
ലണ്ടന്‍: വധഭീഷണിയുടെ നാളുകളിലെ ഒളിവിലെ ഓര്‍മകളുമായി സല്‍മാന്‍ റുഷ്ദിയുടെ പുതിയ പുസ്തകം പുറത്തിറങ്ങി. 'സാത്താന്റെ വചനങ്ങളു'ടെ പ്രസിദ്ധീകരണത്തെത്തുടര്‍ന്ന് മതമൗലികവാദികളുടെ വധഭീഷണിനേരിട്ട നാളുകളിലെ അനുഭവങ്ങള്‍, അക്കാലം റുഷ്ദി സ്വീകരിച്ചിരുന്ന അപരനാമമായ 'ജോസഫ് ആന്‍റണ്‍' എന്ന പേരിലാണ് ചൊവ്വാഴ്ച പുസ്തകശാലകളിലെത്തിയത്. ബ്രിട്ടീഷ് പ്രസാധകരായ ജൊനാഥന്‍ കേപ്പാണ് പ്രസാധകര്‍.
മുംബൈയില്‍ ജനിച്ച റുഷ്ദി ഇപ്പോള്‍ ന്യുയോര്‍ക്കിലാണ് താമസം. അറുപത്തിയഞ്ചുകാരനായ അദ്ദേഹം ഇറാന്റെ ഫത്‌വയില്‍നിന്ന് രക്ഷതേടി ബ്രിട്ടനിലെ 20 സുരക്ഷാതാവളങ്ങളില്‍ മാറിമാറിക്കഴിഞ്ഞതും സുഹൃത്തുക്കളായ സാഹിത്യകാരന്മാരെ രഹസ്യമായി സന്ദര്‍ശിച്ചതുമെല്ലാം 'ജോസഫ് ആന്‍റണി'ല്‍ വിവരിക്കുന്നുണ്ട്. സ്വന്തം അനുഭവങ്ങള്‍ക്കൊപ്പം അക്കാലത്ത് ഇതുസംബന്ധിച്ചുവന്ന പത്രവാര്‍ത്തകളും ലേഖനങ്ങളുമെല്ലാം ചേര്‍ത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ഇത് പുസ്തകത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കാനും വായനാസുഖം കുറയാനും കാരണമായിട്ടുണ്ടെന്നാണ് ഇറങ്ങുംമുമ്പേ പുസ്തകം വായിച്ച നിരൂപകര്‍ പറയുന്നത്. ഒളിവാസക്കാലത്ത് പോലീസിന്റെ നിര്‍ദേശപ്രകാരം റുഷ്ദി സ്വീകരിച്ചപേരാണ് ജോസഫ് ആന്‍റണ്‍. പ്രിയ സാഹിത്യകാരന്മാരായ ജോസഫ് കൊണ്‍റാഡ്, ആന്‍റണ്‍ ചെക്കോവ് എന്നിവരുടെ പേരുകളുടെ ആദ്യഭാഗങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണ് ആ പേര്.