ബാംഗ്ലൂരിന്റെയോ ഹൈദരാബാദിന്റെയോ നാടകീയമായ വികസനചിത്രങ്ങള്‍ കേരളത്തിന് എടുത്തുകാട്ടാനില്ല, പേരെടുത്ത ബ്രാന്‍ഡുകളുടെ അസാന്നിധ്യമാണ് ഒരു കാരണം. എന്നാലും കേരളത്തിന് ഭാവിസാധ്യതകള്‍ വളരെയുണ്ട്. സംസ്ഥാനത്തെ വിജ്ഞാനസമൂഹം ആക്കിത്തീര്‍ക്കുകയാണ് കേരളത്തിന്റെ ഐ.ടി.നയത്തിന്റെ കാഴ്ചപ്പാട്
''ഐ.ടി. മേഖലയില്‍ കേരളത്തിന്റെ ഭാവി പ്രതീക്ഷാജനകമാണ്, കേരളത്തില്‍ അത് വളരാനുള്ള ഒരു ഇക്കോ സിസ്റ്റമുണ്ട്. '' -12 വര്‍ഷം തുടരെ വാള്‍ സ്ട്രീറ്റ് ജേണല്‍ ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനിയായി തിരഞ്ഞെടുത്ത ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളും മലയാളിയുമായ ക്രിസ് ഗോപാലകൃഷ്ണനാണ് ഇത് പറയുന്നത്. ബാംഗ്ലൂരില്‍ ഇലക്‌ട്രോണിക് സിറ്റിയിലെ കമ്പനിയുടെ കാമ്പസ്സിലിരുന്ന് അദ്ദേഹം ഒരു ഉദാഹരണവും കാണിച്ചു - ''മാംഗ്ലൂരിലെ ഞങ്ങളുടെ കാമ്പസ് പത്ത് വര്‍ഷം പ്രവര്‍ത്തിച്ചപ്പോഴാണ് 4000 പേരെ നിയമിക്കുന്ന നിലയിലെത്തിയത്, തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കാമ്പസ് അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചപ്പോഴേയ്ക്കും 5000 പേരെ റിക്രൂട്ട് ചെയ്തുകഴിഞ്ഞു.''
എന്തൊക്കെയാണ് ക്രിസ് പറയുന്ന ആവാസവ്യവസ്ഥയിലെ ഘടകങ്ങള്‍?
ഏറ്റവും പ്രധാനം മനുഷ്യശേഷി തന്നെ. ഓരോ വര്‍ഷവും കാല്‍ ലക്ഷത്തിലേറേ മലയാളി യുവതീയുവാക്കളാണ് കേരളത്തില്‍ എന്‍ജിനീയറിങ് ബിരുദധാരികളായി പുറത്തുവരുന്നത്. പിന്നെയൊന്ന് അടിസ്ഥാന സൗകര്യങ്ങളാണ്. അത് കുറേയൊക്കെ ഇപ്പോള്‍ തന്നെയുണ്ട്, വര്‍ധിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമേ കേരള നഗരങ്ങളുടെ കണക്ടിവിറ്റിയാണ്. ഈ വാക്ക് ഐ.ടി. വൃത്തങ്ങളില്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കണക്ടിവിറ്റി മാത്രമല്ല. കരമാര്‍ഗവും വായുമാര്‍ഗവും അവിടങ്ങളില്‍ എത്തിപ്പെടാനുള്ള സമ്പര്‍ക്കശേഷികൂടിയാണ്.
''കാല്‍ ലക്ഷത്തിലേറേ എന്‍ജിനീയറിങ് ബിരുദധാരികള്‍ ഉണ്ടാവുന്നു എന്നത് ശരി തന്നെ, പക്ഷേ, ഇവരുടെ നിയമനക്ഷമത -എംപ്ലോയബിലിറ്റി- എന്തുമാത്രമാണ്?''
ഇത് കേള്‍ക്കുമ്പോള്‍ ക്രിസ് ചിരിക്കുന്നു - ''ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ എന്‍ജിനീയറിങ് ബിരുദധാരികളുടെയും യോഗ്യത അവര്‍ക്കുമുണ്ട്. ആകെ ഒരു പ്രശ്‌നം ഇംഗ്ലീഷാണ്, അതറിയില്ല എന്നല്ല, അവര്‍ക്ക് മറ്റ് സംസ്ഥാന വിദ്യാര്‍ഥികളെക്കാള്‍ നന്നായി ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയും. പക്ഷേ, സംസാരിക്കേണ്ടിവരുമ്പോള്‍ എന്തോ ഒരു ബ്ലോക്ക് ഉള്ളതു പോലെ... അത്രമാത്രം, അതല്പം പരിശീലനത്തിലൂടെ ശരിയാകുന്നതേ ഉള്ളൂ.''
