അഗര്‍ത്തല: ത്രിപുരയിലെ നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ നേതാക്കളിലൊരാളുള്‍പ്പടെ പതിനൊന്ന് അനുയായികള്‍ പോലീസിന് മുമ്പാകെ കീഴടങ്ങി.
2002-ല്‍ ഹിരാപ്പൂരില്‍ 21 സൈനികരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരനായ സുരന്‍ ദെബാമയാണ് കീഴടങ്ങിയവരില്‍ പ്രമുഖന്‍. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. അതിര്‍ത്തി പ്രദേശമായ കര്‍ബൂക്കിലാണ് ഇവര്‍ കീഴടങ്ങിയത്.
നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെയും മറ്റൊരു നിരോധിത സംഘടനയായ ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്‌സിന്റെയും സിരാകേന്ദ്രം ബംഗ്ലാദേശിലാണ്. അതിര്‍ത്തികടന്ന് ബംഗ്ലാദേശിലെത്തി തീവ്രവാദ പരിശീലനത്തിലേര്‍പ്പെട്ട ശേഷമാണ് സംഘാംഗങ്ങള്‍ ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്.