
തിരുവനന്തപുരം: ഉപഭോഗം ഗണ്യമായി കൂടിയതിനാല്‍ വരും മാസങ്ങളിലും ലോഡ് ഷെഡിങ് തുടരേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തുലാവര്‍ഷം വേണ്ടരീതിയില്‍ ലഭിക്കാത്തതും അതിനനുസരിച്ച് ഉത്പാദനം കുറഞ്ഞതുമാണ് ലോഡ് ഷെഡിങ് തുടരേണ്ട അവസ്ഥയുണ്ടാക്കിയത്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലാണ് ബോര്‍ഡെന്നും മന്ത്രി സൂചിപ്പിച്ചു.
പ്രതിദിനം 55 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമുമ്പ് ഇത് 57 ദശലക്ഷമായിരുന്നു. ദിനംപ്രതി 55 ദശലക്ഷം യൂണിറ്റ് പ്രകാരം 30 ദിവസത്തേയ്ക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് നിലവില്‍ അണക്കെട്ടുകളിലുള്ളത്.
ഇന്‍വര്‍ട്ടറുകളുടെയും ഇന്‍ഡക്ഷന്‍ കുക്കറുകളുടെയും വ്യാപകമായ ഉപയോഗമാണ് വൈദ്യുതി നിയന്ത്രണത്തിന്റെ ഫലം കാര്യമായി ലഭിക്കാതിരുന്നതിന്റെ കാരണമായി വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നത്.