മ്യാന്മറിലെ മുസ്‌ലിങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് യു.എന്‍.

Published on  28 Nov 2012
യുണൈറ്റഡ് നേഷന്‍സ്: മ്യാന്മറിലെ രോഹിംഗ്യ മുസ്‌ലിം വിഭാഗവും ബുദ്ധമതവിശ്വാസികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര പൊതുസഭാ സമിതി ഉത്കണ്ഠ രേഖപ്പെടുത്തി. സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

മ്യാന്മറിലെ രഖിനേ ബുദ്ധമതക്കാരും രോഹിംഗ്യ മുസ്‌ലിങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. അറസ്റ്റു ചെയ്യപ്പെട്ട രോഹിംഗ്യ വിഭാഗത്തില്‍പ്പെട്ടവരെ സുരക്ഷാ ഭടന്മാര്‍ ബലാത്സംഗം ചെയ്തതായും കൊലപ്പെടുത്തിയതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. മനുഷ്യാവകാശം സംരക്ഷിക്കാനും അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. രാഖിന്‍ സംസ്ഥാനത്ത് എട്ടുലക്ഷത്തോളം മുസ്‌ലിങ്ങളുണ്ടെന്നാണ് കണക്ക്.

മനുഷ്യാവകാശം സംബന്ധിച്ച പൊതുസഭയിലെ മൂന്നാം സമിതിയാണ് മ്യാന്മര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇത് സംബന്ധിച്ച പ്രമേയവും സഭ പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇതനുസരിക്കാന്‍ മ്യാന്മറിന് നിയമപരമായ ബാധ്യതയൊന്നുമില്ല. യു.എന്‍. പ്രമേയത്തില്‍ പറയുന്നതെല്ലാം നിജസ്ഥിതി ഉറപ്പാക്കാനായിട്ടില്ലാത്ത ആരോപണങ്ങള്‍ മാത്രമാണെന്നാണ് മ്യാന്മര്‍ പറയുന്നത്.