മുംബൈ: ഫേസ്ബുക്കിലെ കുറിപ്പിനെത്തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ രണ്ടു പോലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പാല്‍ഘറില്‍ ശിവസേനയുടെ ബന്ദ്. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്.
താനെ റൂറല്‍ എസ്.പി. രവീന്ദ്ര സെന്‍ഗാവ്ങ്കര്‍, മുതിര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് പിംഗ്‌ളെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബന്ദ് പൂര്‍ണമാണ്.
അതിനിടെ പെണ്‍കുട്ടികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ ബോംബെ ഹൈക്കോടതി സ്ഥലംമാറ്റിയിട്ടുണ്ട്. ഇതിനെതിരെ പാല്‍ഘര്‍ ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധപ്രകടനം നടത്താനാണ് അസോസിയേഷന്റെ തീരുമാനം.
നവംബര്‍ 19 നാണ് വിവാദമായ ഫേസ്ബുക്ക് പരാമര്‍ശമുണ്ടായത്. താക്കറെയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ നടത്തിയ ബന്ദിനെതിരെ ഷഹീന്‍ ദാദ എന്ന പെണ്‍കുട്ടി കുറിപ്പെഴുതുകയും കൂട്ടുകാരിയും മലയാളിയുമായ രേണു ശ്രീനിവാസന്‍ അത് ലൈക്ക് ചെയ്യുകയും ചെയ്തതാണ് ശിവസേനക്കാരെ പ്രകോപിപ്പിച്ചത്.
ശിവസേനയുടെ പ്രാദേശികനേതാവിന്റെ പരാതിയെത്തുടര്‍ന്ന് ഇവരെ പാല്‍ഘര്‍ പോലീസ് അറസ്റ്റുചെയ്യുകയും സ്റ്റേഷനില്‍ പാര്‍പ്പിക്കുകയും ചെയ്തത് വലിയ വിവാദമുയര്‍ത്തി. 15,000 രൂപയുടെ വീതം ജാമ്യത്തിലാണ് ഇവരെ പിന്നീട് വിട്ടയച്ചത്.