ഇസ്ലാമാബാദ്: സര്‍ക്കാറുമായി സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും മതേതര ഭരണകൂടത്തിനെതിരെ ആക്രമണം തുടരുമെന്നും പാക് താലിബാന്‍ വ്യക്തമാക്കി. സമാധാന ചര്‍ച്ചയ്ക്ക് മുന്നോട്ടുവരണമെന്ന ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്റെ ആവശ്യം അവര്‍ തള്ളി.
തീവ്രവാദ പ്രവര്‍ത്തനമുപേക്ഷിച്ചാല്‍ മാപ്പ് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന വാഗ്ദാനമാണ് പാക് താലിബാന്‍ തള്ളിയത്. 'വിശ്വസിക്കാന്‍ കൊള്ളാത്ത വിദേശ ഏജന്‍റ്' എന്നാണ് അവര്‍ മാലിക്കിനെ വിശേഷിപ്പിച്ചത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ ഹമീദ് മിറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് തങ്ങളാണെന്നും അവര്‍ അവകാശപ്പെട്ടു. മതേതര അജന്‍ഡ നടപ്പാക്കിയതാണ് ഹമീദ് ചെയ്ത കുറ്റം. ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുനേരെ ഇനിയും ആക്രമണങ്ങളുണ്ടാകും. രാജ്യത്തെ വിദേശ പിന്തുണയോടെയുള്ള മതേതര ഭരണകൂടത്തെ പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്നും പാക് താലിബാന്‍ വക്താവ് ഇസാനുള്ള ഇസാന്‍ വ്യക്തമാക്കി.