തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട്

Published on  28 Nov 2012
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രായപൂര്‍ത്തിയായ പ്രവാസികള്‍ക്കും വോട്ടവകാശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ പട്ടികയില്‍ പ്രവാസികളെ ഉള്‍പ്പെടുത്താനും ധാരണയായി.

പഞ്ചായത്തീരാജ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പു നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തി തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്കു വോട്ടവകാശം നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ സര്‍ക്കാരിനോടു നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദ്ദേശം അനുസരിച്ചാണ് പുതിയ തീരുമാനം.

ഇതോടെ 30 ലക്ഷത്തിലധികം വരുന്ന വിദേശമലയാളികള്‍ക്കും വോട്ട് ചെയ്യാം. ഇവരില്‍ എഴുപതു ശതമാനത്തിലധികവും ഗള്‍ഫ് രാജ്യങ്ങളിലാണ്.

വോട്ടവകാശം വേണമെന്ന പ്രവാസികളുടെ നിരന്തര അഭ്യര്‍ത്ഥനയെ മാനിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.