ഇതൊക്കെയുണ്ടായിട്ടും ബാംഗ്ലൂര്‍ പോലെയായില്ലല്ലോ കേരളം എന്നു വിലപിച്ചിട്ടു കാര്യമില്ല. എന്തിലും സമയം എന്ന ഘടകം കൂടിയുണ്ട്. ഇന്ത്യയിലെ ഐ.ടി. വിപ്ലവത്തില്‍ ഇന്‍ഫോസിസ് പോലെ മറ്റൊരു സ്റ്റാര്‍ട്ടപ്പ് വിജയകഥ ഇല്ലാത്തത് എന്താണെന്നതു പോലെ തന്നെ. ''ഇന്‍ഫോസിസ്സില്‍ അന്ന് ഞങ്ങള്‍ ചെയ്തതുപോലൊരു ജോലിയുമായി ഇന്ന് തുടങ്ങുന്നവര്‍ അങ്ങനെ വിജയിക്കില്ല. ആ പ്രത്യേക സന്ദര്‍ഭത്തില്‍ ഞങ്ങള്‍ ഉണ്ടായി എന്നതാണ് ഞങ്ങളുടെ വിജയം.'' -ഗോപാലകൃഷ്ണന്‍ തന്നെ പറയുന്നു.
കേരള ഐ.ടി.യെപ്പറ്റി പറയുമ്പോള്‍ ബാംഗ്ലൂര്‍ പോലെ സംഭാഷണത്തില്‍ കടന്നുവരുന്ന മറ്റൊരു പ്രദേശമാണ് ഹൈദരാബാദ്. 1990-കളില്‍ ബാംഗ്ലൂര്‍ ഐ.ടി.മേഖലയില്‍ നേടുന്ന വളര്‍ച്ചകണ്ടാണ് 1995-ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ഹൈദരാബാദിനെ ഇന്ത്യയിലെ സുപ്രധാന ഐ.ടി. ഹബ്ബ് ആക്കാന്‍ ശ്രമിച്ചത്. ആ ശ്രമത്തിന്റെ വിജയോദാഹരണമാണ് ഹൈടെക്ക് സിറ്റി എന്നു ചുരുക്കിവിളിക്കുന്ന ഹൈദരാബാദ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സിറ്റി. ഒരു ചീഫ് എക്‌സിക്യൂട്ടീവ് കമ്പനി ഭരിക്കുന്നതുപോലെ സംസ്ഥാനം ഭരിച്ച നായിഡു നടത്തിയ സമര്‍ഥമായ നീക്കങ്ങളുടെ ഫലമായി മൈക്രോസോഫ്റ്റ് തന്നെ 1998 ആകുമ്പോഴേക്കും ഒരു കാമ്പസ് തുടങ്ങി. ഇന്ന് മൈക്രോസോഫ്റ്റിനെ പോലെ ഐ.ബി.എം., ഒറാക്കിള്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്കും ഹൈടെക്ക് സിറ്റിയില്‍ കാമ്പസ്സുകളുണ്ട്. യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഇന്ത്യയിലെത്തിയപ്പോള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലൊന്ന് ഹൈടെക്ക് സിറ്റിയായിരുന്നു. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളെ ആന്ധ്രയില്‍ എത്തിക്കുന്നതിനൊപ്പം സിലിക്കണ്‍ വാലിയില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് തെലുങ്ക് യുവതീയുവാക്കളെയും അദ്ദേഹം ജന്മനാട്ടില്‍ തിരിച്ചുകൊണ്ടുവന്നു.
