പത്തനംതിട്ട: സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്കില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് ഒരാള്‍ മരിച്ചു. തടിയൂര്‍ കുരിശുമുട്ടം മടയ്ക്കല്‍(പ്രസ്സില്‍) തോമസുകുട്ടിയുടെ മകന്‍ ബിജോ തോമസ്(18) ആണ് മരിച്ചത്. സഹോദരന്‍ അജോ തോമസിനെ(23) കോഴഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ പത്തനംതിട്ടയ്ക്ക് സമീപം ടി.കെ.റോഡില്‍ ചുരുളിക്കോട്ട് വച്ചായിരുന്നു അപകടം.
കോഴഞ്ചേരി ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോയ ബൈക്കില്‍ എതിരെ വന്ന പെട്ടി ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ബിജോയുടെ തല റോഡിലിടിച്ചു.
കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്‍റ് വിക്ടര്‍ ടി.തോമസിന്റെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ബിജോ തോമസിനെ പത്തനംതിട്ടയില്‍നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്കുശേഷം മരിച്ചു.
പത്തനംതിട്ട ചുട്ടിപ്പാറ യു.സി.എ.എസ്. കോളേജിലെ ഒന്നാംവര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. സഹോദരന്‍ അജോ തോമസ് പത്തനാപുരത്തെ ത്രിവേണി സ്റ്റോറിലെ ജീവനക്കാരനും. അമ്മ: ത്രേസ്യാമ്മ.