ക്ലാര്‍ക്കിനും ചീഫ് സെക്രട്ടറിക്കും ഒരേ നികുതി

Published on  22 Aug 2012

വിവേക് ആര്‍. ചന്ദ്രന്‍

തൊഴില്‍നികുതി നിര്‍ണയം അശാസ്ത്രീയം; കോടികളുടെ നഷ്ടം

തിരുവനന്തപുരം: കേന്ദ്രനിയമത്തിലെ അപാകം കാരണം ചീഫ് സെക്രട്ടറിയും വകുപ്പുതല മേധാവികളും സാധാരണ യു.ഡി. ക്ലാര്‍ക്കും ബങ്ക് കടക്കാരും തൊഴില്‍ നികുതി നല്‍കുന്നത് ഒരേ തുക. ഇതുമൂലം കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പഞ്ചായത്തുകള്‍ക്കും കോടികളുടെ നഷ്ടമാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്. പരമാവധി വാര്‍ഷിക നികുതി 2500 ല്‍ കൂടാന്‍ പാടില്ലെന്ന നിയമമാണ് ഈ നികുതി ചോര്‍ച്ചക്ക് കാരണം.

ആറുമാസത്തിലൊരിക്കലാണ് തൊഴില്‍ നികുതി അടയേ്ക്കണ്ടത്. വരുമാനമനുസരിച്ച് 120 മുതല്‍ 1250 രൂപ വരെയാണ് ഈടാക്കുന്നത്. അര്‍ധവാര്‍ഷിക വരുമാനം 12,000 മുതലുള്ളവര്‍ നികുതി അടയ്ക്കണം. 1,24,999 രൂപ വരെ വരുമാനമുള്ളവരെ എട്ട് തട്ടുകളായി തിരിച്ച് നികുതി നിശ്ചയിച്ചിട്ടുണ്ട്. ഇതിന് മുകളിലുള്ളവര്‍ എല്ലാവരും 1250 രൂപ അടച്ചാല്‍ മതി. യു.ഡി. ക്ലാര്‍ക്കും, എ.എസ്.ഐ.യും മുതലുള്ള സര്‍ക്കാര്‍ ജീവനക്കാരാണ് 1250 രൂപ തൊഴില്‍ നികുതി പരിധിയുടെ തുടക്കത്തില്‍ വരുന്നത്. ഇവരുടെ അടിസ്ഥാനശമ്പളം, സ്‌പെഷ്യല്‍ പേ, ഡി.എ., ബോണസ്, ലീവ് സറണ്ടര്‍ എന്നിവയെല്ലാം ചേര്‍ത്ത അര്‍ധവാര്‍ഷിക വരുമാനമാണ് നികുതിക്ക് പരിഗണിക്കുന്നത്. അതേസമയം ഒരു മാസം 1,49,000 രൂപ ശമ്പളം ലഭിക്കുന്ന ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും അടക്കമുള്ള വകുപ്പ് മേധാവികളും സെക്രട്ടറിമാരും നല്‍കുന്നതും ഈ തുകയാണ്. ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞര്‍ പ്രതിമാസം 90,000 രൂപ വരെ ശമ്പളം വാങ്ങുന്ന കോളേജ് അധ്യാപകര്‍, ജില്ലാ കളക്ടര്‍മാര്‍, മെഡിക്കല്‍ കോളേജ് അധ്യാപകര്‍, എന്നിവരെല്ലാം ഇതേ പട്ടികയില്‍ വരുന്നവരാണ്. അതേസമയം ആദായനികുതി കണക്കാക്കുന്നത് തുകയുടെ ശതമാനത്തിനനുസരിച്ചാണ്. അഞ്ചുലക്ഷത്തിന് താഴെ വരുമാനമുള്ളയാള്‍ 10 ശതമാനം നല്‍കുമ്പോള്‍ എട്ട് ലക്ഷത്തിന് മകുളില്‍ വരുമാനമുള്ള ആള്‍ മുപ്പത് ശതമാനം ആദായ നികുതി നല്‍കുന്നുണ്ട്.

ടെക്‌നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും അടക്കമുള്ള വന്‍ കമ്പനികളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. സാധാരണ ടെക്‌നിക്കല്‍ ജീവനക്കാരന്‍ മുതല്‍ സി.ഇ.ഒ. വരെ ഒരേ തൊഴില്‍ നികുതിയാണ് നല്‍കുന്നത്. സ്വകാര്യ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സ്ഥാപനത്തിന്റെ തൊഴില്‍ നികുതി ഈടാക്കുന്നുണ്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതും ഈടാക്കുന്നത്. മാസം കഷ്ടിച്ച് 21,000 രൂപ വരുമാനമുള്ള ഒരു ബങ്ക് കടയ്ക്കും ദിവസേന ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുന്ന വന്‍കിടക്കാരനും നല്‍കുന്നതും 1250 രൂപയാണ്.

തിരുവനന്തപുരവും എറണാകുളവും അടക്കമുള്ള കോര്‍പ്പറേഷനുകള്‍ക്കാണ് ഈ അശാസ്ത്രീയ നികുതി വ്യവസ്ഥ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുന്നത്. തലസ്ഥാനത്താണ് വിവിധ വകുപ്പ് തലവന്‍മാരടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഏറെയുള്ളത്. ഐ.എസ്.ആര്‍.ഒ., ടെക്‌നോപാര്‍ക്ക് എന്നിവയും ഏറ്റവും അധികം തൊഴില്‍ നികുതി നല്‍കുന്ന സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും വന്‍ശമ്പളം വാങ്ങുന്നവരാണ്. വ്യവസായശാലകളും വ്യാപാരസ്ഥാപനങ്ങളും ഏറെയുള്ള എറണാകുളത്തിലും വന്‍ നികുതി ചോര്‍ച്ചയാണ് ഉണ്ടാകുന്നത്. ജില്ലാ ആസ്ഥാനങ്ങളായ മുനിസിപ്പാലിറ്റികള്‍ക്കും കോടികള്‍ നഷ്ടമാകുന്നുണ്ട്.

2005 ലെ തൊഴില്‍ നികുതി ചട്ടങ്ങള്‍ പ്രകാരമാണ് നികുതി നിശ്ചയിച്ചിട്ടുള്ളത്. പരമാവധി 2500 രൂപയെന്ന നിയമത്തില്‍ മാറ്റം വരുത്താതെ തൊഴില്‍ നികുതിയില്‍ വര്‍ദ്ധനവ് വരുത്താനാവില്ല. വികസനത്തിന് ഫണ്ടില്ലാതെ വലയുന്ന നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴില്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇവരുടെ നിര്‍ബന്ധപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ ഇടയ്ക്കിടക്ക് നിയമ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുകളയയ്ക്കുന്നുണ്ടെങ്കിലും നടപടികളൊന്നുമുണ്ടാകാറില്ല.