
പാലക്കാട്: ലാഭകരമായി പ്രവര്‍ത്തിക്കുന്ന കേരള ഭാഗ്യക്കുറിയെ തകര്‍ക്കാന്‍ അന്യസംസ്ഥാന ലോട്ടറിമാഫിയ വീണ്ടും രംഗത്ത്. ഓണ്‍ലൈന്‍ ലോട്ടറി സംസ്ഥാനതലത്തില്‍ രഹസ്യമായി വില്പന നടത്തിയും കേരളലോട്ടറി അന്യസംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തിയുമാണ് ലോട്ടറിമാഫിയ സജീവമായിരിക്കുന്നത്. കേരളത്തില്‍ വ്യാജലോട്ടറികള്‍ വില്പന നടത്തുന്നെ ന്ന പ്രചാരണവുമുണ്ട്. ഇതോടൊപ്പം ഗോവ, നാഗാലന്‍ഡ്, പഞ്ചാബ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ ലോട്ടറി ആരംഭിക്കാനും ശ്രമം തുടങ്ങി.
കേരളലോട്ടറിയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന ലോട്ടറിവകുപ്പ് ദേശീയതലത്തില്‍ പ്രചാരണത്തിനിറങ്ങുകയാണ്.
ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും മലബാര്‍മേഖലയില്‍ വ്യാപകമായി ഓണ്‍ലൈന്‍ലോട്ടറി വില്പനയുണ്ട്. ഫോണ്‍വഴിയും ഓണ്‍ലൈനായും നമ്പറുകള്‍ നല്‍കിയാണ് വില്പന. ഇത്തരത്തില്‍ വില്പന നടത്തിയതിന് 41 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ലോട്ടറി ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയുള്ളതിനാല്‍ കേസുകളില്‍ ശക്തമായ നടപടിയെടുക്കാനാവുന്നില്ല.
കേരളലോട്ടറി തമിഴ്‌നാട് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ അനധികൃതമായി വില്പന നടത്തുന്നുണ്ട്. കേരളത്തിനുപുറത്ത് വില്പന നിരോധിച്ചിട്ടും ഈരീതിയില്‍ ലോട്ടറി വില്‍ക്കുന്നത് കേരളലോട്ടറിയുടെ പ്രതിച്ഛായ തകര്‍ക്കാനാണെന്ന് പറയുന്നു. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അന്യസംസ്ഥാനലോട്ടറി നടത്തിപ്പുകാരാണ് ലോട്ടറി മൊത്തത്തില്‍വാങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നത്. ബിഹാറില്‍നിന്നും പശ്ചിമബംഗാളില്‍ നിന്നും സമ്മാനംനേടിയ കേരളലോട്ടറിയുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് ലോട്ടറി ഡയറക്ടര്‍ പറഞ്ഞു.
അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കേരളലോട്ടറിയുടെ സമ്മാനംനല്‍കാന്‍ വ്യവസ്ഥയില്ല. ഇതറിഞ്ഞിട്ടും അന്യസംസ്ഥാനങ്ങളില്‍ വ്യാപകമായി ലോട്ടറികള്‍ വില്‍ക്കുന്നത് കേരളലോട്ടറിയെ തകര്‍ക്കാനാണെന്ന് പറയുന്നു. ഇതിനെതിരെ രണ്ടുദിവസത്തിനകം രാജ്യവ്യാപകമായി ദിനപ്പത്രങ്ങളില്‍ പരസ്യംനല്‍കി പ്രചാരണം നടത്തും. സംസ്ഥാനങ്ങളെ രേഖാമൂലം അറിയിക്കുകയും ചെയ്യും.
ആഴ്ചയില്‍ ഒന്നരക്കോടി ടിക്കറ്റുകള്‍ കേരളത്തില്‍ അച്ചടിക്കുന്നുണ്ട്. കാക്കനാട്ടെ കെ.ബി.പി.എസ്., തിരുവനന്തപുരത്തെ സിയാറ്റ് പ്രസ് എന്നിവിടങ്ങളിലാണ് അച്ചടി. ശേഷിയിലും ഇരട്ടി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിനാല്‍ ഗുണമേന്മ കുറയുന്നതുകൊണ്ടാണ് ടിക്കറ്റുകളിലെ നമ്പര്‍ മാഞ്ഞുപോകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ടിക്കറ്റിലെ ബാര്‍കോഡും പുറത്ത്‌സീലും ഉള്ളതിനാല്‍ സമ്മാനംനല്‍കുന്നതില്‍ പ്രശ്‌നമില്ലെന്ന് അധികൃതര്‍ പറഞ്ഞു. അല്ലാതെ വ്യാജടിക്കറ്റ് ഒരിടത്തും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗോവന്‍ലോട്ടറി നടത്തിപ്പിനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാറിന്റെ പരിശോധനയിലാണ്. കേരളലോട്ടറിയുടെ നടത്തിപ്പ് പഠിക്കാനാണ് മറ്റു സംസ്ഥാനങ്ങള്‍ രംഗത്തുവരുന്നത്.