തിരുവനന്തപുരം: അറേബ്യന്‍ സമുദ്രത്തിലെ ഉഷ്ണവാതക പ്രവാഹത്തില്‍ വന്ന മാറ്റമാണ് ഈ വര്‍ഷം കാലവര്‍ഷം കുറയാന്‍ കാരണമെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍. കേരളത്തിലെ കാലവര്‍ഷ വ്യതിയാനത്തെപ്പറ്റി നടത്തിയ സെമിനാറിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എല്‍നിനോ-ലാനിനാ തുടങ്ങിയ ഭൗമ-സമുദ്ര കാലാവസ്ഥ പ്രതിഭാസങ്ങള്‍ കാരണമാണ് കാലവര്‍ഷത്തിന്റെ തോതില്‍ വ്യതിയാനം ഉണ്ടാകുന്നത്. ദക്ഷിണാര്‍ധ ഗോളത്തില്‍ മെഡഗാസ്‌കര്‍ ദ്വീപിന് മുകളില്‍ ഉയര്‍ന്ന മര്‍ദം നിലനിന്നാലേ കാലവര്‍ഷം കൃത്യമായതോതില്‍ ലഭിക്കൂ എന്നതാണ് ശാസ്ത്രീയ നിഗമനം. എന്നാല്‍ ഈ പ്രതിഭാസത്തിലെ മാറ്റംകാരണം ഈ വര്‍ഷം കാലവര്‍ഷത്തിന് മാറ്റമുണ്ടായതായി സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച തിരുവനന്തപുരം മെറ്റിരിയോളജിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. ഇതിനോടൊപ്പം അറേബ്യന്‍ സമുദ്രത്തിന് മുകളില്‍ ഉണ്ടായ അസാധാരണ ശീതപ്രവാഹം കാരണം ഭൂമധ്യരേഖാപ്രദേശത്ത് തണുത്ത കാറ്റ് വിശുന്ന പ്രതിഭാസവുമുണ്ടായി. ഇതുകാരണം ഇന്തോനേഷ്യ മുതല്‍ പസഫിക് സമുദ്രത്തിന്റെ പെറു തീരംവരെ ഈ ശൈത്യ കാലാവസ്ഥ നിലനില്‍ക്കുന്നതായി സെമിനാര്‍ വിലയിരുത്തി.
ചെന്നൈ കാലാവസ്ഥ കേന്ദ്രത്തിലെ ഡയറക്ടര്‍ ജനറല്‍ ഡോ. വൈ.സി.എ. രാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.കെ. രാമചന്ദ്രന്‍, ഡോ. എ.എസ്.കെ. നായര്‍, വി.കെ. മിനി, ഡോ.കെ. രാജീവ്, ജി. ഗീത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെസ് പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് വി. മുരളീധരന്‍ നന്ദി പറഞ്ഞു.