കരളലിയിക്കുന്ന കഥകളാണ് ചാലയില്‍ നിന്നും വരുന്നത്. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ നൂറുകണക്കിന് ആളുകളുടെ ജീവിതമാണ് എന്നെന്നേക്കുമായി മാറിപ്പോയത്. ഇരുപതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അനവധിപേര്‍ക്ക് ചെറുതും വലുതുമായ പൊള്ളലും മറ്റുപരിക്കുകളും പറ്റി, വസ്തുവകകളുടെ നാശനഷ്ടം ഏറെ. ഇതിനൊക്കെ പുറമേ അപകടസ്ഥലത്ത് നിന്നും വസ്തുവകകള്‍ അടിച്ചു മാറ്റിയവരുടെ നാണം കെട്ട കഥകളും അപകടസ്ഥലത്ത് ടൂറിസത്തിനായി പോകുന്നവരുടെ നാണിപ്പിക്കുന്ന കഥകളും വേറെ.
ഗവണ്‍മെന്റിന്റെ പ്രതികരണവും നമ്മള്‍ കാണുകയാണ്. സംഭവം അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രി ഹെലികോപ്ടറില്‍ സ്ഥലത്തെത്തി അപകടസ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് ഗവണ്‍മെന്റിന്റെ ചിലവില്‍ ചികിത്സ നല്‍കാന്‍ തീരുമാനമെടുത്തു. മരിച്ചവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുഴപ്പമുണ്ടാക്കിയ റോഡ് ഡിവൈഡര്‍ പൊളിച്ചുമാറ്റി. ടാങ്കറുകള്‍ കൊണ്ടുപോകാന്‍ പുതിയ റോഡുണ്ടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. ചെയ്തതും ചെയ്യാന്‍ പോകുന്നതും എല്ലാം നല്ലതുതന്നെ.
ഇനി ഏതാനും നാളുകളിലേക്ക് നമ്മുടെ ശ്രദ്ധ റോഡു വഴി ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്ന രാസവസ്തുക്കൡ നിന്നും മറ്റമുള്ള അപകടസാധ്യത ആയിരിക്കും. പിന്നെ രാഷ്ട്രീയത്തിലോ സിനിമയിലോ ഒക്കെ എന്തെങ്കിലും പുതിയതായി ഉണ്ടാകും. നമ്മുടെ ശ്രദ്ധമാറുകയും ചെയ്യും. അപകടസാധ്യതകള്‍ ആകട്ടെ ദിവസേന കൂടി വരുന്നു. അപകടങ്ങളും ചാലയുടെ അപകടത്തിന്റെ അടിസ്ഥാന കാരണം റോഡിന്റെ നടുവില്‍ സ്ഥാപിച്ചിരുന്ന മീഡിയന്‍ ആണെന്നുള്ള ഒരു അബദ്ധ ധാരണയില്‍ അതെടുത്തു മാറ്റി ഇനി എല്ലാം ഭദ്രം എന്നു കരുതുന്നത് ശാസ്ത്രീയമല്ല. ചാലയുടെ അപകടത്തിനു പിന്നില്‍ അനവധി കാരണങ്ങള്‍ ഉണ്ടാകാം. എല്‍ പി ജി ടാങ്കറിന്റെ ഡിസൈന്‍ തൊട്ട് വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ പരിശീലനം വരെ പലതും. ഇതുപോലുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ശാസ്ത്രീയവും സമഗ്രവും ആയ ഒരു ഇന്‍സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ആരുടെയെങ്കിലും മീതെ കുറ്റം കണ്ടുപിടിക്കാനുള്ള പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ അല്ല അത്. അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തി അത് രാജ്യത്താകമാനം മാറ്റങ്ങള്‍ വരുത്തുമ്പോഴാണ് ആ അപകടത്തില്‍ നിന്നും നാം എന്തെങ്കിലും പഠിച്ചു എന്നു പറയാവുന്നത്.
അപകടത്തിന്റെ കാരണം എന്തായാലും അപകടമരണങ്ങള്‍ ഏറെയായതിന്റെ കാരണം റോഡിനോടു ചേര്‍ന്ന് വീടുവക്കാനുള്ള മലയാളികളുടെ പ്രത്യേക താല്പര്യമാണ്. ലോകത്തെമ്പാടും താമസസ്ഥലങ്ങള്‍ പലകാരണങ്ങളാലും റോഡില്‍ നിന്നും മാറിയാണ്. റോഡിനരികില്‍ വീടുവക്കുന്നത് അപകടം മാത്രമല്ല അനവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിട്ടും നാഷണല്‍ ഹൈവേയുടെ തൊട്ടടുത്താണ് വീട് എന്നത് നമുക്കിന്നു അഭിമാനമാണ്.
