കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ എം.എം മണിയെ ചോദ്യം ചെയ്യലില്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് നാലര മണിക്കൂറിനകം പൊലീസ് കോടതിയില്‍ തിരിച്ച് ഹാജരാക്കി. മണിയെ പിന്നീട് പീരുമേട് സബ് ജയിലിലേക്കു തന്നെ മാറ്റി. വെള്ളിയാഴ്ച വരെ പൊലീസിന് മണിയെ കസ്റ്റഡിയില്‍ വെക്കാമായിരുന്നെങ്കിലും നെടുംകണ്ടം ഗസ്റ്റ് ഹൗസില്‍ നടന്ന ചോദ്യം ചെയ്യലിനോട് മണി സഹകരിച്ചില്ല.
കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളില്‍നിന്നും മണി ഒഴിഞ്ഞുമാറുകയായിരുന്നു. മുന്‍ മൊഴികളിലെ വൈരുദ്ധ്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അക്കാര്യങ്ങള്‍ ഓര്‍മ്മയില്ലെന്നായിരുന്നു മണിയുടെ മറുപടി.
ചോദ്യം ചെയ്യലില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യത്തില്‍ മണിയുടെ ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വയ്‌ക്കേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മേലെചെമ്മണ്ണാര്‍ അഞ്ചേരിബേബിയെ വധിച്ച കേസുമായി ബന്ധപ്പെട്ടാണ് മണിയെ അറസ്റ്റ് ചെയ്തത്. നവംബര്‍ 21-ന് പുലര്‍ച്ചെ 5.40ന് കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റുചെയ്തത്. സംഭവം നടന്ന് മുപ്പതുവര്‍ഷത്തിനുശേഷമാണ് ഈ അറസ്റ്റ്.
രാവിലെ ഏഴുമണിക്ക് നെടുങ്കണ്ടം സി.ഐ.ഓഫീസിലെത്തിച്ച മണിയെ രാവിലെ ഒന്‍പതിന് നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് മണിയെ ഡിസംബര്‍ നാലുവരെ കോടതി റിമാന്‍ഡ് ചെയ്ത് പീരുമേട് സബ്ജയിലിലേക്കയച്ചു. ഇതിനിടെ എം.എം.മണി നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി.
ഓപ്പറേഷന്‍ 'റിങ്‌ടോണ്‍' എന്ന് പേരിട്ട് തികച്ചും നാടകീയമായിട്ടാണ് മണിയെ അറസ്റ്റുചെയ്തത്. നുണപരിശോധനയ്ക്ക് ഹാജരാകില്ല എന്നറിഞ്ഞശേഷം നവംബര്‍ 15 മുതലാണ് ഐ.ജി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിയെ അറസ്റ്റുചെയ്യാനുള്ള നീക്കം നടത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തി ഇരുനൂറോളം പോലീസുകാരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. മണിയെ അറസ്റ്റുചെയ്യുന്നതിനുള്ള നീക്കം സമീപപ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍പ്പോലും അറിയിച്ചിരുന്നില്ല.