കൂടംകുളം: വി.എസ്. അച്ചടക്കം ലംഘിച്ചെന്ന് കേന്ദ്രനേതൃത്വം

Published on  19 Sep 2012

പി.കെ.മണികണ്ഠന്‍

ന്യൂഡല്‍ഹി: പാര്‍ട്ടിവിലക്കുണ്ടായിട്ടും കൂടംകുളം സന്ദര്‍ശനത്തിനൊരുങ്ങിയ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ തീരുമാനം അടുത്തമാസം നടക്കുന്ന സി.പി.എം.കേന്ദ്രകമ്മിറ്റിയോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ പ്രഖ്യാപിതനിലപാടിന് വിരുദ്ധമായി നിലപാടെടുത്ത വി.എസ്സിന്റെ നടപടി അച്ചടക്കലംഘനമായിത്തന്നെയാണ് കേന്ദ്രനേതൃത്വം കരുതുന്നത്. എന്നാല്‍, കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍മാത്രമേ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവൂ.

ഇക്കാര്യത്തില്‍ തമിഴ്‌നാട് സംസ്ഥാന ഘടകത്തിന്റെ അഭിപ്രായവും പരിശോധിക്കും. തേനി-ഇടുക്കി മേഖലയില്‍ അമേരിക്കന്‍ സഹായത്തോടെ ന്യൂട്രിനോ പരീക്ഷണത്തിന് ശ്രമം നടക്കുന്നുവെന്ന വി.എസ്സിന്റെ വെളിപ്പെടുത്തലിനെയും പാര്‍ട്ടി ഗൗരവമായെടുക്കുന്നില്ല.

അതേസമയം, വി.എസ്. കൂടംകുളത്ത് പോയതില്‍ തെറ്റില്ലെന്നാണ് സി.പി.ഐ. കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ആര്‍ക്കും അവിടെ പോകാവുന്നതാണ്. വി.എസ്സിനെ തടഞ്ഞ പോലീസ്‌നടപടി ശരിയല്ലെന്നും സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഢി പറഞ്ഞു. വി.എസ്സിനെ സി.പി.എം. വിലക്കിയെങ്കില്‍ അത് ആ പാര്‍ട്ടിയുടെ ആഭ്യന്തരവിഷയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കൂടംകുളം വിഷയത്തില്‍ കോഴിക്കോട്ടുനടന്ന പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്ന് സി.പി.എം. കേന്ദ്രനേതാക്കള്‍ പറഞ്ഞു. റഷ്യയുടെ സഹായത്തോടെ തുടങ്ങിയ നിലയത്തെക്കുറിച്ച് പാര്‍ട്ടി രാഷ്ട്രീയപ്രമേയവും പാസാക്കിയിരുന്നു. വി.എസ്. ഉള്‍പ്പെടെ ആരും പ്രമേയത്തെ എതിര്‍ക്കുകയോ ഭേദഗതി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഏകകണ്ഠമായി പാര്‍ട്ടികോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെയാണ് ഇപ്പോള്‍ വി.എസ്.പരസ്യമായി തള്ളിയത്. പുറത്തുനിന്ന് പാര്‍ട്ടിയെ തിരുത്താന്‍ ശ്രമിച്ചാല്‍ അതിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിവരും. ഒരു വിഷയത്തില്‍ പാര്‍ട്ടികോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് തിരുത്തണമെങ്കില്‍ അടുത്ത പാര്‍ട്ടികോണ്‍ഗ്രസ്സിനേ കഴിയൂ. കേന്ദ്രകമ്മിറ്റിക്കുപോലും ഇത് തിരുത്താനാവില്ല.

അമേരിക്കയുമായുള്ള ആണവക്കരാറിനുമുമ്പേയുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ് കൂടംകുളം ആണവനിലയം. ദുരന്തമോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ ആര്, എത്രമാത്രം ബാധ്യത വഹിക്കുമെന്നതാണ് ഇപ്പോഴത്തെ ആണവക്കരാറിന്റെ മുഖ്യപ്രശ്‌നം. ഇപ്പോള്‍ ആണവരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വാണിജ്യാടിസ്ഥാനത്തിലുള്ളവ മാത്രമാണ്. ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. അവിടെ സുരക്ഷ ബലികഴിക്കപ്പെടും.

ഇത്തരം പ്രശ്‌നങ്ങളുടെ പേരിലാണ് ആണവക്കരാറിനെ പാര്‍ട്ടി എതിര്‍ക്കുന്നത്. എന്നാല്‍, കൂടംകുളം നിലയത്തെ ഇതേസമീപനത്തില്‍ വിലയിരുത്താനാവില്ല. ദുരന്തമോ പ്രശ്‌നമോ ഉണ്ടായാല്‍ ആര് ബാധ്യതവഹിക്കുമെന്നത് വ്യക്തമായി വ്യവസ്ഥയുണ്ട്. പക്ഷേ, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചുമാത്രമേ നിലയം പ്രവര്‍ത്തിപ്പിക്കാവൂ. വിദഗ്ധസമിതി നിലയം പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള തീരുമാനമാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. അതാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതും.

സോവിയറ്റ് യൂണിയനായതിനാലാണ് കൂടംകുളം നിലയം സ്ഥാപിക്കാനുള്ള അന്നത്തെ കരാറിനെ പാര്‍ട്ടി എതിര്‍ക്കാതിരുന്നതെന്ന വാദം ശരിയല്ലെന്നും കേന്ദ്രനേതാക്കള്‍ അവകാശപ്പെട്ടു. വി.എസ്. വ്യത്യസ്തമായ നിലപാടെടുത്തെങ്കിലും കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായമില്ല. വിവാദങ്ങള്‍ക്കുപിറകേ പോവാതെ ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുകയെന്നും സി.പി.എം. നേതാക്കള്‍ അറിയിച്ചു. തേനി-ഇടുക്കി മേഖലയില്‍ ന്യൂട്രിനോ പരീക്ഷണം നടത്താന്‍ ശ്രമമെന്ന വി.എസ്സിന്റെ വെളിപ്പെടുത്തല്‍ പുതിയകാര്യമല്ലെന്നാണ് സി.പി.എം. നിലപാട്. അതുകൊണ്ടുതന്നെ വി.എസ്സിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടി ഏറ്റെടുക്കാനും ഇടയില്ല.