രാസവസ്തുക്കളും സ്‌ഫോടകവസ്തുക്കളും ഒരിടത്തുനിന്നും മറ്റിടത്തേക്ക് റോഡോ റെയിലോ വഴി കൊണ്ടു പോകുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെ നേരിടേണ്ടത് എങ്ങനെയെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉണ്ട്. അത് വായിക്കുവാന്‍
ഇവിടെ ക്ലിക് ചെയ്യുക.ടാങ്കര്‍ ദുരന്തങ്ങളെ മാത്രം എങ്ങനെ നേരിടാം എന്നല്ല ഇന്നത്തെ വിഷയം. ചാലയിലെ ടാങ്കര്‍ ദുരന്തം ഇന്നലത്തെ ദുരന്തമാണ്. നാളത്തെ ദുരന്തം ടാങ്കറിന്റെതോ ചാലയിലോ ആകാനുള്ള സാധ്യത തുലോം പരിമിതമാണ്. നെടുമ്പാശ്ശേരിയില്‍ ഒരു വിമാനം അപകടത്തില്‍പ്പെടുന്നതോ വെടിക്കോപ്പുകള്‍ക്ക് തീപിടിക്കുന്നതോ ഒക്കെയാകും അടുത്തത്. അത് എന്നു വേണമെങ്കിലും സംഭവിക്കാം. നാളത്തെ ദുരന്തങ്ങളെയാണ് മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കേണ്ടത്.
ഒരു സമൂഹത്തിന്റെ അറിവുകളും കഴിവുകളും കൊണ്ട് നിയന്ത്രിക്കാന്‍ പറ്റാത്ത അപകടങ്ങളാണ് ദുരന്തങ്ങള്‍ ആയിക്കണക്കാക്കപ്പെടുന്നത്. സമൂഹത്തിന്റെ അതിര്‍ത്തി ഒരു പഞ്ചായത്തു വാര്‍ഡ് തൊട്ട് ഒരു രാജ്യം മൊത്തമാകാം. അപ്പോള്‍ ഓരോ സമൂഹത്തിലും സാധ്യമായ അപകടങ്ങളെ മനസ്സിലാക്കി അതുനേരിടാനുള്ള അറിവും വിഭവങ്ങളും ഉണ്ടാക്കിയാല്‍പിന്നെ അപകടം ഉണ്ടാക്കലും ദുരന്തങ്ങള്‍ ഉണ്ടാകില്ല. ഇതാണ് ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനതത്വം.
ദുരന്തങ്ങളുടെ വ്യാപ്തി ഒരുകുടുംബം തൊട്ട് രാജ്യം വരെ മാറിവരാം എന്നതിനാല്‍ ഈ യൂണിറ്റുകള്‍ എല്ലാം ദുരന്തത്തെ നേരിടാന്‍ തയ്യാറായിരിക്കണം. ഒരു കുടുംബം ദുരന്തത്തെ നേരിടാന്‍ തയ്യാറെടുക്കുന്നതുപോലെയല്ല രാജ്യം തയ്യാറെടുക്കുന്നത്. എന്നാല്‍ ഈ തയ്യാറെടുപ്പുകള്‍ പരസ്പര പൂരകങ്ങള്‍ ആയതിനാല്‍ ഇതിനെപ്പറ്റി ഉള്ള വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമായിരിക്കണം. ഇങ്ങനെ കുടുംബം മുതല്‍ രാജ്യം വരെയുള്ള സമൂഹങ്ങള്‍ ദുരന്തസാധ്യതകളെ അറിയുകയും തയ്യാറെടുക്കുകയും ചെയ്യുമ്പോഴാണ് ആ രാജ്യം പൂര്‍ണമായും ദുരന്തപ്രതിരോധ സജ്ജമാണെന്ന് നമുക്ക് പറയാന്‍ കഴിയുന്നത്.
