ന്യൂഡല്‍ഹി: അസം കലാപത്തെച്ചൊല്ലി വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന മൊബൈല്‍ സന്ദേശങ്ങള്‍ക്കുപിന്നില്‍ കേരളത്തിലെ 'പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ'യ്ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, വ്യാജസന്ദേശങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ ശരിയായ രീതിയില്‍ കൈമാറിയാല്‍ അത്തരം വെബ്‌സൈറ്റുകള്‍ തടയുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പാകിസ്താന്‍ അറിയിച്ചു.
മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന പതിവ് പാകിസ്താനില്ലെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ടി.വി. ചാനലിന് നല്‍കിയ അഭിമുഖത്തില്‍പറഞ്ഞു. സൈബര്‍ സുരക്ഷാ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ടിനെക്കൂടാതെ ബംഗ്ലാദേശ് കേന്ദ്രമായ ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാമി(ഹുജി)ക്കും എസ്.എം.എസ്. സന്ദേശങ്ങളയച്ചതില്‍ പങ്കുണ്ടെന്ന് ഏജന്‍സി കണ്ടെത്തി.

വിദ്വേഷമുണ്ടാക്കുന്ന സന്ദേശങ്ങള്‍ക്കുപിന്നില്‍ ഇന്ത്യയിലുള്ള ഏതെങ്കിലും സംഘടനകള്‍ക്ക് പങ്കുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ സൈബര്‍ യുദ്ധം നടക്കുന്നുണ്ടെന്നും ഇത് തടയാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വര്‍ഗീയച്ചുവയുള്ള സന്ദേശങ്ങളയച്ചതില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കില്ലെന്ന് നേതൃത്വം പ്രതികരിച്ചു.
അതിനിടെ, വംശീയവിദ്വേഷം പരത്തുന്ന സാമൂഹിക വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേന്ദ്ര ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അസം കലാപത്തെത്തുടര്‍ന്ന് വംശീയവിദ്വേഷമുണ്ടാക്കാന്‍ ഇതുവരെ പ്രചരിപ്പിക്കപ്പെട്ട ആറുകോടി സന്ദേശങ്ങളും ആഗസ്ത് 13ന് അയച്ചതാണെന്നും സൈബര്‍ സുരക്ഷാ ഏജന്‍സി കണ്ടെത്തി.
ഇത്തരം പ്രകോപനപരമായ സന്ദേശങ്ങളയയ്ക്കുന്നവര്‍ മിക്കപ്പോഴും മൂന്നാംകക്ഷിയുടെ സര്‍വര്‍ ഉപയോഗിക്കുന്നതിനാല്‍ പ്രചാരകരെ കണ്ടെത്തല്‍ സൈബര്‍വിദഗ്ധര്‍ക്ക് എളുപ്പമായിരുന്നില്ല. എളുപ്പത്തില്‍ കണ്ടുപിടിക്കാതിരിക്കാന്‍ വിവിധ രാജ്യങ്ങള്‍വഴിയാണ് സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടത്. എന്നാല്‍, വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ കൂട്ടമായി സന്ദേശങ്ങളയച്ചതിനുപിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമാണെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സി കണ്ടെത്തി.
മ്യാന്‍മറിലെ രോഹിംഗ്യ മുസ്‌ലിങ്ങള്‍ക്കെതിരായ അക്രമം പരാമര്‍ശിച്ചുള്ളതായിരുന്നു ഒരു ഭീഷണി സന്ദേശം. പശ്ചിമ മ്യാന്‍മറിലെ അരക്കന്‍ സംസ്ഥാനത്തെ ഈ ജനവിഭാഗത്തിന് പരമ്പരാഗതമായി ഇസ്‌ലാമിക സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ വടക്കുകിഴക്കന്‍ സംഘര്‍ഷമേഖലകളിലേക്ക് ചിറ്റഗോങ്ങിലെ കോക്‌സ്ബസാര്‍ വഴി ആയുധങ്ങള്‍ വിതരണംചെയ്തിരുന്ന പ്രദേശം കൂടിയാണ് അരക്കന്‍സംസ്ഥാനം. അഫ്ഗാന്‍ ആഭ്യന്തരയുദ്ധത്തിലും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയ്‌ക്കെതിരായ അക്രമത്തിലുമെല്ലാം പങ്കാളികളാണ് 'ഹുജി'.
വംശീയ-വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ശക്തമായ നിരീക്ഷണത്തിലായിരുന്നു. അധ്യാപകന്റെ കൈ വെട്ടിയതടക്കം ഭീകരസ്വഭാവമുള്ള ഒട്ടേറെ അക്രമങ്ങള്‍ നടത്തിയ സംഘടന ഏറെക്കാലമായി സുരക്ഷാ വിഭാഗങ്ങളുടെ നിരീക്ഷണവലയത്തിലുണ്ട്.
നിരോധിത സംഘടനയായ സിമിയുടെ തുടര്‍ച്ചയെന്നോണം രൂപവത്കരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തിനുപുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലായി 80,000 കേഡര്‍മാരുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇതിനിടെ, മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ഇഷ്ടികച്ചൂളയില്‍ ജോലിക്കാരായ അസം സ്വദേശികളെ ഒരു സംഘമാളുകള്‍ സ്ഥലംവിടാന്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും വിവരം ലഭിച്ചു.
12 പേരടങ്ങുന്ന സംഘം 17ന് ചൂളയിലെത്തി 20നുമുമ്പ് സ്ഥലംവിടണമെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നുവത്രേ. തൊട്ടടുത്ത ദിവസം ഇഷ്ടികച്ചൂളയുടെ ഉടമ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അസമില്‍ നിന്നുള്ള 14 തൊഴിലാളികള്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കി. ഇതില്‍ തീവ്രവാദസ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നും പോലീസും സുരക്ഷാ ഏജന്‍സിയും അന്വേഷിച്ചുവരുന്നു.