ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ നടന്‍ മമ്മൂട്ടിക്ക് ഡല്‍ഹി മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി സമന്‍സയച്ചു. കൈരളി ചാനലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ കോടതി വിളിപ്പിച്ചത്.
ഡിസംബര്‍ 22-ന് മുമ്പ് കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന് അഡീഷണല്‍ ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് അങ്കിത് ഷുംഗ്ല ഉത്തരവിട്ടു. ക്രിസ്ത്യന്‍ സംഘടനയായ 'ഗോസ്പല്‍ ഫോര്‍ ഏഷ്യ' നല്‍കിയ ഹര്‍ജിയിലാണ് സമന്‍സ്. തേജസ് ദിനപ്പത്രത്തിനും സമന്‍സയച്ചിട്ടുണ്ട്.
ജുഡീഷ്യല്‍ നടപടിയുമായി ബന്ധപ്പെട്ട് 'ഗോസ്പല്‍ ഫോര്‍ ഏഷ്യ' സ്ഥാപകന്‍ കെ.പി. യോഹന്നാന്റെ പ്രതിച്ഛായ തകര്‍ക്കുന്ന വിധത്തില്‍ കൈരളി ചാനല്‍ വസ്തുതാ വിരുദ്ധമായ വാര്‍ത്ത നല്‍കിയെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച 63 കോടി രൂപ യോഹന്നാന്‍ എരുമേലി ചെറുവള്ളി എസ്റ്റേറ്റ് വാങ്ങാന്‍ ഉപയോഗിച്ചെന്ന് ജൂലായ് 12-ന് കൈരളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി.
എസ്റ്റേറ്റ് സര്‍ക്കാറിന്‍േറതാണെന്ന് കേരളാഹൈക്കോടതി വിധിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധാരണ സൃഷ്ടിച്ചാണ് ചാനല്‍ വാര്‍ത്തനല്‍കിയതെന്ന് ഹര്‍ജി കുറ്റപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ അത്തരമൊരു വിധിയുണ്ടായിട്ടില്ല. യോഹന്നാന്റെയും 'ഗോസ്പല്‍ ഫോര്‍ ഏഷ്യ'യുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ചാനലിന്റെ ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരനും റിപ്പോര്‍ട്ടര്‍ക്കും സമന്‍സയച്ചിട്ടുണ്ട്.
കെ.പി. യോഹന്നാന്‍ ഒന്നര വര്‍ഷത്തിനിടെ 250 കോടി രൂപയുടെ വിദേശ സഹായം കൈപ്പറ്റിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് 'തേജസിന്' സമന്‍സയച്ചത്. 'തേജസ്' എഡിറ്റര്‍ ഇന്‍ ചീഫ് എന്‍.പി ചെക്കൂട്ടിക്കും റിപ്പോര്‍ട്ടര്‍ക്കുമാണ് സമന്‍സ്.