ഒരുദാഹരണം പറയാം. നമ്മുടെ വീടിന്റെ ചുറ്റും ദുരന്തസാധ്യതകള്‍ ഉണ്ട്. അത് വീട്ടിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒരു തെങ്ങാവാം, വീട്ടിന്റെ അടുത്ത് മറയില്ലാത്ത ഒരു കിണറാകാം, വീടിനടുത്തുകൂടി പോകുന്ന ഹൈടെന്‍ഷന്‍ ലൈന്‍ ആകാം. ഇതെല്ലാം നമ്മള്‍ തന്നെ നിരീക്ഷിച്ചാല്‍ കണ്ടെത്താവുന്നതും പലപ്പോഴും ശ്രമിച്ചാല്‍ പരിഹരിക്കാവുന്നതും ആണ്. എന്നാല്‍ നമുക്ക് പ്രത്യക്ഷമല്ലാത്ത അപകടസാധ്യതകളും ഉണ്ട്. നമ്മുടെ വീടിരിക്കുന്ന പ്രദേശത്ത് ഭൂമികുലുക്കമുണ്ടാകുമോ, അകലങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്ന അണക്കെട്ടുകള്‍ നമ്മുടെ വീടിനടുത്ത് വെള്ളപ്പൊക്കമുണ്ടാകുമോ, വീടിനടുത്തുള്ള മലയില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുമോ എന്നിങ്ങനെ അനവധി അപകടസാധ്യതകള്‍ ദേശീയതലത്തിലുള്ള വിദഗ്ധന്‍മാര്‍ക്ക് അറിയാവുന്നതും എന്നാല്‍ കുടുംബത്തിന് അറിയാത്തതും ആയിരിക്കും. ഇതില്‍ പലതിന്റെ കാര്യത്തിലും ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒറ്റക്ക് ഒന്നും ചെയ്യാനും ആവുകയുമില്ല. അവിടെ ബ്രഹദ് സംവിധാനങ്ങള്‍ ഉണ്ടായേ പറ്റൂ.
പതിറ്റാണ്ടുകളോളം ദുരന്തനിവാരണത്തിന് ആഗോളസംവിധാനങ്ങള്‍ തയ്യാറാക്കുകയും പ്രായോഗിക്കുകയും ചെയ്തതില്‍ നിന്നും ഇന്നു ലോകത്തെ ദുരന്തനിവാരണ വിദഗ്ധര്‍ മനസ്സിലാക്കിയ ഒരു കാര്യം ഏറ്റവും ഫലപ്രദമായ ദുരന്തനിവാരണ സംവിധാനം സ്വന്തം വിമാനവും ഹെലികോപ്ടറും ഒക്കെയുള്ള ആഗോള സംവിധാനങ്ങള്‍ അല്ല സ്വന്തം അയല്‍ക്കാരനെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ആളുകളെ പ്രാപ്തരാക്കുന്നതാണ് എന്നതാണ്. പതിനായിരങ്ങള്‍ മരിക്കുന്ന ഭൂകമ്പത്തിലും സുനാമിയിലും വെള്ളപ്പൊക്കത്തിലും എല്ലാം ദേശീയ ആഗോള സംവിധാനങ്ങള്‍ രക്ഷപ്പെടുന്നതിന്റെ ആയിരക്കണക്കിന് ഇരട്ടി ആളുകളെയാണ് അവരുടെ ചുറ്റുവട്ടത്തുമുള്ളവര്‍ രക്ഷപ്പെടുത്തുന്നത്. അതുമാത്രമല്ല താന്‍ ജീവിക്കുന്നതിനു ചുറ്റുവട്ടത്തുമുള്ള അപകടങ്ങള്‍ ആളുകള്‍ മനസ്സിലാക്കുമ്പോള്‍ അതു നിയന്ത്രിക്കാന്‍ ആവുന്ന തരത്തില്‍ ആളുകള്‍ പെരുമാറുകയും ചെയ്യും. അങ്ങനെ അപകടസാധ്യതയും ..............രൂക്ഷതയും കുറയുകയും ചെയ്യുന്നു. അതുതന്നെ ദുരന്തനിവാരണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കമ്മ്യൂണിറ്റി തലത്തിലേക്ക് എങ്ങനെ എത്തിക്കാം. എന്നതാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുതന്നെയാണ് നമ്മളും ചെയ്യേണ്ടത്.

സമൂഹാധിഷ്ഠിതമായ ദുരന്തനിവാരണത്തിന് നാലു ഘടകങ്ങള്‍ ആണ് ഉള്ളത്.
1. സമൂഹത്തെ ബാധിക്കുന്ന ദുരന്തസാധ്യതകളെപ്പറ്റിയുള്ള ശാസ്ത്രീയവും ആധികാരികവുമായ അറിവ്.
