 |
| സി ജിന്‍പിങ്ങും ലി കെഗ്യാങ്ങും പാര്‍ട്ടി കോണ്‍ഗ്രസിനിടെ |
ബെയ്ജിങ്: പുതുമുഖങ്ങളെ നേതൃനിരയിലേയ്ക്ക് കൊണ്ടുവന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിമുടി മാറുന്നു. നാളത്തെ ചൈനയുടെ സാരഥികളാകുന്ന സി ജിന്‍പിങ്ങിനെയും ലി കെഗ്യാങ്ങിനെയും പാര്‍ട്ടിയുടെ സുപ്രധാനമായ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തി. കേന്ദ്ര കമ്മിറ്റിയാണ് പുതിയ പോളിറ്റ്ബ്യൂറോയെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയും തിരഞ്ഞെടുക്കുക.
സി ജിന്‍പിങ്ങായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമെന്ന് ഉറപ്പായിട്ടുണ്ട്. സ്ഥാനമൊഴിയുന്ന വെന്‍ ജിയാബോയുടെ പിന്‍ഗാമിയായി ലി കെഗ്യാങ് പ്രധാനമന്ത്രിയുമാകും. പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സെഷനില്‍ വച്ചാണ് ഇരുവരെയും കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തത്.
2013 മാര്‍ച്ചില്‍ ഹു ജിന്റാവോയില്‍ നിന്ന് സി ജിന്‍പിങ് അധികാരമേറ്റെടുക്കും. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍, പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിയംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചയാളാണ് 59 കാരനായ സി ജിന്‍പിങ്. 57കാരനായ ലി കെഗ്യാങാകട്ടെ ഇപ്പോള്‍ ഉപപ്രധാനമന്ത്രിയാണ്. പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗമായിരുന്നു.
അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍, പത്തു വര്‍ഷം കൂടുമ്പോഴാണ് ചൈനീസ് ഭരണകൂടത്തിലും പാര്‍ട്ടിയിലും അധികാരമാറ്റം നടക്കുന്നത് എന്നതിനാല്‍ അഞ്ചു വര്‍ഷത്തിനുശേഷം ഇരുവര്‍ക്കും കാലാവധി നീട്ടിക്കിട്ടാനാണ് സാധ്യത.
വാങ് ക്വിഷാന്‍, ലിയു യുന്‍ഷാന്‍, ലിയു യാന്‍ഡോങ്, ലി യുവാന്‍ ചാവോ, വാങ് യാങ്, ഷാങ് ഗാവോലി, ഷാങ് ദേജിയാങ്, യു ഷെങ്‌ഷെങ് എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പ്രമുഖ അംഗങ്ങള്‍. 371 അംഗങ്ങളാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. നവംബര്‍ എട്ടിന് ആരംഭിച്ച പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നു സമാപിക്കും. പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെയായിരിക്കും നടക്കുക.