LATEST NEWS
  Dec 23, 2012
ഹിമാചല്‍ മുഖ്യമന്ത്രി: വീരഭദ്ര സിങിന് ആറാമൂഴം


ഷിംല: ഹിമാചല്‍ പ്രദേശില്‍ വീരഭദ്രസിങ് വീണ്ടും മുഖ്യമന്ത്രിയാകും. ഇത് ആറാം തവണയാണ് വീരഭദ്ര സിങ് സംസ്ഥാനത്തിന്റെ സാരഥ്യമേല്‍ക്കുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയാണ് വീരഭദ്ര സിങ്ങിനെ നിയസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത വിവരം ഷിംലയില്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗവും വീരഭദ്ര സിങ്ങിന്റെ പേര് തന്നെയാണ് നിര്‍ദേശിച്ചത്. ഡിസംബര്‍ 25 ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷി യോഗം പിരിയുകയായിരുന്നു. അതുസംബന്ധിച്ച പ്രമേയം നിയുക്ത മുഖ്യമന്ത്രി വീരഭദ്ര സിങാണ് അവതരിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ വിദ്യാ സ്റ്റോക്‌സും കൗള്‍ സിങും പ്രമേയത്തെ പിന്താങ്ങി.

1934 ജൂണ്‍ 23-ന് ഷിംലയിലെ രജപുത്രകുടുംബത്തില്‍ ജനിച്ച വീരഭദ്രസിങ്, രാജാവായാണ് ഭരണം തുടങ്ങിയത്. പതിമൂന്നാം വയസ്സില്‍, അച്ഛന്‍ പദംസിങ്ങിന്റെ പിന്‍ഗാമിയായി ബുഷഹര്‍ നാട്ടുരാജ്യത്തിന്റെ അധിപനായി. 1961-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കെത്തിയത്. തൊട്ടടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ മഹസു മണ്ഡലത്തില്‍നിന്ന് ജയിച്ച് ലോക്‌സഭയിലെത്തി. 1967-ലും '72-ലും വിജയമാവര്‍ത്തിച്ചു. 1980-ല്‍ മണ്ഡി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. 2009-ലും ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. മൂന്നുതവണ കേന്ദ്രമന്ത്രിയായി.

1976, '77ല്‍ വിനോദസഞ്ചാര, വ്യോമയാന സഹമന്ത്രി. 1980-'83ല്‍ വ്യവസായവകുപ്പ് സഹമന്ത്രി, 2009 മെയ് മുതല്‍ 2011 ജനവരി വരെ ഉരുക്കുമന്ത്രി. 2012 ജൂണില്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് രാജിവെക്കും വരെ ചെറുകിട വ്യവസായ മന്ത്രി എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചു.

ദേശീയ രാഷ്ട്രീയത്തിനൊപ്പം സംസ്ഥാനരാഷ്ട്രീയത്തിലും ശ്രദ്ധവെച്ച അദ്ദേഹം ഏഴുതവണ നിയമസഭാംഗമായി. 1983-ലെ ഉപതിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ തന്നെ ജയം. '85, '90, '93, '98, 2003 വര്‍ഷങ്ങളിലും ജയിച്ചു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്, സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വീരഭദ്ര സിങ്, 2012 ജൂലായില്‍ എല്ലാ സുപ്രധാനസ്ഥാനങ്ങളും ഒഴിഞ്ഞശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

Latest news