ഇന്ത്യയുടെ അണക്കെട്ടില്‍ വെള്ളം നിറയ്ക്കുന്നതിനെതിരെ പാകിസ്താന്‍

Published on  13 Aug 2012
ഇസ്‌ലാമാബാദ്: ജമ്മുകശ്മീരില്‍ പുതുതായി നിര്‍മിച്ച നിമൂ-ബാസ്‌ഗോ അണക്കെട്ടില്‍ വെള്ളംനിറയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ പാകിസ്താന്‍ രംഗത്തെത്തി. അണക്കെട്ടില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നത് സിന്ധുനദിയില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയാന്‍ കാരണമാകുമെന്നാണ് പാകിസ്താന്‍ പറയുന്നത്.

നിമൂ-ബാസ്‌ഗോ ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയായതായും വെള്ളം നിറയ്ക്കാന്‍ പോവുകയാണെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നു. തര്‍ക്കമുള്ള പദ്ധതിയായതിനാല്‍ അണക്കെട്ടില്‍ വെള്ളം നിറയ്ക്കരുതെന്ന് പാകിസ്താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി ജലസേചനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുകശ്മീരില്‍ ലേ ജില്ലയിലെ ആള്‍ച്ചി ഗ്രാമത്തിലാണ് 45 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്.

പാകിസ്താന്റെ സിന്ധു നദീജലകമ്മീഷണറായിരുന്ന ജമാത് അലി ഷായുടെ കഴിവുകേടുമൂലമാണ് പദ്ധതി നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കിയതെന്ന് ഇപ്പോഴത്തെ പാക് ഉദ്യോഗസ്ഥര്‍ പറയുന്നു. പാക് വാട്ടര്‍ ആന്‍ഡ് പവര്‍ ഡെവലപ്‌മെന്‍റ് അതോറിറ്റി സെക്രട്ടറി മുഹമ്മദ് ഇംത്യാസ് താജ്‌വാര്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിലാണ് അലി ഷായെ കുറ്റപ്പെടുത്തിട്ടുള്ളത്. നിമൂ - ബാസ്‌ഗോ പദ്ധതിയില്‍ ഒരു മൂന്നാംകക്ഷിയെ മധ്യസ്ഥനായി കൊണ്ടുവരാന്‍പോലും അദ്ദേഹത്തിന് സാധിച്ചില്ലെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അലി ഷാ നിഷേധിച്ചു. ജലസേചനപദ്ധതി പാകിസ്താന് ദോഷകരമാവില്ലെന്ന ഇന്ത്യയുടെ അവകാശത്തെ താന്‍ എതിര്‍ത്തിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് 2002 മുതല്‍ ആവശ്യപ്പെട്ടിട്ടും 2006 ഡിസംബര്‍വരെ ഇന്ത്യ നല്‍കിയില്ലെന്നും പാകിസ്താന്‍ ആരോപിച്ചു.

 

 

 

 

 

Latest news