ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കും എന്നത് പറഞ്ഞും കേട്ടും പഴകിയ ഒരു ക്ലീഷേ ആണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പരസ്യം പോലെ ഇവളാണെന്റെ ഐശ്വര്യം എന്ന് ഭാര്യയെ വാഴ്ത്താത്തവര്‍ കുറവാണ്. മാറ്റത്തിന് പോലും മാറ്റം സംഭവിച്ച് കഴിഞ്ഞിരിക്കുന്ന ഈ കാലത്ത് മുകളില്‍ സൂചിപ്പിച്ച പ്രയോഗം നേരെ കീഴ്‌മേല്‍ മറിഞ്ഞിട്ടുണ്ടോ..? പ്രശസ്തിയുടെ പടവുകള്‍ കീഴടക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അവരുടെ വിജയത്തിന് പിന്നില്‍ ചാലകശക്തിയായി വര്‍ത്തിക്കുന്നത് അവരുടെ ആണ്‍തുണകളായിരിക്കുമോ..?

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത് നൂറ് ശതമാനം ശരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒരു കമ്പോളമായി രൂപാന്തരം പ്രാപിക്കുന്ന ഇക്കാലത്ത് പല ആഗോള വ്യവസായ സംരഭങ്ങളുടെയും തലപ്പത്തിരിക്കുന്നത് സ്ത്രീകളാണ്. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ജീവിതത്തില്‍ ഒരിക്കലും കൈവെടിയാത്തവര്‍ . ഐബിഎം കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി നിയമിക്കപ്പെട്ട വെര്‍ജീനിയ റൊമേറ്റിയുടെ ജീവിതം പറയുന്നതും മറ്റൊന്നുമല്ല. മറ്റൊരു കമ്പനിയില്‍ ചെറുതല്ലാത്ത പദവി വഹിക്കുന്ന ഭര്‍ത്താവ് റോമറ്റിയുടെ അകമഴിഞ്ഞുള്ള പ്രോല്‍സാഹനമാണ് വെര്‍ജീനിയ റൊമേറ്റിയുടെ കുതിപ്പും കരുത്തും. ഓരോ വര്‍ഷവും കമ്പനി ആവശ്യത്തിനായ് പല ലോകരാഷ്ട്രങ്ങളിലേക്കും യാത്ര ചെയ്യേണ്ടതായി വരാറുണ്ട് വെര്‍ജീനിയക്ക്. അതൊന്നും ഇരുവരുടെയും കുടുംബജീവതത്തെ യാതൊരു രീതിയിലും ബാധിച്ചിട്ടില്ല. രണ്ട് പേരും തങ്ങളുടെ കരിയറും 32 വര്‍ഷം പഴക്കമുള്ള ദാമ്പത്യവും വിജയകരമായി മുന്നോട്ട് കൊണ്ടുപോവുന്നു. പരാതിയും പരിഭവങ്ങളുമില്ലാതെ ഇങ്ങനെ പരസ്പരം പ്രോല്‍സാഹിപ്പിച്ചും, സഹായിച്ചും, തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ദമ്പതിമാര്‍ പടിഞ്ഞാറന്‍ നാടുകളില്‍ സ്ഥിരം കാഴ്ചയാവുകയാണ്.
ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളിലെ പ്രൊഫസറും എഴുത്തുകാരനുമായ റൊസാബെത്ത് മോസ്സ് കാന്റര്‍ എഴുതിയ
മെന്‍ ആന്റ് വുമണ്‍ ഓഫ് ദി കോര്‍പ്പറേഷന്‍ എന്ന പുസ്തകത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ വിജയം വരിക്കുന്ന സ്ത്രീകളില്‍ മിക്കവര്‍ക്കും പങ്കാളിയുടെ പൂര്‍ണ്ണപിന്തുണയുണ്ടാവുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.
