ഭൂവിനിയോഗം: ശുപാര്‍ശകള്‍ തള്ളണം

Published on  28 Oct 2012
ഭൂവിനിയോഗം സംബന്ധിച്ചുള്ള നിയമങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശകളില്‍ പലതും കേരളത്തിന്റെ കാര്‍ഷികമേഖലയെയും പരിസ്ഥിതിയെയും കാര്യമായി ബാധിക്കുന്നവയാണ്. അവ പ്രാബല്യത്തില്‍ വന്നാല്‍ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും ടൂറിസത്തിനും ഉപയോഗിക്കാനുള്ള വിലക്കുകള്‍ ഫലത്തില്‍ നീങ്ങും. എന്തായാലും നെല്‍പ്പാടങ്ങള്‍ നികത്തുന്ന നിയമമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത് ആശ്വാസകരമാണ്. കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായ ഭേദഗതികളാണുണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ ഈ ശുപാര്‍ശകള്‍ ഒരു കാരണവശാലും നടപ്പാക്കിക്കൂടാ. അതിനുതകുന്ന തുടര്‍നടപടികള്‍ക്കും മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. ഭൂവിനിയോഗനിയമത്തിന്റെ ലംഘനത്തിന് ഒരു വര്‍ഷത്തെ വെറും തടവോ പതിനായിരം രൂപ പിഴയോ ആണ് നിര്‍ദേശിച്ചിട്ടുള്ള ശിക്ഷ. ആ നിലയ്ക്ക് നെല്‍വയല്‍ നികത്തിയാലും ഇതു തന്നെയാവും ശിക്ഷ. വികസനത്തിന്റെ പേരില്‍ നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്താനിടയാക്കുന്ന നിര്‍ദേശങ്ങള്‍ അവ സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ക്കെല്ലാം കടുത്ത ആശങ്കയുണ്ടാക്കും.നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഭൂവിനിയോഗ ഉത്തരവ് കൊണ്ടുവന്നെങ്കിലും കേരളത്തില്‍ നെല്‍ക്കൃഷി കുറഞ്ഞുവരുകയാണ്. മാറിയ സാഹചര്യത്തില്‍ കൃഷിഭൂമിയുടെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പ്രസക്തിയില്ലെന്ന നിലപാട് കേരളത്തെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല.

നെല്‍ക്കൃഷിക്കാര്‍ പല വിഷമതകളും അനുഭവിക്കുന്നുണ്ടെന്നതു ശരിതന്നെ. കുട്ടനാട്ടിലും പാലക്കാട്ടുമാണ് കുറച്ചെങ്കിലും ആദായകരമായ രീതിയില്‍ വ്യാപകമായി നെല്‍ക്കൃഷി നടക്കുന്നത്. കേരളത്തെ ജലസമൃദ്ധമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമാണ്. നെല്‍ക്കൃഷി കുറഞ്ഞത് ജലലഭ്യതയെയും പാരിസ്ഥിതികസന്തുലനത്തെയും കാര്യമായി ബാധിച്ചു. ആ നിലയ്ക്ക്, നിലവിലുള്ള നെല്‍വയലുകളെങ്കിലും സംരക്ഷിക്കണം. നെല്‍ക്കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പാടംനികത്തല്‍ മാത്രമല്ല. മറ്റു പല കൃഷികളും പാടങ്ങളില്‍ നടത്താന്‍ കഴിയും. അങ്ങനെ ആ പ്രദേശങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള കൃഷിഭൂമിയായി നിലനിര്‍ത്താനാണ് ശ്രമം ഉണ്ടാകേണ്ടത്. കൃഷിഭൂമി നികത്തിയുള്ള വ്യവസായ, ടൂറിസം വികസനം കേരളത്തെ സംബന്ധിച്ചിടത്തോളം ഒട്ടും അനിവാര്യമല്ല. ജനസാന്ദ്രതയേറിയ ഇവിടെ മലിനീകരണത്തിനിടയാക്കുന്ന വ്യവസായങ്ങള്‍ ഇനി തുടങ്ങാനാവില്ല. ഇത്തരം വ്യവസായങ്ങളോടുള്ള എതിര്‍പ്പ് വര്‍ധിച്ചുവരുകയാണ്. ടൂറിസം വികസനത്തിനായി കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും ഉപയോഗിക്കുന്നതും കേരളത്തിന് ദോഷമേ ചെയ്യൂ. അത്യാധുനിക സൗകര്യങ്ങളോടെയുള്ള റിസോര്‍ട്ടുകള്‍ നിര്‍മിക്കലാണ് ടൂറിസം വികസനത്തിലെ പ്രധാനപരിപാടിയെന്ന ധാരണ ഇപ്പോഴും പ്രബലമാണ്. മറുനാടന്‍ സഞ്ചാരികള്‍ ഇവിടെ എത്തുന്നത് റിസോര്‍ട്ടുകള്‍ക്കുള്ളില്‍ ആഡംബരജീവിതത്തില്‍ മുഴുകാനല്ല. അവരില്‍ വലിയൊരു വിഭാഗം നമ്മുടെ നാടിന്റെ ഭംഗി ആസ്വദിക്കാനും സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍ക്കൊള്ളാനുമാണ് ആഗ്രഹിക്കുന്നത്.

