LATEST NEWS » KERALA
  Nov 28, 2012
ശബരിമല: അപ്പത്തില്‍ മാരകവിഷാംശമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ വിതരണം ചെയ്ത ഉണ്ണിയപ്പത്തിലെ പൂപ്പല്‍ മാരകമല്ലെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.ജയകുമാറിനെ ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. അപ്പം വിവാദത്തില്‍ ആടിയുലഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രക്ഷയ്ക്ക് ചീഫ് കമ്മീഷണറോ ദേവസ്വം സെക്രട്ടറിയോ ഇല്ലെന്ന് ചൊവ്വാഴ്ച 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശബരിമലയില്‍ പൂപ്പല്‍ കണ്ടെത്തിയ ഉണ്ണിയപ്പത്തിന്റെ സാമ്പിള്‍ കോന്നിയിലെ ലാബില്‍ പരിശോധിച്ചു. റിപ്പോര്‍ട്ട് കണ്ടില്ലെങ്കിലും പരിശോധനാഫലം ചോദിച്ചറിഞ്ഞു. കഴിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള പൂപ്പലാണ് എന്നേയുള്ളൂ. മാരകമായ വിഷമല്ലെന്നാണ് ലാബിലെ റിപ്പോര്‍ട്ട്. ഉണ്ണിയപ്പത്തിന് കൂടുതല്‍ മാര്‍ദവം വരുത്തണമെന്ന നിര്‍ദേശമുയര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ പഴം ചേര്‍ത്തതാണ് പൂപ്പലുണ്ടാകാന്‍ കാരണമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

ഉണ്ണിയപ്പത്തില്‍ പൂപ്പലുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ മുഴുവനും നശിപ്പിക്കാന്‍ ദേവസ്വംബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. ആ നടപടി നന്നായെന്ന് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം, ഏത് സാഹചര്യത്തിലാണ് ഉണ്ണിയപ്പത്തില്‍ പൂപ്പലടങ്ങിയതെന്ന് അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്-മന്ത്രി പറഞ്ഞു.

പുതിയ ദേവസ്വംബോര്‍ഡ് നിലവില്‍ വന്ന സാഹചര്യത്തില്‍ ശബരിമല ചീഫ് കമ്മീഷണര്‍ കെ.ജയകുമാറിനെ ചീഫ് കോ-ഓര്‍ഡിനേറ്ററാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിക്കാനുള്ള ചുമതലയാവും അദ്ദേഹത്തിന്.

ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം ജയകുമാറിന്റെ അധികാരങ്ങളെക്കുറിച്ച് തീരുമാനമെടുക്കും. ജയകുമാറിന്റെ നിയമനത്തോടെ ശബരിമലയില്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകും എന്ന പ്രചാരണം ശരിയല്ല. ദേവസ്വംബോര്‍ഡുമായി ചര്‍ച്ച ചെയ്തശേഷമാണ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് അദ്ദേഹത്തെ നിയമിക്കുന്നത്. ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് വിദേശത്ത് പോയത്. രണ്ടുദിവസത്തിനകം അദ്ദേഹം തിരിച്ചെത്തും. ശബരിമലയിലെ പൂപ്പല്‍ പ്രശ്‌നം മാധ്യമങ്ങളുണ്ടാക്കിയതാണെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല.

അതേസമയം, ഓരോ ചെറിയ പ്രശ്‌നങ്ങള്‍ പോലും ചൂണ്ടിക്കാണിക്കുന്നതിലൂടെ മാധ്യമങ്ങള്‍ മികച്ച സേവനമാണ് നടത്തുന്നതെന്നാണ് എന്റെ അഭിപ്രായം. ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വിവാദങ്ങളുണ്ടാകുന്നതെന്ന് കരുതുന്നില്ല-മന്ത്രി പറഞ്ഞു.

ഇടതുസര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിന് തുടങ്ങാനായെന്ന് മന്ത്രി പറഞ്ഞു. സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ ദേവസ്വംബോര്‍ഡിന്റെ പതിവ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് ഇടപെടാനാകില്ല.

എന്നാല്‍ തീര്‍ത്ഥാടന സൗകര്യങ്ങള്‍ ഒരുക്കാന്‍ അങ്ങേയറ്റത്തെ ശ്രദ്ധയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. 40 കോടി രൂപയാണ് ശബരിമലയ്ക്കായി യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചത്-മന്ത്രി പറഞ്ഞു.

Latest news