LATEST NEWS » INDIA
  Nov 28, 2012
ദമ്പതിമാരുടെ നിക്ഷേപത്തട്ടിപ്പ്: 20 കോടികൂടി കണ്ടെത്തി
ഷൈന്‍ മോഹന്‍
ന്യൂഡല്‍ഹി: ദമ്പതിമാര്‍ വന്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 20 കോടിയുടെ സാധനങ്ങള്‍കൂടി പോലീസ് കണ്ടെടുത്തു. ദമ്പതിമാര്‍ക്ക് മറാഠി സിനിമ നിര്‍മിക്കാനുള്ള പദ്ധതിയുണ്ടായിരുന്നതായും ഡല്‍ഹി പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ജോയന്‍റ് കമ്മീഷണര്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.

അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി അറസ്റ്റിലായ ഉല്ലാസ് പ്രഭാകര്‍, ഭാര്യ രക്ഷ എന്നിവരില്‍ നിന്നാണ് കൂടുതല്‍ സാധനങ്ങള്‍ പിടിച്ചെടുത്തത്. ഇന്ത്യയിലുടനീളം വിവിധ പേരുകളിലും വേഷങ്ങളിലും രണ്ട് ലക്ഷത്തില്‍പ്പരം നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയതിനാണ് ഇവര്‍ അറസ്റ്റിലായത്.

മുംബൈയിലെ എന്‍.എം. ജോഷി മാര്‍ഗിലെ ഓംകാര്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത ദമ്പതികള്‍ മറാഠി സിനിമ നിര്‍മിക്കാന്‍ പദ്ധതിയിട്ടു. 'ആയി കുവാരി ബാപ് ബ്രഹ്മചാരി' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ വരെ തയ്യാറാക്കിയിരുന്നു. ഘനശ്യാം ആഗെ്‌ന എന്നയാളെയാണ് സംവിധായകനായി നിശ്ചയിച്ചിരുന്നത്. മുംബൈയിലെ ഫ്ലാറ്റിന്റെ കരാര്‍ രേഖയും സെക്യൂരിറ്റി നല്‍കിയ ഒന്നര ലക്ഷവും പോലീസ് കണ്ടെടുത്തു.

ആഢംബര വാഹനങ്ങള്‍, വാച്ചുകള്‍, ഒളി ക്യാമറകള്‍, മൊബൈല്‍ഫോണ്‍ ജാമര്‍, യഥാര്‍ഥമെന്നു തോന്നിക്കുന്ന കളിത്തോക്കുകള്‍, വ്യാജ പാസ്‌പോര്‍ട്ടുകള്‍, പാന്‍ കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡ്, ഇ-ആധാര്‍ പേപ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയാണ് പോലീസ് കണ്ടെത്തിയത്. ഇതോടെ ഇതുവരെയായി 83 കോടിയുടെ സാധനങ്ങള്‍ പോലീസ് കണ്ടെടുത്തുകഴിഞ്ഞു. 'സ്റ്റോക്ക് ഗുരു ഇന്ത്യ' എന്ന സ്ഥാപനം വഴിയാണ് ദമ്പതിമാര്‍ തട്ടിപ്പ് നടത്തിയത്. ഇവര്‍ നടത്തിയ തട്ടിപ്പിന്റെ കൃത്യമായ വിവരം ലഭിക്കാന്‍ 'സ്റ്റോക്ക് ഗുരു ഇന്ത്യ'യുടെ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്.

രത്‌നഗിരിയില്‍ ദമ്പതിമാരുടെ ആഢംബര ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതും ഡല്‍ഹി പോലീസ് സംഘം കണ്ടെത്തി. രത്‌നഗിരിയിലെ മാരുതി മന്ദിര്‍ ബി-6 ശിവ്‌രേഖര്‍ പ്ലാസയിലാണ് ഓഫീസ്. യാതൊരു രജിസ്‌ട്രേഷനും നടത്താതെ നാല് കമ്പനികളും ദമ്പതിമാര്‍ നടത്തിയിരുന്നു.

