'ഇതുപോലൊരു വീട് വാങ്ങാന്‍ 20 ലക്ഷം യുവാനില്‍ കൂടുതല്‍ വേണം. സര്‍ക്കാര്‍ തരുന്ന നഷ്ടപരിഹാരമോ വെറും രണ്ടര ലക്ഷം യുവാനും. ഞങ്ങള്‍ എവിടെ പോകും?'-റോഡിന് നടുവിലെ ഭാഗികമായ പൊളിച്ച വീട്ടിലിരുന്ന്, തുടര്‍ച്ചയായി സിഗരറ്റുകള്‍ വലിച്ചുകൊണ്ട് 67-കാരനായ ലുവോ ബോഗന്‍ ഇത് ചോദിക്കുമ്പോള്‍ ആര്‍ക്കും ഉത്തരമില്ല.
ചൈനയുടെ കിഴക്കന്‍ ഷെജിയാങ് പ്രവിശ്യയില്‍ വെന്‍ലിങ് സിറ്റിയിലാണ്, റോഡിന് നടുവിലെ ഈ വീടും, വീട്ടിലെ നിസ്സഹായനായ താമസക്കാരനും. വികസനത്തിന്റെ ഭാഗമായി വീടൊഴിഞ്ഞുപോകാന്‍ വിസമ്മതിച്ച ലുവോ, അവിടെ അവശേഷിക്കുന്ന അവസാനത്തെ വീട്ടുകാരനാണ്.
ഷാങ്ഹായിയില്‍ നിന്ന് ഏതാണ്ട് 500 കിലോമീറ്റര്‍ അകലെയാണ് വെന്‍ലിങ് സിറ്റി. ശരിക്കു പറഞ്ഞാല്‍ അടുത്തകാലം വരെ ഇവിടം ഒരു ചെറുഗ്രാമം മാത്രമായിരുന്നു. ലുവോയും ഭാര്യയും അവിടെ കൃഷിചെയ്ത് സ്വസ്ഥമായി കഴിഞ്ഞിരുന്ന ദമ്പതിമാരും.
കുറച്ചു വീടുകളും കൃഷിയിടവുമുള്ള ഈ ഗ്രാമത്തിലൂടെ ഒരു അതിവേഗ റെയില്‍പ്പാത വന്നത് ഏതാനും വര്‍ഷംമുമ്പാണ്. ആ സാഹചര്യം മുതലെടുത്ത്, ഗ്രാമത്തെ ഒരു സാമ്പത്തിക വികസനമേഖലയാക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു.
 |
| ലുവോ ബോഗന്‍, വീടിന്റെ ബാല്‍ക്കണിയില്‍ |
പിന്നെയെല്ലാം പെട്ടന്നായിരുന്നു. ഗ്രാമവാസികളോട് ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ എല്ലാവരും പോയി, ബോഗനും ഭാര്യയും ഒഴികെ.
ഭാഗികമായി പൊളിച്ചുമാറ്റിയ വീടിപ്പോള്‍ ഹൈവെയ്ക്ക് നടുക്കാണ്. റോഡിന് നടുവിലെ ആ ഭവനത്തിലിരുന്ന്, തുടര്‍ച്ചയായി സിഗരറ്റുകളെരിച്ചുകൊണ്ട് ആ കര്‍ഷകന്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു....എന്താകും ഭാവിയെന്നറിയാതെ! (കടപ്പാട് : അലി സോങ് / റോയിട്ടേഴ്‌സ്)
 |
| ലുവോ ബോഗന്‍ |