2. സാധ്യമായ ദുരന്തങ്ങളെ ഒഴിവാക്കാനും നേരിടാനുമുള്ള പരിശീലനം
3. ദുരന്തം ഒഴിവാക്കാനും നേരിടാനുമുള്ള വസ്തുവകകള്‍
4. ദുരന്തനിവാരണവും പ്രതിരോധവും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള സംവിധാനം
ചിലപ്പോള്‍ ടാങ്കര്‍ ലോറികള്‍ക്കെതിരെയും ചിലപ്പോള്‍ ബോട്ടുകള്‍ക്കെതിരെയും നാം നടത്തുന്ന താല്ക്കാലിക യുദ്ധങ്ങള്‍ സമൂഹത്തെ ബാധിക്കാനിടയുള്ള അനവധി ദുരന്തസാധ്യതകളെ കുറക്കുന്നില്ല. ഓരോ ചെറിയ സമൂഹവും അവരെ നേരിടാനിടയുള്ള എല്ലാ ദുരന്തസാധ്യതകളേയും പറ്റി അറിഞ്ഞിരിക്കണം. ഇപ്പോള്‍ ഗവണ്‍മെന്റ് ഓഫീസുകളിലും വിദഗ്ധന്‍മാരുടെ തലയിലും ഒക്കെയിരിക്കുന്ന ഈ അറിവ് നാട്ടുകാരിലേക്ക് എത്തുമ്പോഴാണ് സമൂഹം ദുരന്തപ്രതിരോധത്തിനുവേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.
ഒരുദാഹരണം പറയാം. നമ്മുടെ വീടിനടുത്ത് ഒരു ചെറിയ ഫാക്ടറി ഉണ്ടെന്നോ ഉണ്ടായെന്നോ കരുതുക. സാധാരണനിലയില്‍ ആ ഫാക്ടറിയില്‍ പല രാസവസ്തുക്കളും തീപിടിക്കാനുള്ള സാധ്യതയും കാണും. നല്ലപോലെ നടക്കുന്ന ഫാക്ടറി ആണെങ്കില്‍ രാസവസ്തുക്കളുടെ ചോര്‍ച്ചയോ തീപിടുത്തത്തിന്റെ സാധ്യതയോ നേരിടാനുള്ള സൗകര്യങ്ങളും അവിടെക്കാണും. എന്നാലും ഇതുരണ്ടിനെയും പറ്റി നാട്ടുകാര്‍ക്കോ ഗവണ്‍മെന്റിനുതന്നെയോ ആവശ്യത്തിനുള്ള അറിവുണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ആ ഫാക്ടറിയില്‍ എന്തെങ്കിലും അപകടം വന്നാല്‍ എങ്ങനെ രക്ഷപ്പെടണമെന്ന് നാട്ടുകാര്‍ക്കോ എങ്ങനെ ദുരന്തനിവാരണം തുടങ്ങണമെന്ന് ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കോ അറിവുണ്ടാവില്ല. ഇങ്ങനെയാണ് നിസാരമായ സംഭവങ്ങള്‍പോലും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്.
ഓരോ ചെറിയ കമ്മ്യൂണിറ്റിക്കും വരെ ബാധിക്കാനിടയുള്ള ദുരന്തസാധ്യതകളെപ്പറ്റിയുള്ള അറിവുകൊടുക്കണം. ഇത് ഓരോ സമൂഹത്തിനും വേറെയാകും. കടല്‍ത്തീരത്തെ കമ്മ്യൂണിറ്റികള്‍ക്കുള്ള ദുരന്ത സാധ്യതകള്‍ അല്ല മലയടിവാരത്തില്‍ ഉള്ളവരുടേത്. റോഡിനടുത്ത് താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ അല്ല പുഴയോരത്ത് വീടുവയ്ക്കുന്നവരുടേത്. പക്ഷെ അടിസ്ഥാനം ഒന്നു തന്നെയാണ്. നാം എവിടെ ജീവിക്കുമ്പോഴും അവിടെയെല്ലാം ചില അപകടസാധ്യതകള്‍ ഉണ്ട്. അത് നാം അറിഞ്ഞിരിക്കണം. ഏറെ അപകടസാധ്യതയുണ്ടെങ്കില്‍ ഒന്നുകില്‍ അപകടസാധ്യതകുറക്കാന്‍ നോക്കണം അല്ലെങ്കില്‍ സ്ഥലം മാറി പോകണം.
