തൃശ്ശൂര്‍ റൗണ്ടില്‍ ബൈക്കില്‍ ബസ്സിടിച്ച് യുവതി മരിച്ചു

Published on  28 Nov 2012
തൃശ്ശൂര്‍: സ്വരാജ് റൗണ്ടില്‍ നായ്ക്കനാലില്‍ അമിതവേഗത്തില്‍ വന്ന ബസ് ബൈക്കിലിടിച്ച് ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതി മരിച്ചു. മണ്ണത്ത് ലെയിനില്‍ ഉഷാ നിവാസില്‍ രാജേഷിന്റെ ഭാര്യ അനിത (30)യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 9.40 ഓടെയായിരുന്നു അപകടം. ചേര്‍പ്പ് റൂട്ടില്‍ ഓടുന്ന വടക്കുംനാഥന്‍ ബസ്സാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചത്. ബൈക്ക് ഓടിച്ച രാജേഷിന് കൈയ്ക്കും കാലിനും പരിക്കുണ്ട്. രണ്ടാം ക്ലാസുകാരനായ മകനെ സ്‌കൂളില്‍ വിട്ട് ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴായിരുന്നു അപകടം. റോഡില്‍ ചോരയില്‍ കുളിച്ചു കിടന്ന അനിതയെ നാട്ടുകാരും മറ്റുയാത്രക്കാരും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടമുണ്ടാക്കിയ ബസ്സിലെ ഡ്രൈവറും മറ്റു ജീവനക്കാരും ഓടി രക്ഷപ്പെട്ടു. ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് ബസ് മാറ്റിയത്. മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിച്ചു. ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രാഹുല്‍ (7) ഏകമകനാണ്.
Other News in this section
എഴുത്തുകാരി സുമംഗലയുടെ ഭര്‍ത്താവ് ഡി.എ. നമ്പൂതിരിപ്പാട്‌

വടക്കാഞ്ചേരി: കുമരനെല്ലൂര്‍ ദേശമംഗലം മനയില്‍ ഡി.എ. നമ്പൂതിരിപ്പാട് (89) അന്തരിച്ചു. ഭാര്യ: ബാലസാഹിത്യകാരി സുമംഗല (ലീല നമ്പൂതിരിപ്പാട്). മക്കള്‍: ഡോ. ഉഷാ നമ്പൂതിരിപ്പാട് (കേരള സര്‍വ്വകലാശാല), നാരായണന്‍ (റിട്ട. ഓഫീസര്‍ പി.എന്‍.ബി.), അഷ്ടമൂര്‍ത്തി (എസ്.ബി.ടി. ഓഫീസര്‍, കോഴിക്കോട്). മരുമക്കള്‍: ഡോ. നീലകണ്ഠന്‍ (റിട്ട. പ്രൊഫസര്‍, ചിത്ര മെഡിക്കല്‍ സെന്‍റര്‍, തിരുവനന്തപുരം), ഉഷ (വൈദ്യരത്‌നം), ..

Latest news