തിരുവനന്തപുരം: ബിനാലെയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപ വിനിയോഗിച്ചതില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അതിനെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് വ്യക്തമായതെന്ന് സംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ബിനാലെയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാണ് പരിശോധനാ വിഭാഗത്തിന്റെ ശിപാര്‍ശ. എന്നാല്‍, ഒരു സാംസ്‌കാരിക പരിപാടിയായതിനാല്‍ അത് ചെയ്യുന്നില്ല.
പൊതുട്രസ്റ്റായതിനാല്‍ ഇവര്‍ക്ക് നല്‍കിയ പണത്തിന്റെ വിനിയോഗം സൂക്ഷ്മപരിശോധന നടത്തേണ്ടതില്ലെന്ന നിലപാടാണ് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അതാണ് ക്രമക്കേടിന് കാരണം. അന്നത്തെ സാംസ്‌കാരിക മന്ത്രിയാണ് ഇതിന് കൂടുതല്‍ താല്പര്യമെടുത്തതെന്നും കെ.സി. ജോസഫ് കുറ്റപ്പെടുത്തി.
ബിനാലെയ്ക്ക് ഇനി പണം നല്‍കില്ല. ദര്‍ബാര്‍ഹാള്‍ വാടകയില്ലാതെ നാലുമാസത്തേക്ക് അനുവദിക്കാമെന്ന മുന്‍ സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കുകയും ചെയ്യും.