ഓഹരിക്കച്ചവടത്തിന് 'ജയ് ബജ്‌രംഗ് ബലി സെക്യൂരിറ്റി സര്‍വീസസ്' , അഭിനയം പരിശീലിപ്പിക്കാന്‍ 'ഇംപ്രഷന്‍സ് ഫിലിം അക്കാദമി', അച്ചടി സേവനങ്ങള്‍ക്ക് 'തിരുപ്പതി ഭഗവാന്‍ പ്രിന്‍റ് മീഡിയ സര്‍വീസസ്', റിയല്‍ എസ്റ്റേറ്റിന് 'ജയ് ബജ്‌രംഗ് ബലി ക്രിയേഷന്‍സ്' എന്നിവയാണ് സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ വിവിധ പ്രാദേശിക പത്രങ്ങളില്‍ നല്‍കുകയും ചെയ്തിരുന്നു.

രത്‌നഗിരിയിലെ ഓഫീസില്‍ നിന്ന് 19.96 കോടിയുടെ ബാങ്ക് ഡ്രാഫ്റ്റുകള്‍, രത്‌നഗിരി എം.ഐ.ഡി.സി. ഏരിയയിലെ 750 ചതുരശ്ര യാര്‍ഡ് സ്ഥലം, അമ്പത് ലക്ഷം രൂപ വില വരുന്ന അറുപതോളം വാച്ചുകള്‍ ( ഗോള്‍ഡ് റോളക്‌സ് സ്വിസ് നിര്‍മിതി, റാഡോ ജൂബിലി, ഗോള്‍ഡ് ഒമേഗ, ടാഗ് ഹുവെര്‍, റാഡോ ഡിയ സ്റ്റാര്‍, ടിസ്സോട്ട്, ചോപാര്‍ഡ്, ഫോസ്സില്‍, ലോംഗിനെസ്, കാര്‍ട്ടിയര്‍ തുടങ്ങിയ കമ്പനികളുടെ), 15 ലക്ഷത്തിന്റെ സ്വര്‍ണാഭരണം, ആറര ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം എന്നിവയും കണ്ടെത്തി.

കൂടാതെ ദമ്പതിമാരുടെ മൂന്ന് കാറുകള്‍ (ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ, ഫിയറ്റ് പുണ്ടോ, ഹ്യൂണ്ടായ് ഐ-20) രത്‌നഗിരിയില്‍നിന്നും, നാല് കാറുകള്‍ (ഹോണ്ട സിവിക്, ഫോര്‍ഡ് എന്‍ഡേവര്‍, സ്‌കോര്‍പ്പിയോ, സ്വിഫ്റ്റ്) എന്നിവ ഡല്‍ഹിയില്‍നിന്നും കണ്ടെടുത്തു. മൂന്ന് ബൈക്കുകളും രത്‌നഗിരിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

പതിനായിരം രൂപയോ അതില്‍ക്കൂടുതലോ നിക്ഷേപിച്ചാല്‍ പ്രതിമാസം ഇരുപതുശതമാനം ലാഭംവീതം ആറ്മാസം നല്‍കാമെന്നയിരുന്നു ദമ്പതിമാരുടെ വാഗ്ദാനം. തുടര്‍ന്ന് ഏഴാംമാസം ആദ്യമടച്ച തുക തിരിച്ചുനല്‍കും. എന്നാല്‍, പണം തിരിച്ചുനല്‍കുന്നതിനുപകരം ഓഫീസ് അടച്ചുപൂട്ടി സ്ഥലം വിടുകയാണ് ദമ്പതിമാര്‍ ചെയ്തത്. ഇരുപത് ബാങ്കുകളിലായി ഇവരുടെ 94 ബാങ്കക്കൗണ്ടുകള്‍ പോലീസ് നേരത്തേ, കണ്ടെത്തിയിരുന്നു.

മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശി ഉല്ലാസ്, 2005-ലാണ് മൈസൂര്‍ സ്വദേശിനി രക്ഷയെ വിവാഹം കഴിച്ചത്. 2009 മുതലാണ് സംഘടിതമായ രീതിയില്‍ ഇവര്‍ വന്‍ തട്ടിപ്പ് റാക്കറ്റ് പ്രവര്‍ത്തിപ്പിച്ചത്. ഓരോ സ്ഥലത്തും ഓരോ പേരിലും വേഷത്തിലും പ്രത്യക്ഷപ്പെട്ട് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇവരുടെ രീതി.

Latest news

Ad