ന്യൂഡല്‍ഹി: ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ നില അതീവഗുരുതരമായതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. സഫ്ദര്‍ജങ് ആസ്പത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബി.ഡി അധാനിയാണ് ഇക്കാര്യം അറിയിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ശനിയാഴ്ച മെച്ചപ്പെട്ടിരുന്നു. ഭയമൊന്നും കൂടാതെ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് യുവതി മൊഴി നല്‍കി. തുടര്‍ന്ന് അവര്‍ പഴച്ചാറ് കഴിക്കുകയും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വെന്റിലേറ്റര്‍ താത്കാലികമായി നീക്കിയത്. എന്നാല്‍ ഞായറാഴ്ച വീണ്ടും ആരോഗ്യസ്ഥിതി മോശമായി.
കൂട്ടുകാരനൊപ്പം ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതേകാലിനും പത്തുമണിക്കും ഇടയ്ക്കാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പാരാമെഡിക്കല്‍ കോഴ്‌സിന് പഠിക്കുന്ന 23കാരി ഡല്‍ഹിയില്‍ ഇന്‍േറണ്‍ഷിപ്പിനെത്തിയതായിരുന്നു. തെക്കന്‍ ഡല്‍ഹിയിലെ മൂനീര്‍ക്കയില്‍ നിന്ന് വൈറ്റ്‌ലൈന്‍ ബസ്സില്‍ ദ്വാരകയിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. എന്‍ജിനീയറായി ജോലി ചെയ്യുന്ന സൃഹൃത്തിനോടൊപ്പമായിരുന്നു യാത്ര.
സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററില്‍ സിനിമകണ്ടതിനുശേഷം പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒപ്പം പോയതായിരുന്നു സുഹൃത്ത്. ഇതിനിടെ ബസ്സിലുണ്ടായിരുന്നവര്‍ വിദ്യാര്‍ഥിനിയെ ശല്യംചെയ്യാന്‍ തുടങ്ങി. എതിര്‍ക്കാന്‍ ശ്രമിച്ച സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടമായി ബലാത്സംഗം ചെയ്തത്. ഇരുവരെയും പിന്നീട് മഹിപാല്‍പുര്‍ മേല്‍പ്പാലത്തിനുസമീപം തള്ളിയിടുകയായിരുന്നു.