മരുന്നുകളുടെ ഗുണം ഉറപ്പാക്കണം

Published on  21 Sep 2012
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് മതിയായസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നത് അപലപനീയമാണ്. രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെല്ലാം ആശങ്കയുണ്ടാക്കുന്നതാണ് ഈ സ്ഥിതിവിശേഷം. സര്‍ക്കാര്‍ ആസ്പത്രികളില്‍ മരുന്നുവിതരണം നടത്തുന്ന കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് സ്വന്തമായി വേണ്ടത്ര പരിശോധനാ സൗകര്യമില്ല. പിന്‍വലിച്ച മരുന്നുകള്‍ പോലും പലപ്പോഴും രോഗികളിലെത്താന്‍ ഇത് ഇടയാക്കുന്നതായാണ് റിപ്പോര്‍ട്ട്. ടെന്‍ഡര്‍ വഴി വാങ്ങുന്ന മരുന്നുകളാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ആസ്പത്രികളില്‍ നല്‍കുന്നത്.

ഗുണനിലവാര പരിശോധനയ്ക്ക് ഇവര്‍ സമീപിക്കുന്നത് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധനശാലയെയും ചില സ്വകാര്യ പരിശോധനശാലകളെയുമാണ്. എന്നാല്‍, പരിശോധനകഴിഞ്ഞ് ഫലം കിട്ടാന്‍ പലപ്പോഴും ഏറേ വൈകുന്നു. അതിനു മുന്‍പു തന്നെ ആസ്പത്രികളില്‍ മരുന്നെത്തിക്കേണ്ടിവരും. ടെന്‍ഡറില്‍ കാണിക്കുന്ന സാമ്പിള്‍ മരുന്നും വിതരണത്തിനെത്തിക്കുന്ന മരുന്നും തമ്മില്‍ ഗുണനിലവാരത്തില്‍ വ്യത്യാസമുണ്ടായേക്കാം. മരുന്ന് വിതരണത്തിനെടുക്കുന്നതിലും ചിലപ്പോള്‍ കാലതാമസമുണ്ടാകും. മരുന്നുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും പരിമിതമാണ്. ഗുണം കുറഞ്ഞ മരുന്നുകള്‍ രോഗികളിലെത്താന്‍ ഇവയെല്ലാം കാരണമാകുന്നു.

സാമ്പിള്‍ പരിശോധനയില്‍ നിലവാരമില്ലാത്തതായി കണ്ടെത്തുന്ന മരുന്നുകളുടെ ബാച്ചുകള്‍ പിന്‍വലിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ നല്‍കുന്ന നിര്‍ദേശം വൈകുന്നതായി പരാതിയുണ്ട്. നിര്‍ദേശം കിട്ടുമ്പോഴേക്കും മരുന്നുകള്‍ രോഗികള്‍ക്കു കൊടുത്തു കഴിയുമെന്ന് ചില മെഡിക്കല്‍ ഓഫീസര്‍മാര്‍ തന്നെ സമ്മതിക്കുന്നു. സര്‍ക്കാര്‍തലത്തില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ കുറേ സാമ്പിളുകളെങ്കിലും പരിശോധിക്കുന്നുണ്ട്.

എന്നാല്‍, മെഡിക്കല്‍ ഷോപ്പുകളിലെയും സ്വകാര്യ ആസ്പത്രികളിലെയും സാമ്പിളുകള്‍ പലപ്പോഴും പരിശോധിക്കാറേ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.പൊതുജനാരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ജാഗ്രതയുണ്ടാകണമെന്നാണ് ഇതോര്‍മിപ്പിക്കുന്നത്. ആരോഗ്യകാര്യങ്ങളില്‍ പൊതുവേ ശ്രദ്ധയുള്ള മലയാളികള്‍ മരുന്ന് ഉപയോഗിക്കുന്ന കാര്യത്തിലും ഒന്നാംസ്ഥാനത്താണ്. പ്രതിവര്‍ഷം 5000 കോടിയിലേറേ രൂപയുടെ അലോപ്പതി മരുന്നുകള്‍ മലയാളികള്‍ ഉപയോഗിക്കുന്നതായാണ് കണക്ക്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങിക്കഴിക്കുന്ന ശീലം കേരളത്തില്‍ വ്യാപകമാണ്. സ്ഥിരമായി ഒന്നിലേറേ ഔഷധങ്ങള്‍ ഉപയോഗിക്കേണ്ട രോഗികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ഇത് ഔഷധ, നിര്‍മാണ, വിതരണ രംഗങ്ങളില്‍ കടുത്ത മത്സരം വളരാന്‍ ഇടയാക്കിയിട്ടുണ്ട്. വ്യാജ മരുന്നുകള്‍ നിര്‍മിക്കുന്നവരും ഈ സാഹചര്യത്തില്‍ നിന്ന് പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുന്നു. ചൈനയില്‍ നിന്നുള്ള വ്യാജ മരുന്നുകള്‍ ഇന്ത്യന്‍ വിപണിയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജനങ്ങളുടെ ജീവനെത്തന്നെ ബാധിക്കുന്ന കാര്യമായതിനാല്‍ ഈ രംഗത്ത് ധാര്‍മികത, നിലവാരം തുടങ്ങിയവ ഉറപ്പാക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കുണ്ട്. എന്നാല്‍, ഈ പ്രശ്‌നത്തിന് പലപ്പോഴും അര്‍ഹമായ പരിഗണന കിട്ടുന്നില്ല. അതുകൊണ്ടാണ് പ്രധാന മരുന്നുകളുടെ വില അടിക്കടി ഉയരുന്നതും നിലവാരമില്ലാത്തതും ഉപയോഗയോഗ്യമല്ലാത്തതുമായ മരുന്നുകള്‍ വിപണിയിലിറങ്ങുന്നതും. എന്തായാലും ഗുണനിലവാര പരിശോധനയ്‌ക്കെങ്കിലും വേണ്ടത്ര സംവിധാനം ഏര്‍പ്പെടുത്തിയേ മതിയാകൂ.

ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത്. തിരുവനന്തപുരത്തു മാത്രമേ ഇവര്‍ക്ക് പരിശോധനശാലയുള്ളൂ. എറണാകുളത്ത് അനുവദിച്ച പരീക്ഷണശാല പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കോന്നി, തൃശ്ശൂര്‍ എന്നിവിടങ്ങളിലും പരിശോധനശാല തുടങ്ങാന്‍ നിര്‍ദേശമുണ്ട്. പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരിക്കാന്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന് സര്‍ക്കാര്‍ വേണ്ടത്ര പണം അനുവദിക്കാറില്ലെന്നും പരാതിയുണ്ട്. ഇത്തരം പോരായ്മകള്‍ എത്രയും വേഗം പരിഹരിക്കപ്പെടണം.