അതെ, ഇങ്ങനെ നാടകീയമായ വികസന ചിത്രങ്ങളൊന്നും കേരളത്തിന് എടുത്തുകാട്ടാനില്ല. അതിന്റെ ഒരു കാരണം നമുക്കിവിടെ പേരെടുത്ത അന്തര്‍ദേശീയ, ദേശീയ ബ്രാന്‍ഡുകളുടെ അസാന്നിധ്യമാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ടെക്‌നോളജി പാര്‍ക്കുകളില്‍ പോലും ഈ നൂറ്റാണ്ട് തുടങ്ങിയ ശേഷമാണ് ഇന്‍ഫോസിസും ടിസ്‌കോയും വിപ്രോയും പോലുള്ള ഇന്ത്യന്‍ വമ്പന്മാര്‍ തന്നെ എത്തിയത്. ഒരു മൈക്രോസോഫ്‌റ്റോ ഇന്റലോ കേരളത്തില്‍ അവരുടെ കാമ്പസ് തുടങ്ങിയാല്‍ ഒറ്റയടിക്ക് പതിനായിരക്കണക്കിന് ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്ന് മാത്രമല്ല അത് ഒറ്റ രാത്രികൊണ്ട് ഐ.ടി. കേരളയുടെബ്രാന്‍ഡ് മൂല്യവും കുത്തനെ വര്‍ധിപ്പിക്കും. അവര്‍ ചുറ്റുവട്ടത്തുണ്ട് എന്ന കാരണംകൊണ്ട് മറ്റനേകം ചെറിയ ഇന്ത്യന്‍ കമ്പനികളും കേരളത്തിലേക്ക് ഒഴുകിയെത്തും. (വലിയ പ്രതിച്ഛായയുള്ള മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഉണ്ടാവുന്നതിലും നല്ലത് തനി കേരളീയമായ കമ്പനികള്‍ -അവ ചെറുകിട, ഇടത്തരം വിഭാഗങ്ങളില്‍ പെട്ടവയാണെങ്കില്‍ പോലും-ഉണ്ടാവുന്നതല്ലേ ? ടെക്‌നോപാര്‍ക്കിലെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ചോദിച്ചു. വിദേശകമ്പനികള്‍ കൂടുതല്‍ വേതനമുള്ള കുറേ ജോലികള്‍ നല്‍കുമായിരിക്കും, പക്ഷേ, അതിന്റെ സാമ്പത്തികവും സാങ്കേതികവുമായ നേട്ടങ്ങളെല്ലാം വിദേശത്തേക്കല്ലേ പോകുന്നത്? കേരളത്തിലെ കമ്പനികളുടെ ജോലിക്കാര്‍ ഉണ്ടാക്കുന്നവരുമാനം മാത്രമല്ല, അതിന്റെ ഉടമകളുടെ വരുമാനവും കേരളത്തിനകത്തേക്കാണ് വരുന്നത്).
പക്ഷേ, ഈ മാന്ദ്യത്തിന്റെ ക്ഷീണത്തിലൂടെ കടന്ന് പോകുന്ന ലോകത്ത് ഐ.ടി.കമ്പനികളുടെയും നോട്ടം പുതിയ ആളുകളെ ധാരാളമായി ജോലിക്കെടുക്കുന്നതിലല്ല, കൈയിലുള്ള കഴിവുള്ളവരെ പിടിച്ചുനിര്‍ത്തുന്നതിലാണ്. ഐ.ടി. മേഖലയില്‍ വിദഗ്ധ തൊഴിലാളിക്ക് ജോലി കിട്ടാന്‍ എളുപ്പമാണ്, അതുകൊണ്ടുതന്നെ കൂടുതല്‍ ആകര്‍ഷകമായ അവസരം വന്നാല്‍ ഉള്ള ജോലി വലിച്ചെറിയാന്‍ അവര്‍ മടിക്കുകയുമില്ല. ഈ വ്യവസായത്തില്‍ 'അട്രിഷന്‍ റേറ്റ്' എന്ന് വിളിക്കുന്ന തൊഴില്‍ ഉപേക്ഷിക്കല്‍ പ്രവണത കൂടുതലുമാണ്. അതുകൊണ്ട് സമ്പൂര്‍ണ സാക്ഷരകേരളം, ലോകത്തിന്റെ വികസന മാതൃക, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെയുള്ള പരസ്യവാചകങ്ങളില്‍ മയങ്ങി മള്‍ട്ടിനാഷണല്‍ ഐ.ടി. കമ്പനികള്‍ കേരളത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും ഓടിവരും എന്ന് കരുതുന്നതു കൊണ്ട് കാര്യമില്ല. ''കേരളത്തിന് ഐ.ടി. മേഖലയില്‍ വന്‍ വികസന സാധ്യതയുണ്ടെന്നത് ശരി തന്നെ. എന്നു വെച്ച് കേരളത്തിലെ ജനങ്ങള്‍ക്കുമുഴുവന്‍ ഐ.