നളിനിയുടെ മൃതദേഹവും കണ്ടെത്തി; മരിച്ചവര്‍ക്ക് അശ്രുപൂജ

Published on  20 Aug 2012
പൈങ്ങോട്ടൂര്‍ ഉരുള്‍പൊട്ടല്‍

കടവൂര്‍: ദുരന്തത്തിന്റെ മൂന്നാംനാള്‍ നളിനിയുടെ മൃതദേഹംകൂടി കണ്ടെടുത്തതോടെ കടവൂര്‍ നാലാം ബ്ലോക്കില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് നളിനിയുടെ തകര്‍ന്നടിഞ്ഞ വീടിനുതാഴെ ഏതാനും മീറ്റര്‍ മാറി ചെളിയില്‍പ്പൂണ്ട മൃതദേഹം സേവാസമിതി പ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തത്. മണ്ണുമാന്തിയന്ത്രങ്ങള്‍ പണിനിര്‍ത്തിയതിനുശേഷവും സേവാസമിതി പ്രവര്‍ത്തകര്‍ തുടര്‍ന്ന അന്വേഷണമാണ് ഫലം കണ്ടത്.

കുത്തൊഴുക്കില്‍ വന്നടിഞ്ഞ ചെളിക്കുഴിയില്‍ തലകുത്തനെയായിരുന്നു നളിനിയുടെ മൃതദേഹം. വലിയ കല്ല് തടഞ്ഞുനിന്നിരുന്ന ഭാഗത്തെ പനവെട്ടി മാറ്റിയായിരുന്നു തിരച്ചില്‍. ചതുപ്പുനിറഞ്ഞ കുഴിയില്‍ പനയോല ഇട്ട്‌നിറച്ച് കൈകൊണ്ട് ചെളിയും കല്ലുകളും മാന്തി മാറ്റി നടത്തിയ തിരച്ചിലിനിടെ ആദ്യം കണ്ടത് നളിനിയുടെ പാദമാണ്. മൃതദേഹത്തില്‍ നിന്ന് തൊലി അടര്‍ന്നുപോയിത്തുടങ്ങിയിരുന്നു.

ദുരന്തം നടക്കുമ്പോള്‍ വീടിനു താഴത്തെ നീര്‍ച്ചാലില്‍ കുളിക്കുകയായിരുന്നു നളിനി. കുത്തിയൊഴുകിവന്ന ചെളിയും മലവെള്ളവും നളിനിക്കൊപ്പം ഭര്‍ത്താവ് മധുവിന്റെ ജീവനും എടുത്തു. മകന്‍ രാജേഷ് ഗുരുതരമായ പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മാടക്കാപ്പിള്ളി ഉലഹന്നാന്‍ ഐപ്പ് (കുഞ്ഞൂഞ്ഞ്-66), ഭാര്യ ലീല (59), വട്ടക്കുന്നേല്‍ ഔസേഫ് (78), താന്നിക്കുഴി നാരായണന്‍ എന്നിവരാണ് ദുരന്തത്തില്‍ മരിച്ച മറ്റുള്ളവര്‍.

മൃതദേഹങ്ങള്‍ കടവൂര്‍ ഗവ. വിഎച്ച്എസ് സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനുവച്ചു. കോതമംഗലം സര്‍ക്കാര്‍ ആസ്പത്രിയില്‍ നിന്ന് ഞായറാഴ്ച രാവിലെ 10 ഓടെ അഞ്ച് ആംബുലന്‍സുകളിലായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിലാപയാത്ര. മൃതദേഹങ്ങള്‍ വഹിച്ച വാഹനങ്ങള്‍ കടവൂര്‍ സ്‌കൂള്‍ മൈതാനിയിലെത്തിയപ്പോഴേക്കും പ്രദേശം ജനസമുദ്രമായി കഴിഞ്ഞിരുന്നു. ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനുമെത്തി.

മന്ത്രിമാരായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, എംപിമാരായ പി. രാജീവ്, പി.ടി. തോമസ്, മുന്‍ എംപി പി.സി. തോമസ്, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ഇതിനിടയിലാണ് 11.30ഓടെ നളിനിയുടെ മൃതദേഹം കണ്ടെത്തിയത്. കടവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹം ദുരന്തസാഹചര്യം കണക്കിലെടുത്ത് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പെട്ടെന്നുതന്നെ കടവൂര്‍ സ്‌കൂളിലെ പൊതുദര്‍ശന പന്തലിലെത്തിച്ചു. ഭര്‍ത്താവ് മധുവിനു സമീപത്ത് നളിനിയുടെ മൃതദേഹംകൂടി വച്ചു. ഇവരുടെ മകന്‍ രാജേഷ് ദുരന്തത്തില്‍ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

പി.ടി. തോമസ് എംപി, ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ, ടി.യു. കുരുവിള എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.ഐ. ജേക്കബ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഒരു മണിയോടെ ആറ് പേരുടേയും മൃതദേഹങ്ങള്‍ വിലാപയാത്രയായി ദുരന്തഭൂമിയായ നാലാം ബ്ലോക്കില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. വന്‍ ജനാവലിയാണ് ഇവിടേയും ഉണ്ടായിരുന്നത്.

അര മണിക്കൂറിനുശേഷം മൃതദേഹങ്ങള്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കായി കൊണ്ടുപോയി. മധുവിന്റെയും നളിനിയുടെയും മൃതദേഹങ്ങള്‍ മധുവിന്റെ അനുജന്‍ രമണന്റെ കൂവള്ളൂരിലുള്ള വസതിയിലും ഐപ്പ്-ലീല ദമ്പതിമാരെ ഞാറക്കാട് സെന്‍റ് ജോണ്‍സ് യാക്കോബായ പള്ളിയിലും ഔസേഫിനെ ഞാറക്കാട് സെന്‍റ് ജോസഫ് കത്തോലിക്ക പള്ളിയിലും നാരായണനെ നാലാം ബ്ലോക്കിലെ വീട്ടുവളപ്പിലും സംസ്‌കരിച്ചു. അപകടം ഇനിയും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ നാലാം ബ്ലോക്ക് വാസികളെല്ലാം തന്നെ ബന്ധുക്കളുടെ വീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.