സ്വന്തം വീടിന് തറകീറുന്നതിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു

Published on  28 Nov 2012
വളാഞ്ചേരി: സ്വന്തം വീട് നിര്‍മിക്കുന്നതിനുള്ള തറകീറുന്നതിനിടെ ഭാര്യക്കും കുഞ്ഞിനും മുന്നില്‍ യുവാവ് മണ്ണിടിഞ്ഞ് മരിച്ചു. ഇരിമ്പിളിയം വട്ടപ്പറമ്പ് കരുവാട്ടില്‍ ഖാദറിന്റെയും നഫീസയുടെയും മകന്‍ അന്‍വറാണ്(28) മരിച്ചത്. ചൊവ്വാഴ്ച സന്ധ്യക്ക് ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലായിരുന്നു അപകടം.

മുമ്പ് ചെങ്കല്ല് ക്വാറിയായിരുന്ന സ്ഥലം മണ്ണിട്ട് നികത്തിയയിടത്താണ് വീടുവെക്കാന്‍ തറകീറിയത്. ഇതിനിടെ രണ്ടാള്‍ ഉയരത്തില്‍നിന്ന് പൊടുന്നനെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരും അയല്‍വാസികളും മണ്ണിനടിയില്‍നിന്ന് അന്‍വറിനെ പുറത്തെടുത്ത് വളാഞ്ചേരി നിസാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വളാഞ്ചേരി നടക്കാവില്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പതിവിലും കൂടുതല്‍ ആഴത്തില്‍ തറകെട്ടാന്‍ കുഴിയെടുത്തതാണ് അപകടകാരണം. ഓട്ടോറിക്ഷാ ഡ്രൈവറായ അന്‍വര്‍ സന്ധ്യക്ക് സ്ഥലത്തെത്തി പണിചെയ്യുന്നതിനിടയിലാണ് അപകടം. നുസൈബയാണ് അന്‍വറിന്റെ ഭാര്യ. മക്കള്‍: ഫിത ഫാത്തിമ (അഞ്ച്), ഹര്‍ഷാദ് അഹമ്മദ് (ആറുമാസം). സഹോദരങ്ങള്‍: സക്കീര്‍ ഹുസൈന്‍, അന്‍സാര്‍, ഫൗസിയ, നൂര്‍ജഹാന്‍, മൈമൂന.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Latest news