
ഹൈദരാബാദ്: 2009-ല്‍ കൊല്ലപ്പെടുന്നതിനുമുമ്പ് എല്‍.ടി.ടി.ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരനെ സുരക്ഷിതനായി മലേഷ്യയിലേക്കു കടത്താന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും ഡി.എം.കെ. അധ്യക്ഷന്‍ എം. കരുണാനിധിയും ശ്രമിച്ചതിനെപ്പറ്റി സി.ബി.ഐ. അന്വേഷണം വേണമെന്ന് ജനതാപാര്‍ട്ടി അധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.
ഇത്തരമൊരു ശ്രമം നടത്തുന്നതിന് എല്‍.ടി.ടി.ഇ.യെ ചിദംബരവും കരുണാനിധിയും പ്രോത്സാഹിപ്പിച്ചതായി പ്രഭാകരന്റെ വിശ്വസ്തനായിരുന്ന കെ. പദ്മനാഭനെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം ഈയിടെ വെളിപ്പെടുത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊല്ലാന്‍ ചരടുവലിച്ച ആളാണ് പ്രഭാകരന്‍. അയാളെ രക്ഷിക്കാന്‍ ശ്രമിച്ചത് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നോ എന്ന് ചിദംബരം വ്യക്തമാക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടു. സി.ബി.ഐ. അന്വേഷണത്തിന് യു.പി.എ. സര്‍ക്കാര്‍ തയ്യാറാവാതിരുന്നാല്‍ ഇതിനായി കോടതിയെ സമീപിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പത്രലേഖകരോടു പറഞ്ഞു.
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസം സോണിയാഗാന്ധി പാര്‍ലമെന്‍റില്‍ നടത്തിയ പ്രകടനം അപലപനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുന്നതിന് കോണ്‍ഗ്രസ് എം.പി.മാരെ പ്രകോപിപ്പിക്കുകയാണ് സോണിയ ചെയ്തത്. പാര്‍ലമെന്‍റിന്റെ അന്തസ്സിന് നിരക്കാത്തവിധം പെരുമാറിയ സോണിയ മാപ്പു പറയണമെന്നും സ്വാമി ആവശ്യപ്പെട്ടു.
രണ്ടാം യു.പി.എ. സര്‍ക്കാര്‍ അവിശുദ്ധമാണെന്ന അദ്വാനിയുടെ പരമാര്‍ശം പാര്‍ലമെന്‍റില്‍ കോളിളക്കമുണ്ടാക്കിയിരുന്നു.