
കോട്ടയം: നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ മാതൃസഹോദരിയുടെ മകളും നടിയുമായ ജി.ഓമന (80) അന്തരിച്ചു. മൂന്നരപതിറ്റാണ്ട് നാടകരംഗത്ത് സജീവമായിരുന്നു. ഒളശയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാല് മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.
വൈക്കം അയ്യരുകുളങ്ങര തെത്തത്തില്‍ റിട്ട.ഹെഡ്മാസ്റ്റര്‍ വേലായുധന്‍പിള്ളയുടെയും ഗൗരിയുടെയും ഏകമകളായി 1932 മേയ് 18നാണ് ഓമന ജനിച്ചത്. 1954ല്‍ 'അസ്സലാമു അലൈക്കും' എന്ന നാടകത്തില്‍ ഒരു നടി എത്താതിരുന്നപ്പോള്‍ പകരക്കാരിയായിട്ടാണ് അരങ്ങേറ്റം. പിന്നീട് 1989 വരെ അഭിനയരംഗത്ത്് തുടര്‍ന്നു. 32 ലേറെ നാടകങ്ങളില്‍ അഭിനയിച്ചു. ക്രോസ്‌ബെല്‍റ്റിലെ പട്ടാളം ഭവാനി, കാപാലികയിലെ കടയ്ക്കാവൂര്‍ അത്ത, പ്രേതലോകത്തിലെ അര്‍ത്തുങ്കല്‍ കാര്‍ത്ത്യായനി എന്നിവ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളാണ്.
1977ല്‍ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡും 2002ല്‍ സമഗ്രസംഭാവനയ്ക്കുള്ള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചു.
ഒളശ്ശ വിശ്വകേരള കലാസമിതിയിലെ നടിയായി നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. രണ്ട് സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. 1974ല്‍ 'കാപാലിക'യിലും 2008ല്‍ ജയരാജിന്റെ 'ആനന്ദഭൈരവി' എന്ന സിനിമയിലുമാണ് അവര്‍ അഭിനയിച്ചത്.
ഒളശ്ശയില്‍ എന്‍.എന്‍.പിള്ളയോടൊപ്പം ഡയനീഷ്യയിലായിരുന്നു താമസം. അവസാന നാളുകളില്‍ ഒളശ്ശയില്‍ പിള്ളയുടെ മകനും സിനിമാനടനുമായ വിജയരാഘവനോടൊപ്പമാണ് താമസിച്ചിരുന്നത്.