'ഒരു പങ്കാളിയുടെ സഹകരണമില്ലാതെ വിജയിക്കാനാവുക' എന്നത് അതീവശ്രമകരമാണെന്ന് നോര്‍ത്ത് കാലിഫോര്‍ണിയയിലെ ഗില്‍ഫോര്‍ഡ് കോളേജ് സൈക്കോളജി വിഭാഗം അധ്യാപകനും
ദി ന്യൂ സിഇഒ-സ് എന്ന കൃതിയുടെ കര്‍ത്താവുമായ റിച്ചാര്‍ഡ് സ്വിഗന്‍ഹാഫ്റ്റ് അഭിപ്രായപ്പെടുന്നു. തങ്ങളുടെ സങ്കടങ്ങള്‍ പങ്കിടുവാനും തങ്ങള്‍ക്ക് ഒരു സഹായകഹസ്തവുമായി എന്നും കൂടെയുണ്ടാവുന്ന ഒരു പുരുഷന്‍ സ്ത്രീയുടെ വിജയത്തില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്നുണ്ടെന്ന് സ്വിഗന്‍ഹാഫ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന ദമ്പതികളില്‍ ഭൂരിപക്ഷവും ഏറെ പരസ്പരധാരണയോടെയാണ് ജീവിച്ചുപോകുന്നതെന്ന് റിച്ചാര്‍ഡ് സ്വിഗന്‍ഹാഫ്റ്റ് പറയുന്നു. ഡൈാവേഴ്‌സ് ഇവര്‍ക്കിടയില്‍ തുലോം പരിമിതമാണ്. ഫോര്‍ച്യൂണ്‍ 500 കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവുകളായ 28 വനിതമാരെ അടിസ്ഥാനപ്പെടുത്തി റിച്ചാര്‍ഡ് സ്വിഗന്‍ഹാഫ്റ്റ് നടത്തിയ പഠനത്തില്‍ 26 പേരും വിവാഹിതരും സന്തുഷ്ടകുടുംബജീവിതം നയിക്കുന്നവരുമാണ്. ഒരാള്‍ മാത്രമേ വിവാഹമോചിതയായിട്ടുള്ളൂ. ഒരാള്‍ അവിവാഹിതയും. കുടുംബജീവിതം തുടരുന്ന 26 പേരും വീട്ടുകാര്യങ്ങളിലും കുടുംബകാര്യങ്ങളിലും തൊഴില്‍കാര്യങ്ങളിലും കുട്ടികളെ നോക്കുന്നതിലും ഭര്‍ത്താവില്‍ നിന്ന് കിട്ടുന്ന അകമഴിഞ്ഞ പിന്തുണയാണ് തങ്ങളുടെ ജീവിതം സന്തുഷ്ടപൂരിതമാക്കുന്നതെന്ന് ആണയിടുന്നു. ഇതില്‍ എത്ര പുരുഷന്മാര്‍ പൂര്‍ണ്ണമായും ഹൗസ്ഹസ്‌ബെന്റ് ജോലി സന്തോഷത്തോടെ ഏറ്റെടുത്തിട്ടുണ്ടാവും? കൃത്യമായി വെളിപ്പെടിത്തിയില്ലെങ്കിലും പലരും ഹൗസ്ഹസ്‌ബെന്റായി സുഖജീവിതം നയിക്കുന്നുണ്ടെന്ന് സ്ത്രീകളില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ച് റിച്ചാര്‍ഡ് സ്വിഗന്‍ഹാഫ്റ്റ് പറയുന്നു.
കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി നോക്കുന്ന ദമ്പതികളില്‍ മിക്കവരും തങ്ങളുടെ കരിയറിനെ ബാധിക്കുമെന്നുള്ളത് കൊണ്ട് കുട്ടികള്‍ വേണ്ടെന്ന് തീരുമാനമെടുക്കുന്നവരാണ്. സ്വിഗന്‍ഹാഫ്റ്റ് വിവാഹിതരില്‍ നടത്തിയ പഠനത്തില്‍ 87 ശതമാനം സ്ത്രീകളും അമ്മയാവാന്‍ തയ്യറല്ലെന്ന നിലപാടിലാണ്. കുട്ടികള്‍ ഉണ്ടായിട്ടും തങ്ങളുടെ കരിയറില്‍ അതിവേഗം മുന്നോട്ട് കുതിക്കുന്ന ദമ്പതികളും ഇല്ലെന്നല്ല.
പ്രശസ്തരായ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യക്ക് വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്കാറുണ്ട്. പക്ഷേ പ്രശസ്തരായ സ്ത്രീകള്‍ തങ്ങളുടെ വിജയത്തിന് പിന്നിലെ ആണ്‍സാന്നിദ്ധ്യത്തെക്കുറിച്ച് അത്രയ്‌ക്കൊന്നും വാചലരാകാറില്ല. പുരുഷന്മാര്‍ക്ക് വേണ്ടി, പുരുഷന്മാരാല്‍, പുരുഷന്മാര്‍ നിയന്ത്രിക്കുന്ന ഒരു സാമൂഹ്യക്രമത്തില്‍ തങ്ങളുടെ കഴിവുകള്‍ , ഭര്‍ത്താക്കന്മാരുടെ കഴിവുകേടായി ചിത്രീകരിക്കപ്പെട്ടേക്കുമോ എന്ന ഭയം അവരെ അലട്ടുന്നതാവാം കാരണം. ഭര്‍ത്താവ് വീട്ടിലിരുന്ന് അരി അരക്കുകയും വിഴുപ്പലക്കുകയും ചെയ്യുന്ന കൊണ്ടാണ് ഭാര്യയ്ക്ക് ഉയരങ്ങളിലെത്താന്‍ അവസരങ്ങള്‍ ഉണ്ടാവുന്നതെന്ന പൊതുജനാഭിപ്രായത്തെ അവര്‍ ഭയക്കാതിരിക്കുന്നതെങ്ങെനെ?
