
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസ്സില്‍ നുണപരിശോധനയ്ക്ക് തയ്യാറാണോ എന്നറിയിക്കാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം സി.പി.എം. മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്ക് നോട്ടീസ് നല്‍കി.
ബുധനാഴ്ച കാലത്ത് കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. നിയമവിദഗ്ദ്ധരുമായി ആലോചിച്ചശേഷം മാത്രമേ നോട്ടീസിന് മറുപടി നല്‍കുകയുള്ളൂവെന്ന് എം.എം. മണി പറഞ്ഞു.
കേസിലെ കൂട്ടുപ്രതികളായ സി.പി.എം.ജില്ലാ കമ്മിറ്റിയംഗം എ.കെ.ദാമോദരന്‍, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയായിരുന്ന ഒ.ജി.മദനന്‍ എന്നിവര്‍ക്ക് ചൊവ്വാഴ്ച തന്നെ ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്ന പാമ്പുപാറ കുട്ടനുള്ള നോട്ടീസ് കുട്ടന്റെ മകന്റെ കൈയിലും നല്‍കി.
ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. മണിക്കും ഇന്നലെ തന്നെ നോട്ടീസ് നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും നോട്ടീസുമായി പോലീസ് വീട്ടിലെത്തിയപ്പോള്‍ മണി സ്ഥലത്തില്ലായിരുന്നു. ആസ്പത്രിയില്‍ പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതിനുശേഷമാണ് നോട്ടീസുമായി പോലീസ് എത്തിയത്. എത്തുന്ന സമയം നേരത്തേ അറിയിച്ചിരുന്നില്ല.