്‍ ഭരണഘടനയ്ക്കനുകൂലമായി വോട്ട് ചെയ്തുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 15ന് നടന്ന ആദ്യഘട്ട ഹിതപരിശോധനയില്‍ 57 ശതമാനം പേര്‍ ഭരണഘടനയ്ക്കനുകൂലമായി വോട്ട് ചെയ്തിരുന്നു. അവസാന ഘട്ടം വോട്ടെടുപ്പ് ശനിയാഴ്ചയാണ് പൂര്‍ത്തിയായത്.

ജൂണില്‍ അധികാരമേറ്റ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ജനാധിപത്യത്തിലേക്കുള്ള ആദ്യപടിയായാണ് ഭരണഘടനയെ വിശേഷിപ്പിക്കുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസൃതമായുള്ള ഭരണഘടന അംഗീകരിക്കാനാവില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്.

അനുകൂലമായ ഹിതപരിശോധനാഫലം ഭരണഘടനയ്ക്കുള്ള അംഗീകാരമായാണ് രാജ്യത്തെ ഭരണകക്ഷിയായ മുസ്‌ലിം ബ്രദര്‍ഹുഡ് വിലയിരുത്തുന്നത്.