നമ്മുടെ പ്രകൃതിയുടെയും ജനജീവിതത്തിന്റെയും സവിശേഷതകള്‍ സഞ്ചാരികള്‍ക്ക് അനുഭവിച്ചറിയാനുതകുന്നതാവണം വിനോദസഞ്ചാരവികസനം. കേരളത്തിലെ ടൂറിസം മേഖല വളര്‍ത്തുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചുവരുന്ന സി.ജി. എച്ച്. എര്‍ത്ത് ഹോട്ടല്‍സ് മാനേജിങ് ഡയറക്ടര്‍ ജോസ് ഡൊമിനിക് അടക്കം പലരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. റിസോര്‍ട്ടുനിര്‍മാണം കൊണ്ടുമാത്രം അത്തരം വികസനം സാധിക്കില്ല. കൃഷിഭൂമിയുടെയും തണ്ണീര്‍ത്തടങ്ങളുടെയും തനിമയും സൗന്ദര്യവും നശിക്കാനും ആധുനിക ജീവിത ശൈലിയുടെ അവശേഷിപ്പുകള്‍ കൊണ്ട് പരിസരപ്രദേശങ്ങള്‍ മലിനമാകാനുമിടയാക്കിയിട്ടുള്ളവയാണ് പല റിസോര്‍ട്ടുകളും. നിര്‍ദിഷ്ട ഭൂവിനിയോഗനിയമം അനുസരിച്ചുള്ള നടപടികള്‍ തദ്ദേശസ്ഥാപനങ്ങളെ ഏല്പിക്കുന്നതും കുഴപ്പങ്ങള്‍ക്കിടയാക്കും. പദ്ധതി ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും കാര്യത്തില്‍ മിക്ക തദ്ദേശസ്ഥാപനങ്ങളുടെയും സ്ഥിതി പരിതാപകരമാണ്. ഈ രംഗത്തും വരുംവരായ്കകള്‍ ആലോചിക്കാതെയുള്ള തീരുമാനങ്ങളാവും പലപ്പോഴും അവയില്‍ നിന്നുണ്ടാകുക. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന റിസോര്‍ട്ടുകളും വ്യവസായസംരംഭങ്ങളും മറ്റും റോഡരികുകളില്‍പ്പോലും ഉയരാന്‍ അതിടയാക്കും. ഇത്തരം വസ്തുതകള്‍ കണക്കിലെടുക്കാതെയുള്ളവയാണ് കമ്മീഷന്റെ ശുപാര്‍ശകള്‍


 

Latest news