
ഓമല്ലൂര്‍(പത്തനംതിട്ട): സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ജീപ്പ് പാഞ്ഞുകയറി വിദ്യാര്‍ഥിനിയും മറ്റൊരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവുമടക്കം രണ്ടുപേര്‍ മരിച്ചു. രണ്ടുവിദ്യാര്‍ഥികള്‍ക്ക്പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ജീപ്പില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
പത്തനംതിട്ടയ്ക്ക് സമീപം ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി, മഞ്ഞിനിക്കര ശിവപ്രിയയില്‍ വിനു വിക്രമന്റെ മകള്‍ മൈഥിലി(11), മഞ്ഞിനിക്കര പൗവത്ത് മോടിയില്‍ അശോകന്റെ ഭാര്യ ലത(30) എന്നിവരാണ് മരിച്ചത്. ലതയുടെ മകളും ആര്യഭാരതി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയുമായ അശ്വതി(11)ക്ക് ഗുരുതരമായി പരിക്കേറ്റു. അശ്വതിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആര്യഭാരതി സ്‌കൂളിലെതന്നെ ആറാംക്ലാസ് വിദ്യാര്‍ഥി സിജോ(11) പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകീട്ട് 4.30ന് ഓമല്ലൂര്‍-മുറിപ്പാറ റോഡില്‍ ആര്യഭാരതി സ്‌കൂളിനുസമീപമായിരുന്നു അപകടം. മൈഥിലിയും അശ്വതിയും അശ്വതിയുടെ അമ്മ ലതയും വീട്ടിലേക്ക് മടങ്ങുമ്പോള്‍ അമിത വേഗത്തില്‍ വന്ന ജീപ്പ് ഹമ്പ് ചാടി നിയന്ത്രണംവിട്ട് പാഞ്ഞുകയറുകയായിരുന്നു.
മൈഥിലി സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നു. ഇവരെയെല്ലാം ഇടിച്ചശേഷം ജീപ്പ് സമീപത്തെ പുരയിടത്തിലേക്ക് വീണു. മരവും മതിലും തകര്‍ന്നു. ഇവിടെ വീടിന്റെ ഭിത്തിയിലിടിച്ചാണ് നിന്നത്. മൈഥിലി അല്പനേരം ജീപ്പിന്റെ ബോണറ്റില്‍ കുടുങ്ങിക്കിടന്നു.
അപകടസ്ഥലത്തുനിന്ന് 30 മീറ്ററോളം അകലെയാണ് പരിക്കേറ്റവര്‍ തെറിച്ചുകിടന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
മൈഥിലിയെയും ലതയെയും പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍.
സംഭവസ്ഥലത്തുനിന്ന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ജീപ്പ് ഓടിച്ചിരുന്ന ആറന്മുള മങ്ങാട്ടുമലയില്‍ പാസ്റ്റര്‍ ടി.ജോര്‍ജ്(62), എരുമക്കാട് ബഥനിയില്‍ പാസ്റ്റര്‍ ജോര്‍ജ് (62) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്.