ടി. ജോലികള്‍ കിട്ടുമെന്നാണോ അതിന്റെ അര്‍ഥം? അല്ല. 2020 ആകുമ്പോഴേക്കും കേരളത്തിലെ ഐ.ടി.മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലുകള്‍ ഉണ്ടാക്കാം എന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്. അതാണ് റിയലിസ്റ്റിക് ആയ എസ്റ്റിമേറ്റ്.''- ഐ.ടി. രംഗത്ത് സാധ്യമായ വന്‍വളര്‍ച്ചയെക്കുറി ച്ചുള്ള അമിത പ്രതീക്ഷകളെപ്പറ്റി ഇങ്ങനെ പറയുന്നത് സംസ്ഥാന വ്യവസായ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി. സോമസുന്ദരനാണ്. ഇപ്പോള്‍ കേരളത്തില്‍ ഏതാണ്ട് ഒരു ലക്ഷം ഐ.ടി. പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്. എട്ടുവര്‍ഷം കൊണ്ട് അത് നാലിരട്ടി വര്‍ധിക്കും എന്നത് യാഥാര്‍ഥ്യബോധത്തോടെയുള്ള മതിപ്പുതന്നെയാണ്.
തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഗവണ്മെന്റിന്റെ ടെക്‌നോളജി പാര്‍ക്കുകള്‍ക്ക് പുറത്തും സ്വകാര്യമേഖലയില്‍ ഐ.ടി. സംരംഭങ്ങള്‍ ഉണ്ടെങ്കിലും ഐ.ടി. കേരള എന്ന ബ്രാന്‍ഡ് ടെക്‌നോപാര്‍ക്കിനെയും ഇന്‍ഫോപാര്‍ക്കിനെയും ചുറ്റിയാണ്. ഈ പാര്‍ക്കുകളെല്ലാം ഹബ്ബ് ആന്‍ഡ് സ്‌പോക്‌സ് (അച്ചാണിയും ആരക്കാലുകളും) മോഡലിലാണ് രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. ടെക്‌നോപാര്‍ക്കെന്ന അച്ചാണിക്ക് ചുറ്റുമായി ടെക്‌നോസിറ്റിയും കൊല്ലം ടെക്‌നോ പാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന് ചുറ്റുമായി ചേര്‍ത്തല, അമ്പലപ്പുഴ, തൃശ്ശൂര്‍ എന്നീ ചെറിയ പാര്‍ക്കുകളും കോഴിക്കോട്ടെ സൈബര്‍പാര്‍ക്കിന്അനുബന്ധമായി കണ്ണൂരും കാസര്‍കോട്ടും ചെറിയ പാര്‍ക്കുകളും. ടെക്‌നോ പാര്‍ക്കും ഇന്‍ഫോപാര്‍ക്കും അവയുടെ സ്‌പോക്കുകളും ഇപ്പോള്‍ തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നവയാണ്. സൈബര്‍പാര്‍ക്കിലെ 12 നില സൗധം പണി കഴിയുന്നതോടെ ഈ വര്‍ഷം തന്നെ കോഴിക്കോടും കേരളത്തിന്റെ ഡിജിറ്റല്‍ ഭൂപടത്തില്‍ സ്ഥാനം പിടിക്കും.
ഐ.ടി. പാര്‍ക്കുകള്‍ക്കായി കേരള ഗവണ്മെന്റ് വില കൊടുത്തും അല്ലാതെയും ഏറ്റെടുത്ത 600 ഏക്കര്‍ സ്ഥലം ഇപ്പോള്‍ത്തന്നെ വികസനം കാത്ത് സര്‍ക്കാറിന്റെ കൈയില്‍ ഇരിപ്പുണ്ട്. ഐ.ടി. വ്യവസായ ആവശ്യത്തിനുള്ള ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഇവിടങ്ങളിലൊക്കെ സ്ഥലം സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കാം. പക്ഷേ, സ്വകാര്യ സംരംഭകരുടെ എന്ത് പങ്കാളിത്തവും സംശയദൃഷ്ടിയോടെ കാണുന്നവരാണ് മലയാളികളില്‍ ഒരു വിഭാഗം. അത്തരക്കാര്‍ക്ക് ഗവണ്മെന്റിനെ ഉള്‍വലിയുന്നതിന് നിര്‍ബന്ധിക്കാന്‍ വളരെ എളുപ്പം കഴിയും. അതിനാല്‍ ഐ.ടി. പാര്‍ക്കുകളിലെ കെട്ടിട നിര്‍മാണങ്ങള്‍ നടത്താന്‍ ഗവണ്മെന്റിന്റെ പക്കല്‍ പണം ഉണ്ടാകുന്നതുവരെ കാത്തുനിന്നേ പറ്റൂ.
