LATEST NEWS
  Dec 23, 2012
ഡല്‍ഹി യുദ്ധക്കളം


ന്യൂഡല്‍ഹി: ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നീതിയാവശ്യപ്പെട്ട് യുവജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം ഡല്‍ഹിയെ രണ്ടാംദിവസവും യുദ്ധക്കളമാക്കി. ഇന്ത്യാഗേറ്റിനു സമീപത്തേക്കും ജന്തര്‍മന്തറിലേക്കുക്കും പ്രതിഷേധവുമായി എത്തിയവരെ തുരത്താന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചതാണ് പ്രശ്‌നം വഷളാക്കിയത്. അക്രമാസക്തമായ ജനക്കൂട്ടം ഇന്ത്യാഗേറ്റിനരികില്‍ പോലീസിനുനേരെ രൂക്ഷമായ കല്ലേറുനടത്തി. കല്ലേറില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണീര്‍വാതകപ്രയോഗത്തിലും ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും 100 ലേറെ പ്രതിഷേധക്കാര്‍ക്കും നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇതിനിടെ മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ട്. കല്ലേറില്‍ പരിക്കേറ്റ കോണ്‍സ്റ്റബിള്‍ സുഭാഷ് തോമറിന്റെ നില ഗുരുതരമാണെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
അതിനിടെ, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ അനുനയിപ്പിക്കാനും പ്രശ്‌നപരിഹാരത്തിനുമായി, സരമത്തില്‍ പങ്കെടുക്കുന്നവരുടെ അഞ്ചു പ്രതിനിധികളുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി.

ഡല്‍ഹിയിലെ കൊടുംതണുപ്പ് വകവെയ്ക്കാതെയാണ് രണ്ടാംദിവസവും യുവാക്കള്‍ പ്രതിഷേധവുമായി അണിനിരക്കുന്നത്. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സമരത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയാന്‍ വിജയ് ചൗക്കിന് സമീപത്തെ ഏഴ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. പട്ടേല്‍ ചൗക്ക്, ഉദ്യോഗ്ഭവന്‍, റേസ്‌കോഴ്‌സ്, ബരകാമ്പ, മാന്‍ഡി ഹൗസ്, ഖാന്‍മാര്‍ക്കറ്റ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്.ഈ സ്‌റ്റേഷനുകളുടെ പ്രവേശനകവാടവും യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്ന കവാടവും അടച്ചതിനാല്‍ ഇവിടെയിറങ്ങുന്ന യാത്രക്കാര്‍ക്ക് ട്രെയിന്‍ മാറിക്കയറാന്‍ മാത്രമേ അനുവാദമുള്ളൂ. വിജയ് ചൗക്കില്‍ നിന്നും സമരക്കാരെ ഇന്നലെ രാത്രി ബസ്സില്‍ അവിടെനിന്ന് മാറ്റിയിരുന്നു. വിജയ് ചൗക്കിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

ന്യൂഡല്‍ഹിയില്‍ 144 നടപ്പിലാക്കുക വഴി ഭരണകൂടം ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന്, ആം ആദ്മി പാര്‍ട്ടി നേതാവും പ്രമുഖ അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അരവിന്ദ് കെജരിവാള്‍ കുറ്റപ്പെടുത്തി. ഇത് ഇതുവരെയില്ലാത്ത നടപടിയാണെന്നും, സര്‍ക്കാര്‍ ജനങ്ങളെ ഭയക്കുകയാണെന്നും കെജരിവാള്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അപ്‌ഡേറ്റില്‍ പറഞ്ഞു.

യുവതിക്ക് നീതിയാവശ്യപ്പെട്ട് ശനിയാഴ്ച തലസ്ഥാന നഗരിയില്‍ യുവജനങ്ങള്‍ നടത്തിയ പ്രക്ഷോഭത്തെ തളര്‍ത്താന്‍ പോലീസിന്റെ ജലപീരങ്കികള്‍ക്ക്, കണ്ണീര്‍വാതക പ്രയോഗത്തിനോ കഴിഞ്ഞിരുന്നില്ല. ഇന്ത്യാ ഗേറ്റില്‍നിന്ന് രാഷ്ട്രപതിഭവനിലേക്കു നീങ്ങിയ യുവാക്കളുടെ വന്‍നിരയും പോലീസും പലതവണ ഏറ്റുമുട്ടി. ശനിയാഴ്ച രാവിലെ മുതല്‍ ആരുടെയും പ്രേരണയില്ലാതെ സ്വന്തംനിലയ്ക്ക് ഒഴുകിയ ആയിരങ്ങളെ പിരിച്ചുവിടാന്‍ പോലീസിന് വൈകിട്ട് ശക്തമായ ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്ന റെയ്‌സിനകുന്നായിരുന്നു സമരകേന്ദ്രം. യുവതിയെ കൂട്ടബലാത്സംഗം ചെയ്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പ്രതീകാത്മകമായി കുറ്റവാളികളുടെ കോലം തൂക്കിലേറ്റി. സമരക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെ ഭരണസിരാകേന്ദ്രമായ വിജയ്ചൗക്കും പരിസരവും യുദ്ധക്കളമായി. ലാത്തിച്ചാര്‍ജില്‍ എഴുപതോളംപേര്‍ക്ക് പരിക്കേറ്റു. പൂച്ചട്ടികളും മറ്റും തകര്‍ത്ത ആറ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു.

റിപ്പബ്ലിക്ക്ദിന പരേഡ് നടക്കുന്ന, ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതിഭവന്‍ വരെ നീളുന്ന രാജ്പഥില്‍ സമരക്കാര്‍ തിങ്ങിനിരഞ്ഞു. രോഷാകുലരായി ഉറക്കെ മുദ്രാവാക്യം വിളിച്ച് രാഷ്ട്രപതി ഭവനുനേരെ നീങ്ങിയ അവര്‍ പലതവണ പോലീസിന്റെ വേലി തകര്‍ക്കാന്‍ ശ്രമിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ഡല്‍ഹി പോലീസിനും കേന്ദ്ര സര്‍ക്കാറിനുമെതിരെയായിരുന്നു മുദ്രാവാക്യങ്ങളിലേറെയും.

 

Latest news

Ad