കേരളത്തിലെ ഓരോ പഞ്ചായത്തുവാര്‍ഡിലേയും ആളുകള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ദുരന്തസാധ്യതകള്‍ ഒരു ലേഖനത്തില്‍ എഴുതിപ്പിടിപ്പിക്കുക സാധ്യമല്ല. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും വിദഗ്ധന്‍മാരുടെയും അപകടസാധ്യത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഒരു കമ്മ്യൂണിറ്റി മള്‍ട്ടി ഹസാര്‍ഡ്‌സ് മാപ്പ് ഉണ്ടാക്കാവുന്നതേയുള്ളൂ. നമ്മുടെ നാട്ടില്‍ ധാരാളം ദുരന്തങ്ങള്‍ ഉള്ളതുകൊണ്ടല്ല ഇത് നടക്കാത്തത്. അധികം ദുരന്തങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ചാലയില്‍ ഒരു തീപിടുത്തമോ തേക്കടിയില്‍ ഒരു മുങ്ങിമരണമോ ഉണ്ടാകുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ ഉള്ളവര്‍ ഇത് നാളെ നമ്മുടെ നാട്ടിലും സംഭവിക്കാവുന്നതാണെന്ന് ഓര്‍ക്കാറില്ല. അറിഞ്ഞുപ്രവര്‍ത്തിക്കാറും ഇല്ല.
രണ്ടാമത്തെ കാര്യം പലതരം ദുരന്തസാധ്യതകളെ നേരിടാന്‍ സമൂഹത്തിനുള്ള പരിശീലനമാണ്. കേരളത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനം ആളുകളും ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു ദുരന്തപ്രതിരോധപരിശീലനത്തില്‍ പങ്കെടുത്തിട്ടില്ല. എന്തിന് ഒരു ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ്‌പോലും ഒരു അപൂര്‍വ വസ്തുവാണ്. നാളത്തെ ദുരന്തത്തെ നേരിടണമെങ്കില്‍ ഓരോ സമൂഹവും അവരുടെ ചുറ്റും നടക്കാന്‍ ഇടയുള്ള ദുരന്തങ്ങളെ നേരിടാനുള്ള മിനിമം കാര്യങ്ങള്‍ എങ്കിലും അറിഞ്ഞിരിക്കണം. സുനാമിയില്‍ നിന്നും രക്ഷപ്പെടാന്‍ ഉയര്‍ന്ന സ്ഥലത്തേക്ക് ഓടുകയാണ് വേണ്ടതെന്ന് സാമാന്യബുദ്ധികൊണ്ടറിയാം. എന്നാല്‍ ഒരു ഗ്യാസ് ടാങ്കര്‍ മറിഞ്ഞാല്‍ എങ്ങോട്ടാണ് ഓടി രക്ഷപ്പെടേണ്ടതെന്ന് എങ്ങനെ അറിയും? ഓടി രക്ഷപ്പെടുന്നതുമാത്രമല്ല ദുരന്തം ഒഴിവാക്കാനും ദുരന്തത്തിന്റെ രൂക്ഷത കുറക്കാനും ദുരന്തത്തില്‍പ്പെട്ട മറ്റുള്ളവരെ രക്ഷിക്കാനും എല്ലാം പരിശീലനങ്ങള്‍ ഉണ്ട്. ഇതിനൊന്നും അധികം സമയം ഒന്നും വേണ്ട, ആവശ്യത്തിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുകയും സമൂഹത്തിലെ എല്ലാ ആളുകളേയും പടിപടിയായി പരിശീലനത്തിന്റെ ഭാഗമാകുകയും ആണ് വേണ്ടത്.
മൂന്നാമത്തെ കാര്യം ദുരന്തസാധ്യതകള്‍ ഒഴിവാക്കാനും നിയന്ത്രിക്കാനും നേരിടാനും ഉള്ള വസ്തുവകകളുടെ(റിസോര്‍സസ്) ലഭ്യതയാണ് ഇതു പലതരത്തില്‍ ഉണ്ടാകാം. വിഷവാതകങ്ങള്‍ വമിക്കാന്‍ ഇടയുള്ള ഫാക്ടറികളുടെ അടുത്തു താമസിക്കുന്നവരുടെ കയ്യിലുള്ള മാസ്‌ക് തൊട്ട് സുനാമി മുന്നറിയിപ്പിനുള്ള സംവിധാനം വരെ ഇതില്‍പ്പെടും. ഉണ്ടാകാന്‍ ഇടയുള്ള എല്ലാ ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള സംവിധാനങ്ങളും ആയി ഒരു സമൂഹത്തിനും സാധാരണ ജീവിതം നയിക്കാന്‍ പറ്റില്ല. എന്നാല്‍ അപകടത്തിന്റെ തീവ്രതയുടെയും സാധ്യതയുടെയും ഏറ്റക്കുറച്ചില്‍ അനുസരിച്ച് വമ്പന്‍ നഷ്ടങ്ങള്‍ ഉണ്ടാക്കാവുന്ന ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ളതോ തീവ്രത കുറക്കാനുള്ളതോ ആയ സംവിധാനങ്ങള്‍ ഏതുസമൂഹത്തിലും ഉണ്ടായിരിക്കണം. എന്തെങ്കിലും അപകട സാധ്യതയുണ്ടാകുമ്പോള്‍ അത് എല്ലാവരെയും അറിയിക്കാനുള്ള ഒരു സംവിധാനം, അത് പളളിയിലെ മണിപോലെ ലോ ടെക്കോ മൊബൈലിലെ എസ്.എം.എസ്. പോലെ സോഫിസ്റ്റിക്കേറ്റഡോ ആകട്ടെ ഓരോ സമൂഹത്തിനും ഉണ്ടാകണം. മുന്നറിയിപ്പു കിട്ടിയാല്‍ എന്തു ചെയ്യണമെന്നുള്ള അറിവ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാവുകയും വേണം.