പ്രൈവറ്റ്-പബ്ലിക്-പാര്‍ട്ണര്‍ഷിപ്പ് (പി.പി.പി.) തുടങ്ങിയ സമവാക്യങ്ങള്‍ കൊണ്ട് പാര്‍ക്കുകളുടെ പൂര്‍ത്തീകരണം എന്ന ആഗ്രഹവും നടക്കില്ല. ഐ.ടി. പാര്‍ക്കുകളില്‍ നിന്നും ഗവണ്മന്റിന്റെ ഗണ്യമായ വരുമാനം പരോക്ഷമാണ് - കമ്പനികള്‍ പൗരന്മാര്‍ക്ക് നല്‍കുന്ന തൊഴിലും അവര്‍ സംസ്ഥാനത്തിനു നല്‍കുന്ന വാണിജ്യനികുതികളുമൊക്കെയാണ് പ്രധാനം. പ്രത്യക്ഷമായ വരുമാനം തുച്ഛമായ വാടകയാണ്. അത്തരം നിസ്സാര വരുമാനത്തിനുവേണ്ടി ഭീമമായ നിക്ഷേപം നടത്താന്‍ ആരെയും കിട്ടില്ല.
കേരളത്തിന്റെ ഐ.ടി.നയത്തിന്റെ കാഴ്ചപ്പാട് കേരളത്തില്‍ ധാരാളം ഐ.ടി. സംരംഭങ്ങള്‍ തുടങ്ങുക എന്നു മാത്രമല്ല, സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹം (നോളജ് സൊസൈറ്റി) ആക്കിത്തീര്‍ക്കുക എന്നുകൂടിയാണ്. ഉത്പാദനത്തിനും വളര്‍ച്ചയ്ക്കും ഭൗതികമായ സാമഗ്രികളേക്കാളും പ്രകൃതി വിഭവങ്ങളേക്കാളും കൂടുതല്‍ ബൗധിക ശേഷികളെ ആശ്രയിക്കാനുള്ള കഴിവാണ് വിജ്ഞാന സമൂഹത്തിന്റെ ലക്ഷണം. കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് വ്യാവസായിക ലോകത്തേക്ക് മാറുമ്പോള്‍ വികസനം ഉണ്ടാകാന്‍ മാനുഫാക്ചറിങ് എന്നു വിളിക്കുന്ന ഉത്പന്ന നിര്‍മാണ വ്യവസായം ശക്തി പ്രാപിക്കണമെന്നായിരുന്നു ഇത്രയും നാള്‍ കരുതിയിരുന്നത്.
വികസിത ലോകത്തോട് വെല്ലുന്ന മാനുഫാക്ചറിങ് വ്യവസായങ്ങളൊന്നുമില്ലാതെ വെറും വികസ്വര രാഷ്ട്രമായി കഴിഞ്ഞിരുന്ന ഇന്ത്യ ഇന്റര്‍നെറ്റിന്റെ കാലത്ത് ഐ.ടി. വന്‍ശക്തിയായത് കണ്ടപ്പോള്‍ വികസനത്തിന് ഉത്പന്ന നിര്‍മാണം അത്ര അത്യാവശ്യമല്ല എന്ന് വിദഗ്ധന്മാര്‍ തന്നെ വിധിയെഴുതാന്‍ തുടങ്ങി.
ഉത്പന്ന നിര്‍മാണകാര്യത്തില്‍ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നുപോലുമല്ലാത്ത കേരളത്തിനും ഇത് ആശാസ്യകരമായ വിലയിരുത്തലാണ്. വ്യവസായാനന്തര ലോകത്തെങ്കിലും സമയത്ത് നാം ബസ്സ്‌സ്റ്റോപ്പില്‍ എത്തിയല്ലോ!
(അവസാനിച്ചു)