തോട്ടങ്ങളിലെ ടൂറിസം: 90 ശതമാനത്തിലും കൃഷി ചെയ്യണം

Published on  06 Sep 2012
തിരുവനന്തപുരം: തോട്ടങ്ങളുടെ അഞ്ചുശതമാനം ഭാഗത്ത് വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാനുള്ള നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കി. ടൂറിസം പദ്ധതി നടപ്പിലാക്കുന്ന ഭൂമിയുടെ തൊണ്ണൂറുശതമാനം ഭാഗവും കൃഷിക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും മാറ്റിവയ്ക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. തോട്ടങ്ങളില്‍ നിര്‍ദിഷ്ട കൃഷിയല്ലാതെ മറ്റൊന്നും പാടില്ല എന്ന നിയമത്തില്‍ വരുത്തുന്ന ഭേദഗതിക്ക് നിയമസഭ അംഗീകാരം നല്‍കിയിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരുന്നു. ഇതോടെയാണ് തോട്ടങ്ങളിലെ അഞ്ചുശതമാനം ഭാഗത്ത് ഫാം ടൂറിസം നടത്തുന്ന പദ്ധതിക്ക് അംഗീകാരമായത്. ബുധനാഴ്ച മന്ത്രസഭ അംഗീകരിച്ച വ്യവസ്ഥയനുസരിച്ച് തോട്ടങ്ങളിലെ നിര്‍ദിഷ്ട ടൂറിസം മേഖലയുടെ പത്ത് ശതമാനം ഭാഗത്തു മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂ. 90 ശതമാനം ഭാഗവും കൃഷിക്കായി ഉപയോഗിക്കണം.

ഒരു തോട്ടത്തില്‍ ഒരിക്കല്‍ മാത്രമേ ഫാം ടൂറിസത്തിനുവേണ്ടിയുള്ള അഞ്ച് ശതമാനം ഇളവ് അനുവദിക്കൂ. തോട്ടത്തിന്റെ വില്‍ക്കുന്ന ഭാഗങ്ങള്‍ക്ക് ഈ ഇളവ് അനുവദിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഹൈടെക് കൃഷി ഇവിടെ നടപ്പിലാക്കും. പ്രാദേശിക സമൂഹത്തിന് ഈ കൃഷിഭൂമിയില്‍ തൊഴില്‍ നല്‍കണം.

തോട്ടം മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മറികടക്കാനാണ് അഞ്ചുശതമാനത്തില്‍ ടൂറിസമാകാമെന്ന തൊഴിലാളി സംഘടനകളുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ''തോട്ടഭൂമിയില്‍ ഫാം ടൂറിസം നടപ്പിലാക്കുന്നതിനെ ഇപ്പോള്‍ പ്രതിപക്ഷം എതിര്‍ക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. 2005 ആഗസ്തിലാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് വന്ന ഇടതു സര്‍ക്കാര്‍ ഇതിന് അനുകൂല നടപടിയെടുത്തു.

ബില്ലിന് അനുമതി നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കുകയും ചെയ്തിരുന്നു. പദ്ധതി എങ്ങനെ നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ രൂപവത്കരിച്ച ഉപദേശക സമിതിയിലും ഭൂരിപക്ഷം ഇടത് ട്രേഡ് യൂണിയനുകള്‍ക്കായിരുന്നു. അവരാണ് വിശദമായ ചട്ടങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.''- ഉമ്മന്‍ ചാണ്ടി പറഞ്ഞു.