അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്ധനവും ഭക്ഷ്യപദാര്‍ഥവും നല്‍കാത്തതിന് എജന്‍റുമാര്‍ അറസ്റ്റില്‍

Published on  28 Nov 2012
ചെന്നൈ: നീലം ചുഴലിക്കാറ്റില്‍പ്പെട്ട് ചെന്നൈയില്‍ മലയാളികളടക്കം അഞ്ചുപേര്‍ മരിക്കാനിടയായ കപ്പല്‍അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പ്രതിഭ കാവേരി കപ്പലിന് ഇന്ധനവും ഭക്ഷ്യപദാര്‍ഥങ്ങളും നല്‍കാനുള്ള കരാറില്‍ എര്‍പ്പെട്ടിരുന്ന സീ വേള്‍ഡ് ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്ക് കമ്പനിയുടെ ചെന്നൈ ശാഖാ മാനേജര്‍ ജയരാമന്‍(55), ഡെപ്യുട്ടി മാനേജര്‍ ചിട്ടിബാബു(46) എന്നിവരാണ് അറസ്റ്റിലായത്. കപ്പലിന്റെ ഇലക്ട്രിക്കല്‍ മാനേജര്‍ ചോമി റെഡ്ഢി നല്‍കിയ പരാതിയില്‍ ശാസ്ത്രിനഗര്‍ പോലീസാണ് അറസ്റ്റുചെയ്തത്.

കപ്പല്‍ തറയില്‍ത്തട്ടി അപകടത്തില്‍പ്പെടുന്നതിന് മുമ്പുതന്നെ ഇന്ധനവും ഭക്ഷണവും എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 29, 30 തിയ്യതികളില്‍ ക്യാപ്റ്റിയന്‍ ചാള്‍സ് ഫെര്‍ണാണ്ടസ് സീവേള്‍ഡ് ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്കിന് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ എത്തിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അതിനാല്‍ തുറമുഖത്ത് ചരക്കിറക്കി തുറമുഖ അതിര്‍ത്തിയില്‍നിന്ന് പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ലെന്നും നീലം കൊടുങ്കാറ്റില്‍പ്പെട്ട് അപകടത്തില്‍പ്പെട്ടുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും അറസ്റ്റുചെയ്തത്. കപ്പല്‍ ക്യാപ്റ്റന്‍ അയച്ച ഇ-മെയില്‍ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കയാണ്.