ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുനഃ സംഘടനയുടെ ഭാഗമായി മുഴുവന്‍ ഭാരവാഹികളെയും മാറ്റാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാകുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവിതന്നെ ഇക്കാര്യത്തില്‍ പരസ്യപ്രതികരണവുമായി രംഗത്തു വന്നു. പുനഃസംഘടനയുടെ ഭാഗമായി തുഗ്ലക്ക് പരിഷ്‌കാരം നടത്തരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ നിലപാട് കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
രവിയുടെ അഭിപ്രായപ്രകടനത്തോട് മൃദുവായ ഭാഷയിലാണ് ചെന്നിത്തല പ്രതികരിച്ചത്. രവിയും എ.കെ.ആന്‍റണിയുമെല്ലാം മുതിര്‍ന്ന നേതാക്കളാണെന്നും അവരുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും ചെന്നിത്തല പറഞ്ഞു. മുഴുവന്‍ ഭാരവാഹികളെയും മാറ്റി പുനഃസംഘടന നടത്തണമെന്ന അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് വയലാര്‍ രവി പറഞ്ഞു. മുമ്പൊരിക്കല്‍ ഇങ്ങനെ മുഴുവന്‍ ഭാരവാഹികളെയും മാറ്റിയിരുന്നു.
പിന്നീട പല പഴയ ഭാരവാഹികളേയും തിരിച്ചു കൊണ്ടുവരികയുംചെയ്തു -അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരുമായും സംസാരിച്ച് പാര്‍ട്ടിക്ക് ഗുണകരമായ രീതിയിലേ പുനഃസംഘടന നടത്തൂ. ചര്‍ച്ചകള്‍നടക്കുകയാണ്. എത്രയുംവേഗം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഒരു തരത്തിലുള്ള ആശയക്കുഴപ്പവും ഇക്കാര്യത്തില്‍ പാര്‍ട്ടിയിലില്ല -രമേശ് ചെന്നിത്തല വ്യക്തമാക്കി. ഏതെങ്കിലുമൊരു വിഭാഗത്തിന്റെമാത്രം താത്പര്യത്തില്‍ പുനഃസംഘടന നടത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നാണ്‌വയലാര്‍ രവിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന.