ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നില്‍ പങ്കാളിയായതിന് അറസ്റ്റിലായ മലയാളി മാത്യു മാര്‍ത്തോമയെ 50 ലക്ഷം ഡോളറിന്റെ (27.81 കോടി രൂപ) ജാമ്യത്തില്‍ വിട്ടയച്ചു. ഹെഡ്ജ് ഫണ്ട് ഓഹരി ദല്ലാളാണ് മുപ്പത്തിയെട്ടുകാരനായ മാത്യു.
ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് അതനുസരിച്ച് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇന്‍സൈഡര്‍ ട്രേഡിങ്ങില്‍ പങ്കാളിയായതിനാണ് മാത്യുവിനെതിരെ കേസെടുത്തത്. ഫ്ലോറിഡയിലെ ബോക്ക റാറ്റണിലെ വീട്ടില്‍ നിന്ന് മാത്യുവിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയാണ് ജാമ്യം നല്‍കിയത്.
അള്‍ഷിമേഴ്‌സ് രോഗത്തിനുള്ള പുതിയ മരുന്ന് പുറത്തിറങ്ങുന്നതായി സ്വകാര്യമായി ലഭിച്ച വിവരം വെച്ച് ഓഹരി വിറ്റ് 27.6 കോടി ഡോളറിന്റെ (1,533 കോടി രൂപ) ലാഭമുണ്ടാക്കി എന്നതാണ് മാത്യുവിന്റെ പേരിലുള്ള കുറ്റം. യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഇതേ കുറ്റത്തിന് മാത്യുവിന്റെ പേരില്‍ മറ്റൊരു കേസെടുത്തിട്ടുണ്ട്. 45 വര്‍ഷം തടവും 50 ലക്ഷം ഡോളര്‍ പിഴയും ചുമത്താവുന്ന കുറ്റമാണിത്.
ഇന്ത്യയില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ അംഗമായ മാത്യുവിന്റെ മുഴുവന്‍ പേര് അജയ് മാത്യു മറിയന്താനി തോമസ് എന്നാണ്. 2003-ല്‍ അദ്ദേഹം മാത്യു മാര്‍ത്തോമയെന്ന് പേരുമാറ്റി. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. സാക് ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്ന കമ്പനിയുമായി ബന്ധമുള്ള സി.ആര്‍. ഇന്‍ട്രിന്‍സിക് ഇന്‍വെസ്റ്റേഴ്‌സിലെ ഉദ്യോഗസ്ഥനാണ്. ഹെഡ്ജ് ഫണ്ട് ഭീമന്‍ സ്റ്റീവന്‍ കോഹന്റെ ഉടമസ്ഥതയിലുള്ളതാണ് സാക്.
ജാമ്യവ്യവസ്ഥ പ്രകാരം മാത്യു മാര്‍തോമ അടുത്തയാഴ്ച 20 ലക്ഷം ഡോളറോ (11.1 കോടി രൂപ) അതിന് തുല്യമായ സ്വത്തുക്കളോ കെട്ടിവെക്കണം. യു.എസ്. വിട്ടുപോകാന്‍ പാടില്ല.
ഇന്‍സൈഡര്‍ ട്രേഡിങ്ങിന്റെ പേരില്‍ ഇന്ത്യക്കാരനായ രജത് ഗുപ്തയ്ക്ക് കഴിഞ്ഞമാസം യു.എസ്. കോടതി രണ്ട് വര്‍ഷം തടവും 50 ലക്ഷം ഡോളര്‍ പിഴയും ശിക്ഷ വിധിച്ചിരുന്നു. നിക്ഷേപ ബാങ്കായ ഗോള്‍മാന്‍ സാക്‌സിന്റെ മുന്‍ ഡയറക്ടറാണ് രജത് ഗുപ്ത. ജനവരി എട്ടുമുതലാണ് ഗുപ്തയുടെ തടവുശിക്ഷ തുടങ്ങുന്നത്. ജാമ്യം നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ഇന്ത്യയുമായി വ്യക്തിപരമായും സാമ്പത്തികമായും ശക്തമായ ബന്ധമുള്ള ഗുപ്ത കടന്നുകളയാനിടയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് ആവശ്യം.