ദുരന്ത പ്രതിരോധത്തിലെയും നിവാരണത്തിലെയും ഏറ്റവും പ്രധാനമായ ഒരു കണ്ണി ഏകോപനമാണ്. ഇത് ഒരു കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ തമ്മിലുള്ളതാകട്ടെ അല്ലെങ്കില്‍ ഒരു വില്ലേജും ജില്ലയും തമ്മിലുള്ളതാകട്ടെ അല്ലെങ്കില്‍ വിവിധ വകുപ്പുകള്‍ തമ്മിലാകട്ടെ ഏതായാലും പ്രധാനവും മുന്‍കൂട്ടി നിര്‍വചിക്കേണ്ടതുമാണ്. വ്യാവസായികവളര്‍ച്ചയോടെയും കാലാവസ്ഥാ വ്യതിയാനത്തോടെയും മാറി വരുന്ന ദുരന്തസാധ്യതകള്‍ അപഗ്രഥനം ചെയ്ത് ചെറിയ കമ്മ്യൂണിറ്റികളെ അറിയിക്കേണ്ടത് സംസ്ഥാനതലത്തിലോ അതിനുമുകളിലോ ഉള്ള വിദഗ്ദന്‍മാര്‍ ആണ്. വില്ലേജ് തലത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ദുരന്ത പ്രതിരോധപ്രവര്‍ത്തനങ്ങളെപ്പറ്റി ജില്ലാ ഭരണകൂടത്തിനും അതിനുമുകളിലേക്കും അറിയിക്കേണ്ടത് താഴ്ന്ന നിലയിലുള്ളവരുടെ കടമയായും ആണ്. ഇങ്ങനെ സമൂഹം എമ്പാടും ആഴത്തിലും പരപ്പിലും ദുരന്തവിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നാളത്തെ ദുരന്തം ഒഴിവാവുന്നത്.
ചാലയില്‍ സംഭവിച്ചു എന്നു വായിച്ചറിഞ്ഞ രണ്ടു സംഭവങ്ങളെക്കൂടി പറഞ്ഞ് ലേഖനം അവസാനിപ്പിക്കാം. ഒന്നാമത് അപകടത്തില്‍ തകര്‍ന്ന വീടുകളില്‍ നിന്നും കടകളില്‍ നിന്നും എല്ലാം മോഷണം നടന്നുവത്രെ. 'പുര കത്തുമ്പോള്‍ വാഴവെട്ടുക' എന്ന പരിപാടി എത്ര തന്നെ അപലപിച്ചാലും മതിയാവാത്തതാണ്. പക്ഷെ ഇതൊരു ചാല സ്‌പെഷ്യല്‍ ഒന്നുമല്ല. കേരളത്തിലെ ചെറിയ കാറപകടങ്ങള്‍ തുടങ്ങി വലിയ ദുരന്തങ്ങള്‍ വരെയുള്ള എല്ലാ സംഭവങ്ങളിലും ഇത്തരം നാണം കെട്ട പ്രവര്‍ത്തികള്‍ സംഭവിച്ചതായി അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
സമൂഹത്തിന്റെ മനസാക്ഷി നന്നാവുക എന്നതാണ് ഇതിനുള്ള ശാശ്വതമായ പരിഹാരം. എന്നാല്‍ അതിന് ഏറെ സമയം വേണ്ടിവരും. അതുകൊണ്ട് ഇത്തരം പ്രവൃത്തികള്‍ക്കെതിരെ അതിശക്തമായ നിയമനടപടികള്‍ ആണ് വേണ്ടത്. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ ഉണ്ടായ ലഹളക്കാലത്ത് കലാപകാരികള്‍ തകര്‍ത്തിട്ടുപോയ ഒരു ബേക്കറിയില്‍ കയറി ഒരു ഐസ്‌ക്രീം എടുത്തു കഴിച്ച ആന്‍ഡേര്‍സണ്‍ ഫെര്‍ണാണ്ടസിനെ ബ്രിട്ടനിലെ കോടതി കൈകാര്യം ചെയ്ത രീതി ഇവിടെ പ്രസക്തമാണ്. ഇയാള്‍ കടയില്‍ ഉപേക്ഷിച്ചു പോയ ഒരു സിഗരറ്റ് കുറ്റിയില്‍ നിന്നും ഡി.എന്‍.എ.ഫിംഗര്‍ പ്രിന്റിലൂടെയാണ് ആന്റേര്‍സണെ കണ്ടെത്തിയത്. രണ്ടാഴ്ചക്കകം വിചാരണ നടത്തി പതിനെട്ടുമാസം തടവിനു ശിക്ഷിച്ചു. ഇപ്പോള്‍ ജയിലില്‍ ആണ്. അതുമാത്രമല്ല. ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ജയിലില്‍ നിന്നും പുറത്തുവരുമ്പോള്‍ സ്വന്തം നാടായ പോര്‍ച്ചുഗലിലേക്ക് നാടുകടത്തുകയും ചെയ്യും, സ്വന്തം ഭാര്യയും കുട്ടിയും ആകട്ടെ ബ്രിട്ടണില്‍ ആയിരിക്കുകയും ചെയ്യും. പൊതുമുതല്‍ നശിപ്പിക്കുകയോ അതില്‍ നിന്നു ചെറുതെങ്കിലും ലാഭമെടുക്കുകയോ ചെയ്യുന്നവര്‍ക്ക് എത്ര ശക്തമായ മുന്നറിയിപ്പാണ് കിട്ടുന്നതെന്ന് നോക്കുക. ഇതുതന്നെയാകണം നമ്മുടെയും രീതി. ഇത്ര ഹീനമായ കുറ്റകൃത്യം ചെയ്തവരെ കണ്ടെത്താന്‍ സമൂഹം സഹായിക്കണം. കണ്ടെത്തിയാല്‍ സമയബന്ധിതമായി കര്‍ശനമായി ശിക്ഷ നല്‍കുകയും വേണം. ഒന്നോ രണ്ടോ തവണ ഇതു സംഭവിച്ചാല്‍ മതി ഈ തരം പെരുമാറ്റം ഇല്ലാതാകാന്‍.
ദുരന്തങ്ങള്‍ നടന്ന സ്ഥലത്തേക്ക് ക്യാമറയും തൂക്കി ആളുകള്‍ വരുന്നതും ഒരു ആഗോള പ്രതിഭാസമാണ്. കൂട്ടക്കൊല നടന്ന റുവാണ്ടയില്‍ പോലും ഇത്തരം ടൂറിസ്റ്റുകള്‍ എത്തിയത്രെ. ഇവരുടെ വരവും പെരുമാറ്റവും പലപ്പോഴും അരോചകമാണെങ്കിലും ഇത്തരക്കാരില്‍ ഭൂരിഭാഗവും കുഴപ്പക്കാരല്ല എന്നാണെന്റെ അനുഭവം. ഒരു പരിധി വരെ ദുരന്തത്തിന്റെ ഭീകരത നേരില്‍ കണ്ടു മനസ്സിലാക്കുന്നതും ദുരന്തത്തില്‍പ്പെട്ടവരുടെ ദുഃഖങ്ങള്‍ അടുത്തറിയുന്നതും നല്ലതും ആണ്. ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഏതുസമയം തിരഞ്ഞെടുക്കണമെന്നും അവിടെയെത്തുമ്പോള്‍ എങ്ങനെ പെരുമാറണം എന്നുമൊക്കെ ഒരല്പം മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ ഈ ആളുകളില്‍ ഭൂരിഭാഗവും അതിനനുസരിച്ച് പെരുമാറും എന്നു തന്നെയാണ് എന്റെ വിശ്വാസം.
