TOP STORIES TODAY
  Aug 18, 2012
2.3 ലക്ഷം പേര്‍ക്ക് മൂന്ന് സെന്‍റ് വീതം സൗജന്യഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരഹിതരായ 2,33,232 പേര്‍ക്ക് മൂന്ന് സെന്‍റ് വീതം സൗജന്യ ഭൂമി അനുവദിക്കാന്‍ റവന്യൂവകുപ്പ് നടപടികള്‍ തയ്യാറാക്കി. മൂന്നുവര്‍ഷത്തിനകം മുഴുവന്‍ പേര്‍ക്കും ഭൂമി വിതരണം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയുടെ ഭാഗമായി 2012 മാര്‍ച്ച് 9 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ശ്രമത്തിന്റെ ഭാഗമായാണ് 2.3 ലക്ഷത്തിലധികം അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത്. അവസാന തീയതിയായ ജൂലായ് 18 വരെ 4.1 ലക്ഷം പേര്‍ സൗജന്യ ഭൂമിയ്ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇപ്രകാരം ലഭിച്ച അപേക്ഷ വില്ലേജ് അടിസ്ഥാനത്തില്‍ പരിശോധിക്കുകയും 2.94 ലക്ഷം അപേക്ഷകള്‍ തഹസില്‍ദാര്‍മാര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. തഹസില്‍ദാര്‍ തലത്തില്‍ നടത്തിയ പരിശോധനയില്‍ 42,576 പേര്‍ അനര്‍ഹരാണെന്ന് കണ്ടെത്തി. 2,33,232 അപേക്ഷകള്‍ തഹസില്‍ദാര്‍മാര്‍ ജില്ലാ ഐ.ടി. സെല്ലുകളിലേക്ക് നല്‍കിക്കഴിഞ്ഞു.

അര്‍ഹതപ്പെട്ടവരുടെ പേരും മേല്‍വിലാസവും www.zerolandless.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഭൂരഹിതര്‍ക്ക് തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലൂടെയോ വെബ് സൈറ്റുകളിലൂടെയോ പട്ടിക പരിശോധിക്കാം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 1.24 ലക്ഷം ഭൂരഹിതരാണ് തലസ്ഥാന ജില്ലയില്‍ ഭൂമിക്കായി അപേക്ഷ നല്‍കിയിട്ടുള്ളത്. അര്‍ഹരായ എല്ലാ ഭൂരഹിതര്‍ക്കും മൂന്നു സെന്‍റ് ഭൂമി വീതം നല്‍കാന്‍ എണ്ണായിരം ഏക്കര്‍ വേണ്ടിവരുമെന്ന് മന്ത്രി വ്യക്തമാക്കി. റവന്യൂ വകുപ്പിന്റെ ലാന്‍ഡ് ബാങ്കില്‍ നിന്ന് ഇതിനകം 1500-ല്‍ അധികം ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. പരമാവധി പേര്‍ക്ക് സ്വന്തം ജില്ലയില്‍ തന്നെ ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്.

എന്നാല്‍ തിരുവനന്തപുരം പോലെ, അപേക്ഷകര്‍ ഏറെയുള്ള ജില്ലകളില്‍ ഇത് സാധ്യമാവില്ല. ഭൂമി വിതരണ നടപടി അടുത്തമാസം ആരംഭിക്കും. ഹോളോഗ്രാം പതിപ്പിച്ച പ്രമാണങ്ങളാണ് തയ്യാറാക്കുന്നത്. ഈ പദ്ധതി പ്രകാരം ഭൂമി ലഭിക്കുന്നവര്‍ക്ക് അടുത്ത 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ കഴിയില്ല. പവര്‍ ഓഫ് അറ്റോര്‍ണി മുഖേനയുള്ള ഭൂമി കൈമാറ്റവും തടയും ഇതിനായി പ്രത്യേക നിയമം കൊണ്ടുവരും. അധികാര പത്രം ഹാജരാക്കി ഭൂമി രജിസ്റ്റര്‍ ചെയ്താല്‍, പ്രമാണങ്ങള്‍ക്ക് പിന്നീട് സാധുത നഷ്ടപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിനുശേഷം ഇത്ര ബൃഹത്തായ പദ്ധതി ഒരു സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് ഇതാദ്യമായാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് തികച്ചും സൗജന്യമായി ലഭിക്കുന്ന ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടി സ്വീകരിക്കും. അവികസിത സംസ്ഥാനങ്ങളിലെ പാവങ്ങള്‍ക്ക് പതിനഞ്ച് സെന്‍റ് ഭൂമിയും വീടും സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്ര പദ്ധതിയുണ്ട്. ഈ പദ്ധതി സംസ്ഥാനത്തിനും ലഭ്യമാക്കാന്‍ ശ്രമം നടത്തും. കേന്ദ്രസഹായം ലഭിച്ചാല്‍ കൂടുതല്‍ വേഗത്തില്‍ 'ഭൂരഹിതരില്ലാത്ത കേരളം 'പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.


Other News in this section
അധികൃതര്‍ മദ്യത്തിനും സോളാറിനും പിറകേ; മലയാളിക്ക് രക്ഷകരില്ലെന്ന് മോഹന്‍ലാല്‍
കോഴിക്കോട്: എങ്ങും മാലിന്യവും വിഷവും പടരുന്ന നമ്മുടെ ആവശ്യത്തേക്കുറിച്ച് ചോദിക്കാനും പറയാനും ആരുമില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അധികാരത്തിലിരിക്കുന്നവര്‍ക്ക് മദ്യം, സോളാര്‍, കോഴ തുടങ്ങിയ വിഷയങ്ങളുണ്ട്. അവരെ ഇതിനൊന്നും പ്രതീക്ഷിക്കേണ്ടെന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗിലെഴുതി. അന്റാര്‍ട്ടിക്ക യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സാഹചര്യങ്ങളെ വിലയിരുത്തുന്ന ..

Latest news