കൊല്‍ക്കത്ത: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും, വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ക്കും എതിരെ പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി 17 ന് റാലി നടത്തും. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിനുശേഷം ചെയര്‍മാന്‍ ബിമന്‍ ബോസാണ് ഇക്കാര്യം അറിയിച്ചത്.
സത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബിമന്‍ ബോസ് ആരോപിച്ചു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിര്‍ഭും ജില്ലയില്‍ സ്വകാര്യ ആസ്പത്രി ജീവനക്കാരിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അടുത്തിടെ അറസ്റ്റിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായതുകൊണ്ടാണ് നേതാവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതെന്ന് ബിമന്‍ ബോസ് ആരോപിച്ചു.