
ന്യൂഡല്‍ഹി: പുതുക്കിയ മരുന്നുനയം രണ്ടാഴ്ചയ്ക്കകം വിജ്ഞാപനംചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശംനല്‍കി. ജീവന്‍രക്ഷാമരുന്നുകളുടെ പുതുക്കിയ വില നിര്‍ണയരീതി കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ജി. എസ്. സിങ്‌വി അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
മന്ത്രിസഭാ യോഗതീരുമാനത്തിന്റെ മിനുട്‌സ് ലഭിക്കുന്നമുറയ്ക്ക് വിശദവിവരങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മരുന്നുവില തീരുമാനിക്കേണ്ടത് സര്‍ക്കാറാണ് എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കോടതി പറഞ്ഞശേഷംമാത്രമാണ് സര്‍ക്കാര്‍ അക്കാര്യം നിര്‍വഹിക്കുന്നതെന്ന് ജസ്റ്റിസ് സിങ്‌വി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ സര്‍ക്കാര്‍ചെയ്തത് നല്ലകാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവന്‍രക്ഷാമരുന്നുകളുടെ വിലനിയന്ത്രണ സംവിധാനത്തില്‍ മാറ്റംവരുത്താന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനമാണ് മന്ത്രിസഭ അംഗീകരിച്ചത്. വിലനിര്‍ണയരീതിയില്‍ മാറ്റം വരുത്തരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കാര്‍ അത് മാറ്റിയത്.
ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ വില നിര്‍ണയിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിനുപകരം, കമ്പോളത്തില്‍ വില്‍ക്കുന്ന എല്ലാ ബ്രാന്‍ഡഡ് മരുന്നുകളുടെയും ശരാശരി വിലയുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കാനാണ് മന്ത്രിസഭാ ഉപസമിതി തീരുമാനം. കമ്പോളത്തില്‍ ഒരു ശതമാനത്തിലധികം വില്‍ക്കുന്ന മരുന്നിന്റെ ശരാശരിയെടുക്കാനാണ് നേരത്തേയുണ്ടായ നിര്‍ദ്ദേശം. ഇത് ജീവന്‍രക്ഷാമരുന്നുകളുടെ വില കുത്തനെ ഉയര്‍ത്തുമെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ചെറിയ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പത്തുശതമാനത്തിലധികം വില കൂട്ടുന്നതിന് മരുന്നുവില നിര്‍ണയ അതോറിറ്റിയുടെ അനുമതിയും ആവശ്യമാണെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മരുന്നുവിപണിയില്‍ 60 ശതമാനം വില്‍പ്പനയും നടക്കുന്ന 348 അവശ്യമരുന്നുകളുടെ വിലയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് മന്ത്രിസഭാസമിതി തീരുമാനിച്ചിട്ടുള്ളത്. 74 മരുന്നുകളാണ് നിലവില്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടിയുടെ വിലനിയന്ത്രണപ്പട്ടികയിലുള്ളത്.
ഓള്‍ ഇന്ത്യാ ഡ്രഗ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.