
ന്യൂഡല്‍ഹി:പാടത്ത് പണിയെടുക്കുന്നതിനിടെ വിഷജീവി കടിച്ച് മരിച്ച കര്‍ഷകന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ കമ്മീഷന്‍ വിധി. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിനോടാണ് 5.1 ലക്ഷം രൂപ മരിച്ചയാളുടെ മകന്‍ രാജസ്ഥാനിലെ ദൗസ സ്വദേശിയായ ഗിരിരാജ് പ്രസാദ് മീണയ്ക്ക് നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടത്. രാജസ്ഥാന്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനിയാണ് ദേശീയ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
നേരത്തേ പോളിസിയുടമയ്ക്ക്‌നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപയും കോടതിച്ചെലവായി പതിനായിരം രൂപയും നല്‍കാന്‍ രാജസ്ഥാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
മാര്‍ച്ച് 2009ലാണ് മീണയുടെ അച്ഛന്‍ പാടത്ത് പണിയെടുക്കവേ വിഷജീവിയുടെ കടിയേറ്റ് മരിച്ചത്. യഥാര്‍ഥ മരണകാരണമെന്തെന്ന് അറിയാന്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെന്നും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാരോപിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനി കമ്മീഷനെ സമീപിച്ചത്.
വിഷജീവിയുടെ കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് ജില്ലാ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇത് തെളിവായി സ്വീകരിച്ച ജസ്റ്റിസ് ജെ.എം മാലിക്കിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ഇന്‍ഷുറന്‍സ് കമ്മിറ്റിയുടെ വാദങ്ങള്‍ തള്ളി.
സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.