ഏതു ദുരന്തവും ഉണ്ടായതുകേട്ടാല്‍ ഉടനടി അങ്ങോട്ടു വെച്ചു പിടിക്കുന്നവര്‍ ദുരന്തമുണ്ടായവര്‍ക്ക് ബുദ്ധിമുട്ടുമാത്രം ഉണ്ടാക്കുന്നവരാണ്. പുഴയിലേക്കൊരു ബസ് മറിഞ്ഞു എന്നു കേട്ട് നാട്ടിലുള്ളവരും കേട്ടറിഞ്ഞവരും ഓടിക്കൂടുമ്പോള്‍ രക്ഷാപ്രവര്‍ത്തനം തൊട്ട് ആംബുലന്‍സിന്റെ വരവു വരെ ബുദ്ധിമുട്ടിലാകുന്നു. വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ യാതൊരു പരിചയമോ തയ്യാറെടുപ്പോ ഇല്ലാതെ ഓടിയെത്തുന്ന വോളണ്ടിയര്‍മാരും ഇത്തരം ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. അപകടം നടന്ന നാട്ടില്‍ പരിമിതമായ ഭക്ഷണവും വെള്ളവും യഥാര്‍ത്ഥ രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള താമസസൗകര്യവും ഒക്കെ ഇത്തരം വോളണ്ടിയര്‍മാര്‍ കയ്യടക്കും. ഒരു വന്‍ ദുരന്തമുണ്ടാക്കാന്‍ അതിലിടപെടാനുള്ള ശരിയായ കഴിവും പരിശീലനവും ഇല്ലാത്തവര്‍ അങ്ങോട്ട് ഓടിയെത്താതിരിക്കുന്നതാണ് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നല്കാവുന്ന ഏറ്റവും വലിയ സഹായം.
അനവധി ആളുകള്‍ മരിച്ച ദുരന്തസ്ഥലങ്ങളില്‍ ടൂറിസ്റ്റുകളെപ്പോലെ കൂട്ടുകൂടി വന്ന് പൊട്ടിച്ചിരിച്ചും ഫോട്ടോ എടുത്തും നടക്കുന്നതും തീരെ സംസ്‌കാരശൂന്യമാണെന്ന് പറയാതെ അറിയാമല്ലോ. സുനാമിയിലോ ഭൂകമ്പത്തിലോ വീടു തകര്‍ന്നുകിടക്കുന്ന സ്ഥലങ്ങളില്‍ നിന്നും കുട്ടികളുടെ കളിപ്പാട്ടം പോലെ എന്തെങ്കിലും ഓര്‍മ്മക്കായി എടുത്തുകൊണ്ട് പോരുന്നവരും ഉണ്ട്. ഇതുപോലെ തകര്‍ന്ന ഓരോ വീട്ടിലും ഓരോ സന്തുഷ്ടമായ കുടുംബമുണ്ടായിരുന്നുവെന്നും ഓരോ കളിപ്പാട്ടത്തിനും ഉടമയായി ഒരു നിഷ്‌കളങ്കബാല്യം ഉണ്ടായിരുന്നുവെന്നും ഒന്നും സാധാരണ ആളുകള്‍ ഓര്‍ക്കാറില്ല. ജപ്പാനിലെ സുനാമിയില്‍ നിന്നും ഓടി രക്ഷപ്പെട്ട കുടുംബങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ സ്വന്തം വീടുകളില്‍ പരതിയത് സ്വര്‍ണ്ണത്തിനും മറ്റുവിലപിടിച്ച വസ്തുക്കള്‍ക്കും വേണ്ടിയായിരുന്നില്ല. പഴയ ആല്‍ബങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും വേണ്ടിയായിരുന്നു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇതെങ്കിലും വീണ്ടെടുക്കാന്‍ അവസരം നല്‍കാന്‍ അവിടെ ഗവണ്‍മെന്റ് മാസങ്ങളോളം സമയം കൊടുത്തു. ഒരാള്‍ പോലും മറ്റുള്ളവരുടെ സ്വകാര്യ വസ്തുക്കള്‍ അടിച്ചുമാറ്റുന്നതിനെപ്പറ്റി ചിന്തിച്ചുപോലും ഇല്ല.
ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെ ജീവിച്ചിരുന്നവരുടെ ഓര്‍മ്മ എപ്പോഴും മനസ്സില്‍ വേണം. അവിടെ ജീവിച്ചിരിക്കുന്നവരുടെ വികാരത്തെ മാനിച്ചുവേണം അവിടുങ്ങളില്‍ പെരുമാറാന്‍. അപകടസ്ഥലത്തു നിന്നും അനാഥമായിക്കിടക്കുന്ന ഒരു പാവക്കുട്ടിയെ അല്ല നാം എടുത്തുകൊണ്ടുവരേണ്ടത്, മറിച്ച് സ്വന്തം വീട്ടിലെ പാവക്കുട്ടികള്‍ എങ്ങനെ അനാഥമാക്കാതെ നോക്കാം എന്ന ചിന്തയാണ് നമ്മുടെ കൂടെ ദുരന്തസ്ഥലത്തുനിന്നും കൂട്ടുവരേണ്ടത്.