
ന്യൂഡല്‍ഹി: കൂട്ടുകാര്‍ കൊളുത്തിയ മെഴുകുതിരിനാളങ്ങള്‍ക്കു മുന്നില്‍ ജ്വലിക്കുന്ന ഓര്‍മയാകാനായിരുന്നു ഇത്തവണത്തെ ജന്മദിനത്തില്‍ സത്‌നാമിന് വിധി. കേരളത്തിലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 77 മുറിവുകള്‍ പേറി കൊല്ലപ്പെട്ട ബിഹാര്‍സ്വദേശി സത്‌നാംസിങ് മാനിന്റെ 24-ാം ജന്മദിനമായിരുന്നു ഞായറാഴ്ച. ആഹ്ലാദത്തിനു പകരം അലയൊടുങ്ങാത്ത ദുഃഖമായി ജന്മദിനം മാറി. 'സത്‌നാമിനെ ഇനി കിട്ടില്ല, എന്നാല്‍ നീതി കിട്ടിയേ തീരൂ'-ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ ഒത്തുകൂടിയ ബന്ധുക്കളും കൂട്ടുകാരും സഹപാഠികളും ഒരേ സ്വരത്തില്‍ പറഞ്ഞു.
സഹോദരന്‍ പവന്‍കിഷോര്‍ സിങ് അടക്കം ബിഹാര്‍, യു.പി, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളുമാണ് സത്‌നാമിന്റെ ജന്മദിനത്തില്‍ ഒത്തുകൂടിയത്. സത്‌നാമിന് നീതി ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പ്രചാരണം തുടങ്ങാനും ഇവര്‍ തീരുമാനിച്ചു. കേരളത്തിലെ കേസ് നടപടികള്‍ നിരീക്ഷിക്കുന്നതോടൊപ്പം ദേശീയ മനുഷ്യാവകാശ കമ്മീഷനെയും ഇവര്‍ സമീപിച്ചിട്ടുണ്ട്.
ഒരാഴ്ചമുമ്പാണ് കമ്മീഷനില്‍ പരാതിനല്‍കിയത്. ആവശ്യമെങ്കില്‍ സുപ്രീംകോടതിയെയും സമീപിക്കുമെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി. അമൃതാനന്ദമയീമഠത്തില്‍ 'അമ്മ'യുടെ വേദിയില്‍ തള്ളിക്കയറാന്‍ ശ്രമിക്കവേ പിടിയിലായ സത്‌നാം പേരൂര്‍ക്കട മാനസികാരോഗ്യ ആസ്പത്രിയിലാണ് കൊല്ലപ്പെട്ടത്.
ആഴത്തില്‍ അറിവും ബുദ്ധികൂര്‍മതയുമുള്ള, എല്ലാവരെയും സ്‌നേഹിക്കാന്‍മാത്രം അറിയുന്ന വ്യക്തിയായിരുന്നു സത്‌നാമെന്നാണ് സുഹൃത്തുക്കളും സഹപാഠികളും ഒരുപോലെ പറയുന്നത്. എല്ലാ മതങ്ങളെക്കുറിച്ചും തത്ത്വശാസ്ത്രത്തെക്കുറിച്ചും പഠിക്കാന്‍ സത്‌നാം താത്പര്യം കാട്ടിയെന്ന് ലഖ്‌നൗവിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ ക്ലാസ്‌മേറ്റായിരുന്ന പ്രകാശ് പറഞ്ഞു.
ഭഗവദ്ഗീതയും ഖുര്‍ആനും ബൈബിളും മറ്റു മതഗ്രന്ഥങ്ങളും അദ്ദേഹം വായിക്കുമായിരുന്നു. ജീവിതത്തില്‍ ഇതുവരെയും സത്‌നാമിനെ കുപിതനായി കണ്ടിട്ടില്ലെന്ന് കുട്ടിക്കാലസുഹൃത്തായ രാഹുല്‍വര്‍മ ചൂണ്ടിക്കാട്ടി. ''പക്ഷപാതമില്ലാത്ത അന്വേഷണവും നീതിയുമാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതിനായി ഏതറ്റം വരെയും പോകും'' അമ്പതോളം വരുന്ന സംഘം വ്യക്തമാക്കി.