രണ്ട് എം.എല്‍.എ മാര്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു
കൊല്‍ക്കത്ത: ബംഗാളില്‍ രണ്ട് കോണ്‍ഗ്രസ്സ് എം.എല്‍.എ മാര്‍ക്ക് മന്ത്രസഭയില്‍ ഇടം നല്‍കി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുന്നതായി ആരോപണം. മുര്‍ഷിദാബാദ് ജില്ലയിലെ രസിനഗര്‍ എം.എല്‍.എ ഹുമയൂണ്‍ കബീര്‍, മാല്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാറിലെ എം.എല്‍.എ കൃഷ്‌ണേന്ദു നാരായണ്‍ എന്നിവരാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.
ഇവര്‍ കഴിഞ്ഞ ദിവസം റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലെത്തി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തുകയുമുണ്ടായി. പാര്‍ട്ടി വിട്ടു വന്നാല്‍ ഇരുവര്‍ക്കും മന്ത്രിസഭയില്‍ ഇടം നല്‍കാമെന്ന വാഗ്ദാനം മമത നല്‍കിയതായാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസ്സ് എം.പിയും മുന്‍ റെയില്‍വെ മന്ത്രിയുമായ മുകുല്‍ റോയ് ആണ് മമതയുമായുള്ള ഇവരുടെ കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയത്.
രണ്ടു കോണ്‍ഗ്രസ്സ് എം.എല്‍.എ മാരും തന്നെ വന്നു കണ്ട് പാര്‍ട്ടി വിടുന്ന കാര്യം സംസാരിച്ചതായി പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പ്രദീപ് ഭട്ടാചാര്‍ജി സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസ്സിനെ ക്ഷീണിപ്പിക്കുവാന്‍ വേണ്ടിയാണ് മമത നേരിന് നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അതിനാല്‍ പാര്‍ട്ടി വിട്ടു പോകരുതെന്ന് താന്‍ അവരോട് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സ് വിട്ടാല്‍ രണ്ടു എം.എല്‍.എ മാര്‍ക്കുമതിരെ നടപടി സ്വീകരിക്കുമെന്നും കൂറുമാറ്റ നിയമം മൂലം ഇവര്‍ക്ക് എം.എല്‍.എമാരായി ആയി തുടരാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങിനെ വന്നാല്‍ ഇവരെ തൃണമൂല്‍ ടിക്കറ്റില്‍ അവരുടെ മണ്ഡലത്തില്‍ തന്നെ നിര്‍ത്തി വിജയിപ്പിക്കാനുള്ള ശ്രമമാവും നടത്തുക.
തൃണമൂല്‍ കോണ്‍ഗ്രസ്സ് യുപിഎ സഖ്യം വിട്ടപ്പോള്‍ മമത സര്‍ക്കാറില്‍ നിന്നും ആറ് കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ രാജി വെച്ച ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. ഇതില്‍ രണ്ടു മന്ത്രിസ്ഥാനമായിരിക്കും കൂറുമാറി വരുന്ന എംഎല്‍എമാര്‍ക്ക് നല്‍കുക എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നവംബര്‍ അവസാനത്തോടെ മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സി.കെ.സന്തോഷ്