സാധരണഗതിയില്‍ ആളുകള്‍ പറയാറുള്ളത് പുരുഷന് രണ്ട് ഭാര്യമാരെ ആവശ്യമുണ്ടെന്നാണ്. വീട്ടിലും ഓഫിസില്‍ പ്രൈവറ്റ് സെക്രട്ടറിയായും. ഇന്ന് സ്ത്രീകളുടെ കാര്യത്തിലും അത് യാഥാര്‍ത്ഥ്യമാകുന്നു. ഓഫീസ് ജോലിയില്‍ സഹായിയായും വീട്ടുകാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ പറ്റിയ ഭര്‍ത്താവായും.
ഹൗസ്ഹസ്‌ബെന്റ് ആയിത്തന്നെ നില്ക്കുന്ന പുരുഷന്മാര്‍ ഏറെയുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. തന്റെ പങ്കാളിയ്ക്ക് കരിയറില്‍ കിട്ടുന്ന വലിയ അവസരങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ ചെറിയ ജോലിയില്‍ നിന്ന് വളരെ നേരത്തെ റിട്ടയര്‍ ചെയ്ത് വീട്ടുകാര്യങ്ങള്‍ നോക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടിക്കൂടിവരികയാണ്. എടി ആന്റ് ടിയില്‍ ജോലി ചെയ്തിരുന്ന ഫ്രാങ്ക് ഫ്ലോറിന 1998-ല്‍ വിആര്‍എസ് വാങ്ങിയത് മറ്റൊന്നിനുമല്ല, ഹ്യൂലെറ്റ് പാക്കാര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടിവും യുഎസ് സെനറ്റംഗവുമായിരുന്ന ഭാര്യ കാര്‍ലി ഫിയോറിനയുടെ ഉയര്‍ച്ചയ്ക്ക് താങ്ങും തണലുമായി നില്ക്കുന്നതിന് വേണ്ടിയായിരുന്നു.
തങ്ങളുടെ ലക്ഷ്യസാക്ഷാത്ക്കരണത്തിന് പ്രചോദനമേകാന്‍ ഒരു പങ്കാളി വേണം എന്ന് തന്നെയാണ് ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത്. തങ്ങളെപ്പോലെത്തന്നെ കരിയര്‍ ഗ്രാഫുയര്‍ത്തുവാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന, ഒരേ തൂവല്‍ പക്ഷികളായ പുരുഷന്മാരെ അവര്‍ കണ്ടെത്തുന്നു.
ദി സീക്രട്ട്‌സ് ഓഫ് സിഇഒ-യുടെ സഹഎഴുത്തുകാരനായ സ്റ്റീവ് ടാപ്പിന്‍ പറയുന്നത് ഉചിതനായ പങ്കാളി ഒത്തുവന്നില്ലെങ്കിലും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിശ്വസ്തമായ ഒരു ബന്ധം അവര്‍ തേടുന്നു എന്നാണ്. അത് അമ്മയാകാം, ആണ്‍സുഹൃത്തുക്കളാകാം, കാമുകന്മാരാകാം. തങ്ങളുടെ ജീവിതത്തിന് കരുത്ത് പകരുന്ന സാന്നിദ്ധ്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും.
അമ്മയ്‌ക്കെന്ത് ജോലി എന്നാരെങ്കിലും ചോദിച്ചാല്‍ ഹൗസ് വൈഫ് എന്ന് അഭിമാനപൂര്‍വ്വം ഉത്തരം നല്‍കും മിക്കവാറും കുട്ടികള്‍. വിദൂരമല്ലാത്ത ഭാവിയില്‍ എന്റെ അച്ഛന്‍ ഹൗസ് ഹസ്ബന്റ് ആണ് എന്ന് ഇതേ അഭിമാനത്തോടെ കുട്ടികള്‍ പറയുന്ന കാലം വരുമോ..! നമ്മുടെ കൊച്ചുകേരളത്തില്‍ ഇങ്ങനെയൊരു പറച്ചിലിന് പ്രതീക്ഷയുണ്ടോ...?