കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) എം.ഡിയാകാനില്ലെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കി. ടെന്‍ഡര്‍ നടപടികളെല്ലാം ഡി.എം.ആര്‍.സിയാകും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം നോര്‍ത്ത് മേല്‍പ്പാലം നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
സാങ്കേതികവൈദഗ്ധ്യത്തില്‍ ഉപദേശം, പദ്ധതിയുടെ മേല്‍നോട്ടം തുടങ്ങിയ ചുമതലകളില്‍ ഒതുങ്ങുന്നതായിരിക്കും കൊച്ചിയില്‍ ഡി.എം.ആര്‍.സി.യുടെ പങ്കാളിത്തം എന്നാണ് സൂചന. പദ്ധതി നിര്‍വഹണത്തില്‍ ഡി.എം.ആര്‍.സി.യും കെ.എം.ആര്‍.എല്ലും എന്തൊക്കെ ചുമതലകള്‍ വഹിക്കണമെന്ന കാര്യം പ്രത്യേക സമിതി തീരുമാനിക്കും.
ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് പുറമെ ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടറും സമിതിയിലുണ്ടാവും.
സമിതിക്ക് ചുമതലാ വ്യവസ്ഥകള്‍ നിശ്ചയിക്കാനുള്ളതിനാല്‍ അടുത്ത ചൊവ്വാഴ്ച ചേരാനിരുന്ന ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം മാറ്റിയിട്ടുണ്ട്. യോഗത്തിനുമുമ്പായി സമിതി ചുമതലാ വ്യവസ്ഥകള്‍ നിശ്ചയിക്കും. എങ്കില്‍ മാത്രമേ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.
വീഡിയോ കാണുക